28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 25, 2024
September 24, 2024
September 24, 2024
September 23, 2024
September 23, 2024
September 22, 2024
September 21, 2024
September 21, 2024
September 20, 2024

സൂപ്പര്‍ 8ല്‍ ഇന്ത്യ‑അഫ്ഗാനിസ്ഥാന്‍ മത്സരം ഇന്ന്

Janayugom Webdesk
ബാര്‍ബഡോസ്
June 20, 2024 4:09 pm

ഗ്രൂപ്പ് ഘട്ടത്തിലെ വെല്ലുവിളികളെ അനായാസം മറികടന്ന് ഇന്ത്യ സൂപ്പര്‍ 8 പോരിനിറങ്ങുന്നു. അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് മത്സരം.
ടി20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയില്‍ അപരാജിത കുതിപ്പ് നടത്തിയാണ് രോഹിത് ശര്‍മയും സംഘവും അവസാന എട്ടു ടീമുകളിലൊന്നായി മാറിയത്. ആദ്യ മൂന്ന് കളികളിലും എതിരാളികളെ 100 പോലും കടക്കാന്‍ വിടാതിരുന്ന അഫ്­ഗാന്‍ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനോട് കനത്ത തോല്‍വി വഴങ്ങിയാണ് സൂപ്പര്‍ 8 പോരാട്ടത്തിന് ഇറങ്ങുന്നത്. 15ന് കാനഡയ്ക്കെതിരെ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ടൂർണമെന്റിനിടെ ഇന്ത്യക്ക് ഒരാഴ്ച അവധി ലഭിച്ചിരുന്നു. 

ന്യൂയോർക്കിലെ നാസൗ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പേസ് പിച്ചിലായിരുന്നു ഇന്ത്യയുടെ ആദ്യ മൂന്ന് മത്സരങ്ങളും. ഇവിടെനിന്ന് സ്പിന്നർമാർക്ക് ആധിപത്യമുള്ള വെസ്റ്റിൻഡീസിലെ പിച്ചിലേക്ക് വരുമ്പോൾ ടീമിന്റെ ബോളിങ് നിരയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാം. മൂന്ന് പേസർമാരും രണ്ടു സ്പിന്നർമാരുമായാണ് ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യ ഇറങ്ങിയത്. വെസ്റ്റിൻഡീസിലേക്ക് വരുമ്പോൾ രണ്ട് പേസർ, മൂന്ന് സ്പിന്നർ എന്ന രീതിയിലേക്ക് മാറിയേക്കും. കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ എന്നിവരിൽ ഒരാൾ ആദ്യ ഇലവനിൽ എത്തും. പേസ് നിരയിലാണ് ഇന്ന് മാറ്റം പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ തിളങ്ങിയ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും പേസര്‍മാരായി തുടരുമ്പോള്‍ മുഹമ്മദ് സിറാജ് ഇന്ന് പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താവും. കെന്‍സിങ്ടണ്‍ ഓവലിലെ ആദ്യ മത്സരങ്ങള്‍ ലോ സ്കോറിങ് മാച്ചുകളായിരുന്നെങ്കിലും അവസാനം നടന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയ പോരാട്ടത്തില്‍ വലിയ സ്കോര്‍ പിറന്നിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ 201 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെ നേടാനായിരുന്നുള്ളു.

ഓപ്പണര്‍മാരായി വിരാട് കോലി-രോഹിത് ശര്‍മ്മ സഖ്യം തുടരുമ്പോള്‍ മൂന്നാം നമ്പറില്‍ റിഷഭ് പന്തും പിന്നാലെ സൂര്യകുമാര്‍ യാദവും ശിവം ദുബെയും തന്നെയാകും ഇറങ്ങുക. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ കളിക്കുമ്പോള്‍ ഇതുവരെ കാര്യമായി തിളങ്ങാനാവാതിരുന്ന രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി കളിക്കും. അക്സറിനെകൂടി കളിപ്പിക്കുന്നത് ബാറ്റിങ് കരുത്തു കൂട്ടും. എന്നാല്‍ ആദ്യ മൂന്ന് മത്സരങ്ങളിലും ഓപ്പണർ റോളിൽ നിരാശപ്പെടുത്തിയ വിരാട് കോലി, അഫ്ഗാനെതിരെ മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയേക്കുമെന്നും സൂചനയുണ്ട്. അങ്ങനെ വന്നാല്‍ രോഹിത്തിനൊപ്പം യശസ്വി ജയ്സ്വാള്‍ ഓപ്പണറായിയെത്തും.

ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെയടക്കം തോല്‍പ്പിച്ചവരാണ് അഫ്ഗാന്‍. വെസ്റ്റിന്‍ഡീസ് സാഹചര്യത്തില്‍ തിളങ്ങാന്‍ അഫ്ഗാന് സാധിക്കും. മികച്ച സ്പിന്‍ കരുത്തുള്ള ടീമാണ് അഫ്ഗാന്‍. അതുകൊണ്ടുതന്നെ എല്ലാ എതിരാളികള്‍ക്കും അവര്‍ വലിയ ഭീഷണി ഉയര്‍ത്തുന്നു. അതേസമയം അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. മഴ വെല്ലുവിളി നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയുടെ സെമിസാധ്യതകള്‍ക്ക് തിരിച്ചടിയാകും. മത്സരം ഉപേക്ഷിച്ചാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റുകള്‍ വീതം ലഭിക്കും. ഈ മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യയുടെ സെമി സാധ്യകളെ അത് കാര്യമായി ബാധിച്ചേക്കും. കാരണം അടുത്ത രണ്ട് മത്സരത്തിലും മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് ജയിക്കാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ അഫ്ഗാനേയും ബംഗ്ലാദേശിനേയും തോല്‍പ്പിച്ച് സെമിയിലേക്ക് മുന്നേറാനായിരുന്നു ഇന്ത്യയുടെ പദ്ധതി. പക്ഷെ നിലവിലെ കാലാവസ്ഥ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് സെമിയിലേക്കെത്താന്‍ സാധിച്ചേക്കില്ല. ഇന്ത്യയുടെ മൂന്ന് മത്സരങ്ങളിലും മഴ സാധ്യത നിലനില്‍ക്കുന്നു. ഓസ്‌ട്രേലിയ‑അഫ്ഗാന്‍ മത്സരത്തിന്റെ ഫലം നിര്‍ണായകമാവും. നിലവില്‍ എല്ലാ മത്സരങ്ങള്‍ക്കും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്കാണ് കൂടുതല്‍ മഴ ഭീഷണിയുള്ളത്. 

Eng­lish Summary:India-Afghanistan match in Super 8 today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.