
പരമ്പര പ്രതീക്ഷ സജീവമാക്കാന്‍ ഇന്ത്യയും ഓസ്ട്രേലിയയും നാലാം ടി20 ക്രിക്കറ്റ് അങ്കത്തിന് ഇന്നിറങ്ങും. മത്സരം ഉച്ചയ്ക്ക് 1.45ന് ഗോള്‍ഡ്‌കോസ്റ്റിലെ കറാറ ഓവലില്‍ നടക്കും. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുടീമും ഓരോ മത്സരം വിജയിച്ച് സമനിലയിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. പ്ലേയിങ് ഇലവനില്‍ മാറ്റങ്ങളുണ്ടാകുമോയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം ജിതേഷ് ശര്‍മ്മയാണ് വിക്കറ്റ് കീപ്പറായെത്തിയത്. ഫിനിഷറുടെ റോളില്‍ കൂടിയിറങ്ങിയ ജിതേഷ് കഴിഞ്ഞ മത്സരത്തില്‍ 13 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. അതിനാല്‍ ഇന്നും സഞ്ജുവിന് പുറത്തിരിക്കേണ്ടി വരുമോയെന്നാണ് ആരാധകരുടെ ആശങ്ക. നാലാം മത്സരത്തില്‍ ഇന്ത്യ ജയിച്ച ടീമിനെ നിലനിര്‍ത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. സഞ്ജു കളിക്കില്ലെന്ന രീതിയില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സൂചന നല്‍കിയിരുന്നു. മൂന്നാം മത്സരത്തില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സഞ്ജുവിന് പകരം ജിതേഷ് ശര്‍മ ടീമിലെത്തിയപ്പോള്‍ കുല്‍ദീപിന് പകരം വാഷിങ്ടണ്‍ സുന്ദറും ഹര്‍ഷിത് റാണയ്ക്ക് പകരം അര്‍ഷ്ദീപ് സിങ്ങും പ്ലേയിങ് ഇലവനിലെത്തി. ഇതില്‍ 23 പന്തില്‍ 49 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അതിനാല്‍ സുന്ദര്‍ ടീമില്‍ തുടരുമെന്നുറപ്പാണ്.
കറാറ ഓവലില്‍ രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. ഇന്ത്യന്‍ ടീം ആദ്യമായാണ് ഈ വേദിയില്‍ കളിക്കാനിറങ്ങുന്നത്. 150 റണ്‍സ് പോലും ഈ ഗ്രൗണ്ടില്‍ ഇതുവരെ പിറന്നിട്ടില്ല. അതിനാല്‍ റണ്‍സൊഴുകാനുള്ള സാധ്യത കുറവായിരിക്കും. ബൗളര്‍മാര്‍ക്കായിരിക്കും ആധിപത്യം. സാധ്യതാ ഇലവൻ: ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, അക്‌സർ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.