
പരമ്പര കൈവിടാതിരിക്കാന്‍ ഇംഗ്ലണ്ടിനെതിരെ നിര്‍ണായകമായ നാലാം ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങും. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വൈകിട്ട് 3.30നാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2–1ന് ഇംഗ്ലണ്ടാണ് മുന്നില്‍. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. അതേസമയം പരിക്കിലും ഫോമിലും വലയുന്ന ടീമില്‍ പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. നേരത്തെ പരിക്കേറ്റ റിഷഭ് പന്ത് നാലാം ടെസ്റ്റിനിറങ്ങുമോയെന്നതില്‍ വ്യക്തതയില്ല. എന്നാല്‍ താരം നെറ്റ്സില്‍ പരിശീലനത്തിനിറങ്ങിയിരുന്നു. ലോര്‍ഡ്സ് ടെസ്റ്റിനിടയ്ക്കാണ് താരത്തിന് കൈവിരലിന് പരിക്കേറ്റത്. പകരം ധ്രുവ് ജൂറലാണ് വിക്കറ്റ് കീപ്പറായി ഇറങ്ങിയത്. പരമ്പരയില്‍ രണ്ടു വീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയുമടക്കം 400ന് മുകളില്‍ റണ്‍സും പന്ത് ഇതിനോടകം അടിച്ചെടുത്തിട്ടുണ്ട്. ഓപ്പണിങ്ങില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളുമിറങ്ങുമ്പോള്‍ മൂന്നാം നമ്പറിലാണ് ആശക്കുഴപ്പം. ആദ്യ ടെസ്റ്റില്‍ സായ് സുദര്‍ശന്‍ എത്തിയെങ്കിലും തിളങ്ങാനായില്ല. രണ്ടും മൂന്നും ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് അവസരം ലഭിച്ചെങ്കിലും നാല് ഇന്നിങ്സുകളില്‍ നിന്നായി താരത്തിന് ഒരു അര്‍ധസെഞ്ചുറി പോലും നേടാനായില്ല. 31, 26, 40, 14 എന്നിങ്ങനെയാണ് മൂന്നാം നമ്പറിൽ കരുണിന്റെ നേട്ടം.
ബാറ്റിങ് ഓർഡറിൽ ഏറ്റവും പ്രധാനപ്പെട്ട പൊസിഷനാണ് മൂന്നാം നമ്പർ. സ്ഥിരതയോടെ കളിക്കുന്ന ബാറ്റര്‍ ഇല്ലാത്തത് ഇന്ത്യക്ക് തലവേദനയാണ്. ഇതോടെ കരുണിന് വീണ്ടും അവസരം നല്‍കുമോയെന്ന് വ്യക്തമല്ല. കരുണിന് പകരം ധ്രുവ് ജുറെൽ, അഭിമന്യു ഈശ്വരൻ, സായ് സുദർശൻ എന്നിവരിലൊരാൾക്ക് ഇന്ത്യ അവസരം നൽകുമോ എന്നും കണ്ടറിയണം. അതേസമയം പരിക്കേറ്റ് പുറത്തായവരും ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നു. നിതിഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, അരങ്ങേറ്റം കാത്തിരുന്ന അര്‍ഷദീപ് സിങ് എന്നിവര്‍ക്ക് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. നിതിഷ് കുമാറിന് പരമ്പര നഷ്ടമായേക്കും. രവീന്ദ്ര ജഡേജ ആറാം നമ്പറില്‍ ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തുന്നത് ഇന്ത്യക്ക് ആശ്വാസമാണ്. ലോര്‍ഡ്സ് ടെസ്റ്റില്‍ ഒരുവശത്ത് ജഡേജ പുറത്താകാതെ നിന്നെങ്കിലും മറു വശത്ത് മറ്റാര്‍ക്കും പിന്തുണ നല്‍കാനാകാതിരുന്നതാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.
നേരത്തെ പരമ്പരയില്‍ മൂന്ന് ടെസ്റ്റ് മാത്രം കളിക്കുവെന്ന് വ്യക്തമാക്കിയ ജസ്പ്രീത് ബുംറ നാലാം ടെസ്റ്റില്‍ ഇറങ്ങും. മറ്റു താരങ്ങളുടെ പരിക്കാണ് ബുംറയെ ഉള്‍പ്പെടുത്താന്‍ മാനേജ്മെന്റ് നിര്‍ബന്ധിതരായത്. ഇതിനോടകം രണ്ട് ടെസ്റ്റ് ബുംറ കളിച്ചു. അതിനാല്‍ തന്നെ നാലാം ടെസ്റ്റിനിറങ്ങിയാല്‍ അവസാന ടെസ്റ്റില്‍ ബുംറയുണ്ടാകില്ല. ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാകും പേസര്‍മാരായി ഉണ്ടാകുക. നിതിഷ് പുറത്തായതോടെ ഷാര്‍ദുല്‍ ഠാക്കൂറിനെ പരീക്ഷിച്ചേക്കും. അതേസമയം ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്പിന്നര്‍ ലിയാം ഡോവ്‌സന്‍ ടീമിലേക്ക് തിരിച്ചെത്തി. ഷൊയ്ബ് ബഷീര്‍ പരിക്കേറ്റ് പുറത്തായതോടെയാണ് ഡോവ്സന് ടീമില്‍ ഇടം ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.