മണിപ്പുരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌ത സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ഉടൻ നടപടിയെടുക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദ്ദേശം നൽകി. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിക്ക് നടപടി എടുക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുന്നറിയിപ്പ് നല്‍കി.
വര്‍ഗീയ കലാപം നടക്കുന്ന സ്ഥലത്ത് സ്ത്രീയെ ഇരയാക്കി ലൈംഗീക അതിക്രമം നടത്തുന്നത് അനുവദിക്കാനാകില്ലെന്നും. കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടി സര്‍ക്കാര്‍ എടുത്തുവെന്ന് ഒരാഴ്ചയ്ക്കകം കോടതിയെ അറിയണമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.
അതിനിടെ രാജ്യത്തെ നാണംകെടുത്തിയ ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ അറസ്റ്റുചെയ്തു. ഹെറാ ദാസ് എന്നയാളാണ് പിടിയിലായത്. തൗബാല്‍ ജില്ലയില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടര മാസം മുമ്പാണ് ഈ അതിക്രമം നടന്നത്. എന്നാല്‍ ഇതിന്റെ വീഡിയോ ഇന്നലെയാണ് പുറത്തുവന്നത്.
മെയ് നാലിനായിരുന്നു സംഭവം നടന്നത്. രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുന്നതാണ് വീഡിയോയില്‍. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായതായി കുക്കി ഗോത്ര സംഘടന ആരോപിച്ചിരുന്നു. ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇന്‍ഡീജീനിയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐടിഎല്‍എഫ്) പുറത്തിറക്കിയ പ്രസ്താവനയില്‍ വിവരിച്ചു.
മെയ്‌തേയി വിഭാഗത്തിലുള്ളവരാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് ആരോപണം. നിസഹായകരായ സ്ത്രീകളെ മെയ്‌തേയി വിഭാഗത്തിലുള്ളവര്‍ ഉപദ്രവിക്കുന്നത് വീഡിയോയിലുണ്ടെന്നും ട്രൈബല്‍ ലീഡേഴ്സ് ഫോറം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി.
സംഭവത്തിൽ പ്രതികരിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങും രംഗത്ത് വന്നു. അതിനിടെ മൂന്ന് മാസത്തോളമായി തുടരുന്ന മണിപ്പൂർ കലാപത്തിൽ നാവനക്കാതിരുന്ന പ്രധാനമന്ത്രി ഒടുവിൽ പ്രതികരിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന ലൈംഗികാതിക്രമ വീഡിയോയുടെ പശ്ചാത്തലത്തിൽ മാത്രമായിരുന്നു മോഡിയുടെ പ്രതികരണം. എന്നാല്‍ മണിപ്പൂരിൽ തുടരുന്ന കലാപത്തെപ്പറ്റി മോഡി പ്രതികരിച്ചതുമില്ല.
English Summary: Incident of rape of women in Manipur; Supreme Court wants immediate action
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.