19 January 2026, Monday

Related news

January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

യുഎസിന് വീണ്ടും കീഴടങ്ങി ഇന്ത്യ; എൽപിജി ഇറക്കുമതിക്ക് കരാറൊപ്പിട്ടു

Janayugom Webdesk
ന്യൂഡൽഹി
November 17, 2025 9:39 pm

അമേരിക്കൻ സമ്മർദത്തിന് വഴങ്ങി ഇന്ത്യൻ എണ്ണക്കമ്പനികൾ യുഎസിൽ നിന്ന് ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) ഇറക്കുമതി ചെയ്യാൻ കരാർ ഒപ്പിട്ടു. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലുള്ള പ്രതികാരത്തീരുവയ്ക്ക് പിന്നാലെയാണ് അമേരിക്കയുമായുള്ള ഈ സുപ്രധാന ഉടമ്പടി.
ഏകദേശം 2.2 ദശലക്ഷം ടൺ എൽപിജി ഇറക്കുമതി ചെയ്യാനാണ് നിലവിൽ കരാറായത്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. ഇന്ത്യൻ കമ്പനികൾ യുഎസിൽ നിന്ന് എൽപിജി വാങ്ങുന്നതിനായി നടത്തുന്ന ആദ്യത്തെ കരാറാണിത്.
ലോകത്തിലെ ഏറ്റവും വലുതും വേഗത്തിൽ വളരുന്നതുമായ എൽപിജി വിപണികളിൽ ഒന്നാണ് ഇന്ത്യയുടേത്. ഇതാണ് യുഎസിനായി തുറന്നു നല്‍കിയിരിക്കുന്നത്. 2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ എൽപിജി ഉപഭോഗം ഏകദേശം 31 ദശലക്ഷം ടൺ ആയിരുന്നു. ഇതിന്റെ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. ചരിത്രപരമായി ഇന്ത്യയുടെ 90% എൽപിജി ഇറക്കുമതിയും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ദീർഘകാല കരാറുകൾ വഴിയായിരുന്നു. പുതിയ കരാറോടെ ഇറക്കുമതിയുടെ ഉറവിടത്തിൽ കാര്യമായ മാറ്റം വരും. ടെക്സസിലെ ഹ്യൂസ്റ്റണിനടുത്തുള്ള പ്രകൃതിവാതക ഉല്പന്നങ്ങളുടെ പ്രധാന കേന്ദ്രമായ മൗണ്ട് ബെൽവ്യൂവിലെ അന്നന്നത്തെ വിലയ്ക്ക് അനുസരിച്ചായിരിക്കും യുഎസിൽ നിന്നുള്ള എൽപിജി ഇറക്കുമതി ചെയ്യുക.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ പ്രതിഷേധിച്ച്, ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് 50% താരിഫ് ഓഗസ്റ്റിൽ ഏർപ്പെടുത്തിയിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി. ഉക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന് സഹായം നൽകുന്നതാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം. കേന്ദ്ര സർക്കാർ ആദ്യം ഈ ആരോപണങ്ങളെ പ്രതിരോധിച്ചെങ്കിലും, ഒടുവിൽ ട്രംപ് ഭരണകൂടത്തിന്റെ സമ്മർദത്തിന് വഴങ്ങുകയും റഷ്യയിൽ നിന്നുള്ള കുറഞ്ഞ വിലയുള്ള എണ്ണ ഇറക്കുമതി ക്രമേണ കുറയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്ന് എൽപിജി വാങ്ങാനുള്ള വലിയ കരാർ കൂടി ഒപ്പിട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.