
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി ജി വിദ്യാർത്ഥിനിയായിരുന്ന ഡോ. ഷഹന സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. പ്രശസ്ത ക്രിമിനൽ അഭിഭാഷകനും മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുമായ എം സലാഹുദ്ദീനെയാണ് കേസ് നടത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്. അമ്പലമുക്ക് വിനീത വധക്കേസിൽ പ്രതിക്ക് വധശിക്ഷ വാങ്ങി നൽകുന്നതിലും നിരവധി കേസുകളിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് ഇദ്ദേഹം. മലയിൻകീഴ് ഇരട്ടക്കൊലപാതക കേസിലും ഇദ്ദേഹമാണ് നിലവിൽ പ്രത്യേക പ്രോസിക്യൂട്ടറായി പ്രവർത്തിക്കുന്നത്.
2023 ഡിസംബർ നാലിനാണ് തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ ഫ്ലാറ്റിൽ ഡോ. ഷഹനയെ ഉയർന്ന അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹ്നയുടെ സഹപ്രവർത്തകനും പി ജി അസോസിയേഷൻ മുൻ ഭാരവാഹിയുമായിരുന്ന ഡോ. ഇ എ റുവൈസാണ് കേസിലെ ഏക പ്രതി. വിവാഹത്തിനായി റുവൈസിന്റെ കുടുംബം 150 പവൻ സ്വർണ്ണവും ഒരേക്കർ ഭൂമിയും ബി എം ഡബ്ല്യു കാറും ആവശ്യപ്പെട്ടതായാണ് പരാതി. സ്ത്രീധനം നൽകാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറുകയും സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് ഷഹ്നയെ പരിഹസിക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
സ്ത്രീധന പീഡനം കാരണം ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. പ്രതിക്ക് നിലവിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും, പ്രഗത്ഭനായ പ്രോസിക്യൂട്ടറെ നിയമിച്ചതോടെ വിചാരണ നടപടികൾ വേഗത്തിലാകുമെന്നും ഷഹ്നയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.