2024 കടന്നുപോയത് രാജ്യത്തെ വര്‍ഗീയ കലാപത്തില്‍ സര്‍വകാല റെക്കോഡുമായി. കഴിഞ്ഞ വര്‍ഷം വര്‍ഗീയ കലാപം 84 ശതമാനം വര്‍ധിച്ചതായി സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സെസൈറ്റി ആന്റ് സെക്യുലറിസം (സിഎസ്എസ്എസ് ) റിപ്പോര്‍ട്ട്. മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ടുള്ള കലാപമാണ് ഏറെയും നടന്നത്. മത ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് വര്‍ഗീയ‑സാമുദായിക സംഘര്‍ഷങ്ങള്‍ ഏറെയും അരങ്ങേറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2023ല്‍ 32 വര്‍ഗീയ സംഘര്‍ഷം നടന്ന സ്ഥാനത്ത് 59 കലാപങ്ങളാണ് കഴിഞ്ഞവര്‍ഷം അരങ്ങേറിയത്. ഇതില്‍ 49 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു. വര്‍ഗീയ കലാപങ്ങളില്‍ രാജ്യത്ത് 13 മരണങ്ങളുണ്ടായി. ഇതില്‍ പത്ത് പേര്‍ മുസ്ലിങ്ങളായിരുന്നു. മൂന്നു ഹിന്ദുക്കളും വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടതായി സിഎസ്എസ്എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മഹാരാഷ്ട്രയാണ് മുന്‍പന്തിയില്‍. ഏഴ് കേസുകളുമായി ഉത്തര്‍പ്രദേശും ബിഹാറും പിന്നാലെയുണ്ട്.
കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏഴും, തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളില്‍ മൂന്നു കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രാജ്യം വര്‍ഗീയ കലാപ മുക്തമാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം നിലനില്‍ക്കെയാണ് കലാപം 84 ശതമാനം വര്‍ധിച്ചത്. ദേശീയ മാധ്യമങ്ങളായ ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ്, ഷാഫത്, ദി ഇന്‍ക്വിലാബ് തുടങ്ങിയവരുടെ റിപ്പോര്‍ട്ടാണ് സിഎസ്എസ്എസ് അടിസ്ഥാനമാക്കിയിരിക്കുന്നത്. മനഷ്യാവകാശ പ്രവര്‍ത്തകരായ ഇര്‍ഫാന്‍ എന്‍ജിനീയര്‍, മിഥില റൗത്ത്, നേഹ ദാബ്ഡെ എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മതപരമായ ആഘോഷ വേളകളിലാണ് 26 കലാപങ്ങള്‍ നടന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ജനുവരിയിലെ അയോധ്യ പ്രാണപ്രതിഷ്ഠ, ഫെബ്രുവരിയില്‍ നടന്ന സരസ്വതി പൂജ, ഗണേശ ചതുര്‍ത്ഥി, ബക്രീദ് തുടങ്ങിയ ആഘോഷ വേളകളിലാണ് ഏറിയ പങ്ക് കലാപവും നടന്നത്. ആരാധനാലയ തര്‍ക്കം വര്‍ഗീയ കലാപത്തിലേക്ക് നയിച്ച ആറു കേസുകളും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുസ്ലിം പള്ളികളില്‍ ക്ഷേത്ര അവശിഷ്ടം കണ്ടെത്തിയെന്ന അവകാശവാദത്തിന് പിന്നാലെയാണ് ഇത്തരം കലാപങ്ങള്‍ അരങ്ങേറിയത്. വിദ്വേഷ പ്രസംഗം, ആള്‍ക്കൂട്ട കൊലപാതകം, ഗോസംരക്ഷണ പ്രവര്‍ത്തകരുടെ അതിക്രമം എന്നിവയും വര്‍ഗീയ കലാപത്തിന് ആക്കം വര്‍ധിപ്പിച്ചുവെന്നും സിഎസ്എസ്എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യന്‍, മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും മുന്‍വര്‍ഷം റെക്കോഡ് ആക്രമണമുണ്ടായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.