
ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ ഫൈനലില്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ 23 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 80 പന്തില്‍ 81 റണ്‍സെടുത്ത അന്നെറി ഡെര്‍ക്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ക്ലോയി ടൈറോണ്‍ (43 പന്തില്‍ 67), മിയാനെ സ്മിത്ത് (54 പന്തില്‍ 39) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യക്കായി അമന്‍ജോത് കൗര്‍ മൂന്ന് വിക്കറ്റ് നേടി. ദീപ്തി ശര്‍മ്മ രണ്ടും ശ്രീ ചരണിയും പ്രതിക റാവലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സെഞ്ചുറിയുമായി ജെമീമ റോഡ്രിഗസ് തിളങ്ങി. 101 പന്തില്‍ 15 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 123 റണ്‍സാണ് റോഡ്രിഗസ് നേടിയത്. സ്കോര്‍ ഒമ്പതില്‍ നില്‍ക്കെ പ്രതിക റാവല്‍ (ഒന്ന്) പുറത്തായി. മൂന്നാമതായെത്തിയ ഹര്‍ലീന്‍ ഡിയോള്‍ നാല് റണ്‍സെടുത്ത് മടങ്ങി. സ്കോര്‍ വേഗത്തിലാക്കി മുന്നേറിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ അന്നെറി ഡെര്‍ക്സന്‍ പുറത്താക്കി. 20 പന്തില്‍ 28 റണ്‍സാണ് ഹര്‍മന്റെ സമ്പാദ്യം. പിന്നീടൊന്നിച്ച സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും ചേര്‍ന്ന് 88 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 63 പന്തില്‍ 51 റണ്‍സെടുത്താണ് സ്മൃതി മടങ്ങിയത്. എന്നാല്‍ ദീപ്തി ശര്‍മ്മ, ജെമീമയ്ക്കൊപ്പം ചേര്‍ന്നതോടെ 122 റണ്‍സ് സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. സെഞ്ചുറി നേടി തകര്‍ത്തടിച്ച ജെമീമയെ പുറത്താക്കി മസബട്ട ക്ലാസാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
റിച്ചാ ഘോഷിന് തിളങ്ങാനായില്ല. 20 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ദീപ്തി ശര്‍മ്മ സെഞ്ചുറിക്ക് ഏഴ് റണ്‍സ് മാത്രം ബാക്കി നില്‍ക്കെ പുറത്തായി.
ആദ്യ രണ്ട് മത്സരങ്ങളില്‍ ആതിഥേയരായ ശ്രീലങ്കയെയും ദക്ഷിണാഫ്രിക്കയെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം റൗണ്ടില്‍ ഇന്ത്യ ശ്രീലങ്കയോട് പരാജയപ്പെട്ടു. മൂന്ന് മത്സങ്ങളും തോറ്റ ദക്ഷിണാഫ്രിക്ക പുറത്തായി. നാല് മത്സരങ്ങളില്‍ ആറ് പോയിന്റാണ് ഇന്ത്യക്ക്. ഫൈനലില്‍ ഇന്ത്യ, ആതിഥേയരായ ശ്രീലങ്കയെ നേരിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.