കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയെ സാക്ഷിയാക്കി ഭരണത്തിന്റെ പോരായ്മകള്‍ ജുഡീഷ്യറിക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധിക്ക് ചീഫ് ജസ്റ്റിസ് അടിവരയിട്ടത്.
നിയമവും ഭരണഘടനയും അനുശാസിക്കും വിധം ഭരണകൂടങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ പരമാവധി കേസുകള്‍ ഉണ്ടാകില്ല. ഭരണ പരാജയങ്ങളാണ് കോടതികള്‍ക്ക് മുന്നിലേക്ക് പരാതികളുമായി ജനങ്ങള്‍ എത്താന്‍ ഇടയാക്കുന്നത്. പരാതിയുമായി തഹസീല്‍ദാരെ സമീപിക്കുന്നയാള്‍ക്ക് തര്‍ക്ക പരിഹാരമുണ്ടായാല്‍ കോടതിയിലെത്തേണ്ടിവരില്ല. നിയമപരമായി റവന്യു അധികൃതര്‍ ഭൂമി ഏറ്റെടുക്കുന്ന പക്ഷം പരാതികള്‍ കോടതിയിലെത്തില്ല. ബന്ധപ്പെട്ട നിയമങ്ങള്‍, സീനിയോരിറ്റി, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ പാലിക്കപ്പെട്ടാല്‍ തര്‍ക്കത്തിനോ പരാതിക്കോ ഇടമില്ല. പൊലീസ് അന്വേഷണം സുതാര്യമെങ്കില്‍ നിയമ വിരുദ്ധമായ അറസ്റ്റും തുടര്‍ന്നുള്ള പീഡനവും സംബന്ധിച്ചുള്ള പരാതികള്‍ ഉയരില്ല.
കോടതികള്‍ ഉത്തരവുകള്‍ നല്‍കിയാലും ഭരണ തലത്തില്‍, പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവ് അത് നടപ്പാക്കാന്‍ താല്പര്യം കാണിക്കാറില്ലെന്ന വിമര്‍ശനവും ചീഫ് ജസ്റ്റിസ് മുന്നോട്ടുവച്ചു. കോടതി നിര്‍ദേശങ്ങളും ഉത്തരവുകളും പാലിക്കാന്‍ ഭരണകൂടങ്ങള്‍ കാലതാമസം വരുത്തുന്നതോ വിസമ്മതിക്കുന്നതോ മൂലമാണ് കോടതി അലക്ഷ്യ കേസുകള്‍ ഉയരാന്‍ കാരണമെന്നും ജസ്റ്റിസ് രമണ ഓര്‍മ്മപ്പെടുത്തി.
ജനാധിപത്യത്തിലെ ഓരോ അവയവത്തിനും നൽകിയിട്ടുള്ള അധികാരങ്ങളുടെ ലക്ഷ്മണ രേഖയെ കുറിച്ച് ജഡ്ജിമാരെയും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന കോടതികള്‍ പ്രാദേശികഭാഷയിലേക്ക് മാറേണ്ട സമയമായിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
ജുഡീഷ്യറിയും നിയമ നിര്‍മ്മാണ സഭകളും യോജിച്ച് പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ രാജ്യം മുന്നേറൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ജുഡീഷ്യറിയും നിയമ നിര്‍മ്മാണ സഭകളും യോജിച്ചാല്‍ നീതിന്യായ വ്യവസ്ഥയുടെ ഫലപ്രദവും സമയബന്ധിതവുമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കുമെന്നും മോഡി പറഞ്ഞു.
രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 58 ലക്ഷം. വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ ആദരിക്കാന്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കണക്കുകള്‍ പുറത്തുവിട്ടത്.
42 ലക്ഷം സിവില്‍ കേസുകളും 16 ലക്ഷം ക്രിമിനല്‍ കേസുകളും കെട്ടിക്കിടക്കുന്നവയില്‍ ഉള്‍പ്പെടുന്നു. വിചാരണ കോടതികളില്‍ 24,000 ജഡ്ജിമാരും ഹൈക്കോടതികളില്‍ 650 ജഡ്ജിമാരുമാണുള്ളത്. വിചാരണ കോടതികളില്‍ 30 വര്‍ഷത്തിലേറെ പഴക്കമുള്ള കേസുകളും ഹൈക്കോടതികളില്‍ 10–15 വര്‍ഷം പഴക്കമുള്ള കേസുകളും തീര്‍പ്പിനായുണ്ടെന്നും എജി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
English Summary:Increasing litigation; State failure
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.