
ഡല്‍ഹി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദ്ദിച്ച എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഓഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റ് വീരേന്ദർ സെജ്‌വാളിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ വെച്ചാണ് വീരേന്ദർ സെജ്‌വാൾ, അങ്കിത് ധവാനെ മർദിച്ചത്. ഡിസംബർ 19 ന് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ അങ്കിത് ദിവാനും കുടുംബവും സെക്യൂരിറ്റി പരിശോധനയ്ക്കായി കാത്തുനിൽക്കുമ്പോഴാണ് സംഭവം.
നാല് മാസം പ്രായമുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നതിനാൽ വിമാനത്താവള അധികൃതർ ഇവരെ ജീവനക്കാർക്കുള്ള വരിയിലൂടെ പോകാൻ നിർദ്ദേശിച്ചു. എന്നാൽ പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാർ തങ്ങളെ മറികടന്ന് പോകുന്നത് അങ്കിത് ചോദ്യം ചെയ്തതോടെ തർക്കം ആരംഭിക്കുകയായിരുന്നു. തർക്കത്തിനിടെ പൈലറ്റ് വീരേന്ദർ സെജ്‌വാൾ അങ്കിതിനെ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തു. ആക്രമണത്തിൽ അങ്കിതിന്റെ മൂക്കിലും വായിലും മുറിവേറ്റ്, രക്തം വന്നു. തന്റെ ഏഴ് വയസ്സുകാരിയായ മകളുടെ മുന്നിൽ വെച്ചാണ് പൈലറ്റ് മർദ്ദിച്ചതെന്നും സംഭവം മകൾക്ക് വലിയ മാനസികാഘാതമായെന്നും അങ്കിത് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. മർദിച്ച പൈലറ്റിൻ്റെ ചിത്രവും എക്‌സിലൂടെ പങ്കുവച്ചു,
താൻ മർദ്ദനമേറ്റു കിടക്കുമ്പോൾ പരാതി നൽകിയാൽ വിമാനം നഷ്ടപ്പെടുമെന്നും അതിനാൽ പരാതി നൽകുന്നില്ലെന്ന് എഴുതി ഒപ്പിട്ടു നൽകാൻ താൻ നിർബന്ധിതനായെന്നും അങ്കിത് നേരത്തെ ആരോപിച്ചിരുന്നു. പിന്നീട് ഇദ്ദേഹം ഇമെയിൽ വഴി പരാതി നൽകിയതോടെയാണ് ദില്ലി പൊലീസ് കേസെടുത്തത് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 115 (മനഃപൂർവം പരിക്കേൽപ്പിക്കുക), 126 (നിയമവിരുദ്ധമായി തടഞ്ഞുവെക്കുക), 351 (ക്രിമിനൽ ഭീഷണി) കുറ്റങ്ങളാണ് കേസിൽ ചുമത്തിരിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.