രാജ്യത്തെ നികുതിദായകര്‍ക്ക് ഇരുട്ടടിയായി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ആദായ നികുതി ബില്‍ അവതരിപ്പിക്കുമെന്ന് സൂചന. ചരക്ക് സേവന നികുതിക്ക് തുല്യമായി ഡയറക്ട് ടാക്സ് കോഡ് നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് ആദായനികുതി പരിഷ്കരണം. കരട് നിയമം നിയമ മന്ത്രാലയം പരിശോധിച്ചുവരികയാണ്.
നിലവിലുള്ള നിയമത്തിലെ ഭേദഗതിയായിരിക്കില്ല, പുതിയ നിയമമായിരിക്കും അവതരിപ്പിക്കുക. ആദായനികുതി നിരക്കുകൾക്കൊപ്പം മൂലധന നേട്ട നികുതിയിലും വന്‍ പരിഷ്കരണം കടന്നുവരാന്‍ സാധ്യതയുണ്ടെന്ന് സൂചനകള്‍ പുറത്തുവന്നു. എന്നാല്‍ മൂലധന നേട്ടം സജീവ വരുമാനത്തിന് തുല്യമായി പരിഗണിക്കാനുള്ള നീക്കം ഏറെ വിനാശകരമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് ദീർഘകാല നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഒരു വർഷത്തിൽ താഴെ കൈവശം വച്ചിരിക്കുന്ന ആസ്തി വില്പനയിൽ നിന്നുള്ള ലാഭം ഹ്രസ്വകാല മൂലധന നേട്ടമായി (എസ്‌ടിസിജി) കണക്കാക്കുന്നു. കഴിഞ്ഞ ബജറ്റില്‍ ഇതിനുളള നികുതി 15 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കൂട്ടി. ഒരു വർഷത്തിൽ കൂടുതലുള്ള ആസ്തികളുടെ വില്പനയിൽ നിന്നുള്ള ലാഭം ദീർഘകാല മൂലധന നേട്ടമായി (എൽടിസിജി) പരിഗണിക്കുന്നു. ഇതിനുളള നികുതി 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായും ബജറ്റില്‍ ഉയർത്തിയിരുന്നു.
12.5 ശതമാനം എന്ന നികുതി അസാധാരണമാണെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ അല്ലെങ്കില്‍ പുതിയ ആദായനികുതി നിയമത്തിലൂടെ ഇത് 15 ശതമാനമായി ഉയര്‍ത്തിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഈ നടപടി നിക്ഷേപകർക്ക് ഉയർന്ന നികുതിഭാരം, മൂലധന രൂപീകരണം കുറയ്ക്കൽ, വിപണിയിലെ ചാഞ്ചാട്ടം എന്നിവയിലേക്ക് നയിച്ചേക്കാം. നിലവിലെ രീതിയില്‍ നല്‍കിവരുന്ന മുൻഗണന ആസ്തി മൂല്യങ്ങളിലെ പണപ്പെരുപ്പത്തിന്റെ ആഘാതം നികത്താൻ സഹായകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961ലെ ആദായ നികുതി നിയമത്തിന്റെ സമഗ്രമായ പുനഃപരിശോധന ആറ് മാസത്തിനുള്ളിലുണ്ടാകുമെന്ന് നേരത്തെ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്റെ ജൂലൈ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഭാഷയുടെ ലഘൂകരണം, വ്യവഹാരം കുറയ്ക്കൽ, അനാവശ്യ/കാലഹരണപ്പെട്ട വ്യവസ്ഥകൾ ഒഴിവാക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ഈ മാസം 31 മുതല്‍ ഏപ്രില്‍ നാല് വരെയാണ് ബജറ്റ് സമ്മേളനം.
അവലോകനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും നിയമം സംക്ഷിപ്തവും വ്യക്തവുമാക്കാനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ഒരു ആന്തരിക സമിതി രൂപീകരിച്ചിരുന്നു. നിയമത്തിന്റെ വിവിധ വശങ്ങള്‍ അവലോകനം ചെയ്യുന്നതിനായി 22 പ്രത്യേക ഉപസമിതികളും രൂപീകരിച്ചു. ആദായനികുതി വകുപ്പിന് വിവിധ മേഖലകളില്‍ നിന്ന് 6,500 നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. വ്യക്തിഗത ഐടി, കോർപറേറ്റ് നികുതി, സെക്യൂരിറ്റീസ് ഇടപാട് നികുതി, ഗിഫ്റ്റ്, വെൽത്ത് ടാക്സ് എന്നിവയ്ക്ക് പുറമേ നേരിട്ടുള്ള നികുതിയും കൈകാര്യം ചെയ്യുന്ന ആദായനികുതി നിയമം 1961ൽ നിലവിൽ 298 വിഭാഗങ്ങളും 23 അധ്യായങ്ങളുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.