23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

ഡല്‍ഹിയില്‍ അക്രമസംഭവങ്ങള്‍ വര്‍ധിച്ചു;ഗുണ്ടാ തലസ്ഥാനം

ക്രമസമാധാന പരിപാലനം പൂര്‍ണമായും തകര്‍ന്നെന്ന് മുഖ്യമന്ത്രി അതിഷി 
Janayugom Webdesk
ന്യൂഡൽഹി
November 20, 2024 11:17 pm

രാജ്യതലസ്ഥാനമായ ഡല്‍ഹിയെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഗുണ്ടാ തലസ്ഥാനമാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി അതിഷി. വായുമലിനീകരണവുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്ന ഡല്‍ഹിയിലെ ക്രമസമാധാന പരിപാലനം പൂര്‍ണമായും തകര്‍ന്നെന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞയാഴ്ച വടക്കുകിഴക്കൻ ഡൽഹിയിലെ സുന്ദർ നഗരിയിൽ ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ട 28കാരന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു അതിഷിയുടെ കടന്നാക്രമണം. 15നായിരുന്നു സുന്ദർ നഗരിയിൽ ഗുണ്ടാ ആക്രമണത്തില്‍ 28കാരന്‍ കൊല്ലപ്പെട്ടത്. മരിച്ചയാളുടെ കുടുംബത്തിന് ഡൽഹി സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അവർ അറിയിച്ചു. ദേശീയ തലസ്ഥാനത്ത് ക്രമസമാധാന നില വഷളായിരിക്കുന്നു. കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ല. കൊള്ളക്കാരും ഗുണ്ടകളും ആരെയും ഭയക്കാതെ വിലസുന്നു. അവർക്ക് വെടിവയ്ക്കാനും ആരെവേണമെങ്കിലും കൊല്ലാനും കുത്താനും സാധിക്കുന്നു. പക്ഷേ പൊലീസ് ഒന്നും ചെയ്യില്ല. അതേസമയം പൗരന്മാര്‍ കുറ്റവാളികളെയും അമിത് ഷായുടെ പൊലീസിനെയും ഭയന്നാണ് ജീവിക്കുന്നത്, അവര്‍ പറഞ്ഞു. അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത് ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. ഗോഗുല്‍ പുരിയില്‍ പെട്രോള്‍ പമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. സായുധരായ അക്രമികള്‍ 16 വട്ടമാണ് നിറയൊഴിച്ചത്. രണ്ടു ബൈക്കുകളിലായെത്തിയ നാല് അക്രമികളാണ് പമ്പിലെ ഓഫിസിനു നേരെ വെടിയുതിര്‍ത്തത്. 2020ലെ ഡല്‍ഹി കലാപത്തില്‍ അമിത് ഷായുടെ പൊലീസ് സ്വീകരിച്ച പക്ഷപാതപരമായ സമീപനം കോടതികളുടെ നിശിത വിമര്‍ശനത്തിനിടയാക്കിയിരുന്നു. പത്തിലധികം തവണയാണ് പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ അപൂര്‍ണവും പക്ഷപാതപരവുമാണെന്ന് കാട്ടി തിരിച്ചയച്ചത്. വര്‍ഗീയ കലാപത്തില്‍ പൊലീസിനെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി രാജ്യ തലസ്ഥാനത്തെ തീര്‍ത്തും അരക്ഷിത നഗരമാക്കി മാറ്റിയെന്നാണ് സമീപകാല സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. നവംബറില്‍ മാത്രം അര ഡസന്‍ കൊലപാതകങ്ങളും പതിനഞ്ചിലധികം വെടിവയ്പുകളും നഗരത്തില്‍ നടന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.