18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

കേരള സർവകലാശാലയിൽ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവം; വീണ്ടും പരീക്ഷ നടത്താൻ തീരുമാനം

Janayugom Webdesk
തിരുവനന്തപുരം
April 1, 2025 3:08 pm

തിരുവനന്തപുരം: എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ അധ്യാപകന്റെ കൈയിൽ നിന്ന് നഷ്ടമായ സംഭവത്തിൽ 71 വിദ്യാർത്ഥികൾക്കായി കേരള സർവകലാശാല രണ്ടുദിവസങ്ങളിലായി പ്രത്യേക പരീക്ഷ നടത്തും. ആദ്യപരീക്ഷ ഏഴിനും രണ്ടാംപരീക്ഷ 22നും നടക്കുമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഇന്നലെ ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഴിന് പരീക്ഷയെഴുതാൻ കഴിയാത്തവർക്കാണ് 22ന് അവസരം. രാവിലെ 9.30 മുതൽ 12.30 വരെയാണ് പരീക്ഷ. 

പരീക്ഷ എവിടെ എഴുതണമെന്നത് വിദ്യാർത്ഥിക്ക് തീരുമാനിക്കാം. പരീക്ഷ നടത്തി മൂന്നു ദിവസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിക്കും. പരീക്ഷ വീണ്ടും നടത്തരുതെന്ന വാദം അംഗീകരിക്കാനാകില്ല. ഇത് ഭാവിയിൽ വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യില്ല. മുൻ സെമസ്റ്ററുകളിലെ പരീക്ഷാ ഫലത്തിന്റെ ശരാശരി അടിസ്ഥാനമാക്കി ഫലം പ്രസിദ്ധീകരിക്കാനാകില്ല. തോറ്റ കുട്ടികൾക്ക് ഇത് പ്രതികൂലമാകും. എന്നാൽ പരീക്ഷ നടത്തരുതെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.
ജനുവരി 12നാണ് ബൈക്ക് യാത്രയ്ക്കിടെ പൂജപ്പുര ഐസിഎമ്മിലെ അധ്യാപകന്റെ കൈയിൽനിന്ന് ഉത്തരക്കടലാസ് കെട്ട് പാലക്കാട് വച്ച് നഷ്ടമായത്. പിറ്റേന്ന് പൊലീസിൽ പരാതിപ്പെട്ടു. പരാതിയുടെ പകർപ്പടക്കം രേഖാമൂലം സർവകലാശാലയെ അറിയിക്കുകയും ചെയ്തു. പ്രോജക്ട് ഫിനാൻസ് പരീക്ഷയുടെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ വന്ന കേസിൽ വിദേശത്തുള്ള വിദ്യാർത്ഥി നാട്ടിലെത്തുന്നയുടൻ പുനഃപരീക്ഷ നടത്താനാണ് ജസ്റ്റിസ് മുഷ്താഖ് ഉത്തരവിട്ടത്. 

പരീക്ഷാ നടത്തിപ്പ് ഡിജിറ്റലാക്കും

കേരള സർവകലാശാല പരീക്ഷാ നടത്തിപ്പ് ഒരു വർഷത്തിനുള്ളിൽ പൂര്‍ണമായും ഡിജിറ്റലാക്കും. പരീക്ഷാ വിഭാഗത്തെ നിരീക്ഷിക്കാൻ പ്രത്യേക മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ഇതോടെ ഉത്തരക്കടലാസ് വീട്ടിൽ കൊണ്ടുപോയി മൂല്യനിർണയം നടത്തേണ്ടതില്ല. എംബിഎ പോലെയുള്ള കോഴ്സുകളിൽ പരീക്ഷാ മൂല്യനിർണയം നടത്താൻ അധ്യാപകരില്ലെന്ന പ്രതിസന്ധിയുണ്ട്. സ്വാശ്രയ കോളജുകളിലെ അധ്യാപകർക്ക് മൂല്യനിർണയത്തിന് നേരത്തെ അനുവദിച്ചതുപോലെ തുക നൽകുമെന്നും വിസി പറഞ്ഞു. എൻജിനീയറിങ് പരീക്ഷാ മൂല്യനിർണയത്തിന് കന്യാകുമാരിയിൽ നിന്നടക്കം അധ്യാപകരെ എത്തിക്കാനാണ് തീരുമാനമെന്നും വിസി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.