
മോഡി സര്‍ക്കാരിന്റെ വിദേശനയം ദുര്‍ബലമായതിന്റെ പ്രത്യാഘാതമാണ് യുഎസിന്റെ 50% പ്രതികാരത്തീരുവയെന്ന് വിലയിരുത്തല്‍. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി മാത്രമോ, അല്ലെങ്കില്‍ യുഎസ് പ്രസിഡന്റ് ട്രംപുമായി മാത്രമോ സഖ്യമുണ്ടാക്കാന്‍ നിലവില്‍ ഇന്ത്യക്ക് കഴിയില്ല. രണ്ട് പേരെയും പിണക്കി മുന്നോട്ട് പോകാനുമാകില്ല. ഇരുവരെയും നിര്‍ബന്ധിക്കാനുമാകില്ല. അതിനാല്‍ നയതന്ത്രതലത്തില്‍ വലിയ വെല്ലുവിളിയാണ് മോഡി സര്‍ക്കാര്‍ നേരിടുന്നത്. ട്രംപിന്റെ താരിഫ് നീക്കം സാമ്പത്തികമേഖലയെക്കാൾ അധികം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രത്തെ ബാധിക്കുമെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. വിദേശനയത്തില്‍ ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കാനാണ് ട്രംപ് മോഡിയെ നിര്‍ബന്ധിക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷവും മോസ്കോയുമായുളള ചരിത്രപരമായ ബന്ധം ഇന്ത്യ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ അമേരിക്കയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നതിനായിരുന്നു ഏറെ ശ്രമം നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പലപ്പോഴും രംഗത്തെത്തിയിരുന്നു.
സാമൂഹ്യ, സാമ്പത്തിക, സുരക്ഷാ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിച്ചു. ചൈന ആഗോള ശക്തിയായതും യുഎസും അവരും തമ്മിലുള്ള വൈരാഗ്യവും ഇന്ത്യയെ അവരുമായി അടുക്കാന്‍ സഹായിച്ചു. യുഎസിനൊപ്പം ചേര്‍ന്നാല്‍ ചൈനയെ നേരിടാനാകുമെന്ന് മോഡി ഭരണകൂടത്തിലെ നയരൂപകര്‍ത്താക്കള്‍ കണക്കുകൂട്ടി. എന്നാല്‍ ട്രംപിന്റെ അപ്രതീക്ഷിതമായ താരിഫ് യുദ്ധം മോഡിയുടെ യുഎസ് പ്രീണന നീക്കങ്ങളെ തകിടംമറിച്ചു.
ഇന്ത്യക്കെതിരെയുള്ള ട്രംപിന്റെ കടുത്ത നിലപാടുകൾക്ക് കാരണം ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ‑പാക് വെടിനിർത്തലിൽ ട്രംപിന്റെ പങ്ക് ഇന്ത്യ അംഗീകരിക്കാത്തതാണെന്ന് വിൽസൺ സെന്ററിലെ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മൈക്കൽ കുഗൽമാൻ അഭിപ്രായപ്പെട്ടു. രണ്ട് പതിറ്റാണ്ട് കാലയളവിൽ ഇന്ത്യ‑യുഎസ് നയതന്ത്രബന്ധ പങ്കാളിത്തത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമാണ് നിലവിലെന്നും ഇരുരാജ്യങ്ങളും പരസ്പരം ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ ബന്ധത്തിൽ ഹാനികരമായ ആഘാതം ഉളവാക്കുമെന്നും കുഗൽമാൻ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇരുരാജ്യങ്ങളുടെയും നീക്കം നിരീക്ഷിച്ചാൽ ട്രംപിന്റെ പുതിയ പ്രഖ്യാപനം ഒട്ടും ആശ്ചര്യപ്പെടുത്തുന്നില്ല. ഉഭയകക്ഷി ബന്ധങ്ങളിലെ ഒരു മോശം ഘട്ടമായി ഇതിനെ കാണാമെങ്കിലും ഇരുരാജ്യങ്ങളും തയ്യാറായാൽ ബന്ധം മെച്ചപ്പെടുത്താനാകും. ഇരുരാജ്യങ്ങളും തമ്മിലുള്ളത് ബഹുമുഖ ബന്ധമാണെന്നും പ്രത്യാഘാതങ്ങളെ ചെറുക്കാനുള്ള കരുത്ത് ഇന്ത്യ‑യുഎസ് ബന്ധത്തിനുണ്ടെന്നും കുഗൽമാൻ കൂട്ടിച്ചേർത്തു.
റഷ്യയുമായുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ വ്യാപാരം ട്രംപ് കാണുന്നില്ലേ എന്ന ചോദ്യം ഇന്ത്യ ഉയര്‍ത്തുന്നുണ്ട്. മറ്റു പല രാജ്യങ്ങളും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുമ്പോള്‍ ഇന്ത്യക്കുമേല്‍ മാത്രം അധിക തീരുവ ചുമത്തുന്നത് അന്യായമാണെന്നാണ് ന്യൂഡല്‍ഹിയുടെ നിലപാട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്നതെങ്കിൽ ചൈനയോട് യുഎസ് ഇതേ നിലപാട് പിന്തുടരേണ്ടതാണെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. പക്ഷേ ചൈനയുടെ താരിഫിൽ മാറ്റം വരുത്തിയിട്ടില്ല. 2024–25 ല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1,3180 കോടി യുഎസ് ഡോളറായിരുന്നു (8,650 കോടി യുഎസ് ഡോളര്‍ കയറ്റുമതിയും 4,530 കോടി യുഎസ് ഡോളറിന്റെ ഇറക്കുമതിയും). എന്നാല്‍ പുതിയ തീരുവ പ്രഖ്യാപനം ഇരു രാജ്യങ്ങളുടെയും വ്യാപാരത്തില്‍ വലിയ ഇടിവുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്. ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള സൗഹൃദവും നിലവിലെ തീരുവ പോരും ചൂണ്ടിക്കാട്ടി പ്രതിപക്ഷം മോഡി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.