15 November 2024, Friday
KSFE Galaxy Chits Banner 2

കോവിഡ് മരണക്കണക്കില്‍ പൊരുത്തക്കേട് യഥാര്‍ത്ഥ മരണം പത്തിരട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
January 19, 2022 9:46 pm

രാജ്യത്തെ കോവിഡ് മരണ കണക്കുകളിൽ പൊരുത്തക്കേട്. വിവിധ സംസ്ഥാനങ്ങൾ പുറത്തുവിട്ടതിനെക്കാൾ ഒമ്പത് ഇരട്ടിവരെ അധികമാണ് യഥാർത്ഥ കോവിഡ് മരണമെന്നാണ് സൂചന.കോവിഡ് മരണ നഷ്ടപരിഹാരത്തിനായി സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ നൽകിയ കണക്കും നേരത്തെ പുറത്തുവിട്ട കണക്കും തമ്മിലാണ് വലിയ അന്തരം. ഇന്ത്യയിൽ കോവിഡ് കാരണം മരിച്ചവരുടെ ആകെ എണ്ണം സർക്കാർ കണക്കിൽ 4,87,202 ആണ്. എന്നാൽ ഇതിന്റെ പത്തിരട്ടി വരെയാകാം മരണം എന്ന പഠനങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
ചില സംസ്ഥാനങ്ങളിലെ ഔദ്യോഗികരേഖകളിലെ കണക്കുകളേക്കാള്‍ ഒമ്പത് ഇരട്ടിവരെ അധികമാണ് ഇന്നലെ സുപ്രീംകോടതിയില്‍ നല്‍കിയ രേഖകളിലെ മരണങ്ങള്‍. ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ 10,094 മരണങ്ങളാണ് സംസ്ഥാന സർക്കാരിന്റെ കണക്ക് പ്രകാരം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 89,633 അപേക്ഷകൾ ലഭിച്ചു. ഇതിൽ 58,843 അപേക്ഷകർക്ക് നഷ്ടപരിഹാരം നൽകിയതായും സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാകുന്നു. ബിഹാറിലെ മരണക്കണക്കുകളെ അവിശ്വസനീയമെന്നായിരുന്നു സുപ്രീംകോടതി ഇന്നലെ വിശേഷിപ്പിച്ചത്.

തെലങ്കാനയിൽ ഔദ്യോഗിക രേഖകളിലെ മരണം 3,993 ആണെങ്കിലും നഷ്ടപരിഹാരം നൽകിയത് 12,148 പേർക്കാണ്. തമിഴ്‌നാട്ടിൽ സര്‍ക്കാര്‍ കണക്ക് പ്രകാരം മരണം 36,825. ലഭിച്ച 57,147 അപേക്ഷകളിൽ സംസ്ഥാനം 41,131 പേർക്ക് നഷ്ടപരിഹാരം നൽകി. നേരത്തെ മുഖം സംരക്ഷിക്കാൻ കോവിഡ് മരണങ്ങൾ കുറച്ചുകാട്ടിയാണ് സംസ്ഥാനങ്ങൾ കണക്കുകൾ പുറത്തുവിട്ടിരുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഔദ്യോഗികമായി മരണം 1,41,737 ആണ്. എന്നാല്‍ ധനസഹായത്തിനായി 2,13,890 അപേക്ഷകള്‍ എത്തി. സര്‍ക്കാര്‍ കണക്കില്‍ 22,928 കോവിഡ് മരണങ്ങളുള്ള ഉത്തർപ്രദേശ് നിലവില്‍ 29,141 പേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 33,958 അപേക്ഷകളാണ് എത്തിയത്. ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കണക്കുകള്‍ക്കും ഈ രീതിയില്‍ വ്യത്യാസമുണ്ട്. ഇന്ത്യയിലെ മരണസംഖ്യ കുറച്ചുകാണിക്കുന്നതായി നേരത്തെ ബിബിസി ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോവിഡ് നഷ്ടപരിഹാരം അപേക്ഷ കേരളത്തില്‍ കുറവ്

കോവിഡ് മരണ നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കേരളത്തില്‍ എന്തുകൊണ്ടാണ് കുറവെന്ന് സുപ്രീം കോടതി. അപേക്ഷ നല്‍കാത്തവരുടെ വീടുകളില്‍ എത്തി നഷ്ടപരിഹാരത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിക്കണം. ഇതുവരെ അപേക്ഷ നല്‍കിയവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാര വിതരണം തൃപ്തികരമല്ലാത്ത സംസ്ഥാനങ്ങളില്‍, സംസ്ഥാന ജില്ലാ തലങ്ങളിലുള്ള ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സേവനം വിനിയോഗിക്കാനും കോടതി തീരുമാനിച്ചു.

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജനുവരി പത്തുവരെ സംസ്ഥാനത്ത് 49,300 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 27,274 പേരുടെ ബന്ധുക്കള്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കി. ഇതില്‍ 23,652 പേരുടെ ബന്ധുക്കള്‍ക്ക് അരലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളിലും സര്‍ക്കാരുകളുടെ ഔദ്യോഗിക കണക്കുകളില്‍ ഉള്ള കോവിഡ് മരണത്തെക്കാളും കൂടുതല്‍ പേര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ജസ്റ്റിസ് എം ആര്‍ ഷാ ചൂണ്ടിക്കാട്ടി.

നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാത്തവരുടെ വീടുകളില്‍ ജില്ലാ, താലൂക്ക് തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിശദീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ലഭിക്കുന്ന അപേക്ഷകളില്‍ അടിയന്തരമായി തീരുമാനം എടുക്കണം. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കാനും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

eng­lish summary;Inconsistency in covid mor­tal­i­ty rate
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.