
ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണമെന്ന് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. വെറുപ്പും അക്രമവും ഇരു രാജ്യങ്ങളുടെയും പൊതു ശത്രുക്കളാണെന്നും സമാധാനമാണ് കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗ്ഗമെന്നും നോബൽ സമ്മാന ജേതാവായ മലാല യൂസഫ്‌സായി അഭിപ്രായപ്പെട്ടു. തൻ്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലാണ് മലാല ഇക്കാര്യം വ്യക്തമാക്കിയത്.
“വെറുപ്പും അക്രമവും നമ്മുടെ പൊതു ശത്രുക്കളാണ്. സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുന്നതിനും വിഭജന ശക്തികൾക്കെതിരെ ഒന്നിച്ചു നിൽക്കുന്നതിനും ഇന്ത്യയിലെയും പാകിസ്താനിലെയും നേതാക്കൾ അടിയന്തരമായി മുന്നിട്ടിറങ്ങണം. ഇരു രാജ്യങ്ങളിലെയും നിരപരാധികളായ ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും എൻ്റെ അഗാധമായ അനുശോചനം,” മലാല കുറിച്ചു.
കൂടാതെ, ഈ ദുഷ്കരമായ സാഹചര്യത്തിൽ പാകിസ്താനിലെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും, വിദ്യാഭ്യാസ പ്രവർത്തകരായ അധ്യാപകരെയും പെൺകുട്ടികളെയും താൻ ഓർക്കുന്നുവെന്നും മലാല കൂട്ടിച്ചേർത്തു. നയതന്ത്ര ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഈ സമയം മുന്നിട്ടിറങ്ങണമെന്നും നമ്മുടെയെല്ലാം സുരക്ഷയ്ക്കും അഭിവൃദ്ധിക്കും സമാധാനം മാത്രമാണ് ഏക പോംവഴിയെന്നും മലാല യൂസഫ്‌സായി തൻ്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.