23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024

ടി20 ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നു

Janayugom Webdesk
ന്യൂയോര്‍ക്ക്
June 4, 2024 10:00 pm

14 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം രണ്ടാമതൊരു ടി20 കിരീടം നേടാന്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് നാളെ ആദ്യ അങ്കം. ടി20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. നാസു കൗണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി എട്ടിനാണ് മത്സരം. നിലവില്‍ യുഎസ് ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാര്‍. അതിനാല്‍ വിജയത്തോടെ ഒന്നാം സ്ഥാനത്തെത്തി മികച്ച തുടക്കമാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്. 2007ലെ പ്രഥമ ടി20 ലോകകപ്പിലെ ചാമ്പ്യന്‍മാരായ ശേഷം ഇന്ത്യക്കു പിന്നീടൊരിക്കലും ലോകകപ്പുയര്‍ത്താനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഏറ്റവും അവസാനമായി 2022ലെ എഡിഷനില്‍ സെമി ഫൈനലില്‍ പുറത്താവാനായിരുന്നു യോഗം. ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രോഹിത്തും സംഘവും ഇറങ്ങുന്നത്.
പരിചയ സമ്പത്തും യുവത്വയും സന്തുലിതമാക്കിയാണ് ടീം ഇന്ത്യ കളിക്കാനെത്തുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, സൂപ്പര്‍ ബാറ്റര്‍ വിരാട് കോലി, ടി20 സ്പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ്, ലോകത്തെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുംറ, പേസ് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമിലെ നിര്‍ണായക താരങ്ങള്‍. അതേസമയം അയര്‍ലന്‍ഡിനെതിരെ ഇന്ത്യയിറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനില്‍ ആരൊക്കെ സ്ഥാനം പിടിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. രോഹിത് ശര്‍മ്മയ്ക്കൊപ്പം വിരാട് കോലി ഓപ്പണ്‍ ചെയ്തേക്കുമെന്നാണ് സൂചനകള്‍. അങ്ങനെ വന്നാല്‍ ആദ്യ മത്സരത്തില്‍ യശസ്വി ജയ്സ്വാള്‍ പുറത്തിരിക്കും. 

രോഹിത് ശര്‍മ്മയ്ക്കൊപ്പം ഓപ്പണറാവാന്‍ നാല് താരങ്ങളാണ് മത്സരിക്കുന്നത്. നിലവിലെ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി യശസ്വി ജയ്‌സ്വാളാണ്. ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ രോഹിത്തിനൊപ്പം മികച്ച ധാരണയോടെ കളിക്കുന്ന താരമാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ബാറ്ററാണ് ജയ്‌സ്വാള്‍. ആരെയും ഭയമില്ലാതെ കടന്നാക്രമിക്കാന്‍ ജയ്‌സ്വാളിന് കഴിവുണ്ട്. ജയ്‌സ്വാള്‍ കളിച്ചാല്‍ പവര്‍പ്ലേ മുതലാക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കും. വിരാട് കോലിയെ ഇന്ത്യ മൂന്നാം നമ്പറിലാണ് കളിപ്പിച്ചിരുന്നത്. ഇന്ത്യക്കായി ഒമ്പത് മത്സരങ്ങളിലാണ് കോലി ടി20 ഓപ്പണറായത്. ഈ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്താനും കോലിക്ക് സാധിച്ചിരുന്നു. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഓപ്പണറായ കോലി സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. അതിനാല്‍ തന്നെ കോലി ഓപ്പണറായി എത്തിയാലും ഇന്ത്യക്ക് ഗുണം ചെയ്യും. 

രോഹിത്തും കോലിയും ഓപ്പണര്‍മാരാകുമ്പോള്‍ മൂന്നാം നമ്പറില്‍ റിഷഭ് പന്ത് കളിക്കും. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ പന്ത് അര്‍ധസെഞ്ചുറി നേടി തിളങ്ങിയിരുന്നു. പന്ത് മൂന്നാം നമ്പറിലിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണും ആദ്യ മത്സരത്തില്‍ അവസരമുണ്ടാകില്ല. സന്നാഹ മത്സരത്തില്‍ സഞ്ജുവിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ബംഗ്ലാദേശിനെതിരെ ഒരു റണ്‍സാണ് സഞ്ജു നേടിയത്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും ഇറങ്ങുമ്പോള്‍ ശിവം ദുബെ ആദ്യ മത്സരത്തില്‍ പ്ലേയിങ് ഇലവനിലെത്തും. രവീന്ദ്ര ജഡേജയാണ് സ്പിന്‍ ഓള്‍ റൗണ്ടറായി എത്തുക. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരമായ യുസ്‌വേന്ദ്ര ചാഹലിനും ആദ്യ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ അവസരമുണ്ടാകില്ല. ചാഹലിന് പകരം ബാറ്റിങ് കൂടി കണക്കിലെടുത്ത് അക്സര്‍ പട്ടേലിന് ആദ്യ മത്സരത്തില്‍ അവസരം ലഭിക്കും. ജസ്പ്രീത് ബുംറയാകും പേസ് നിരയെ നയിക്കുക. മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിങ് ഇവരില്‍ ഒരാള്‍ക്കായിരിക്കും സ്ഥാനം ലഭിക്കുക.
മികച്ച പേസ് നിര ഇന്ത്യക്കുമുണ്ട്. പേസ് ബൗളര്‍ ബുംറയാണ് മറ്റ് ടീമുകളില്‍ നിന്ന് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത്. പരിക്കേറ്റ് ദീര്‍ഘനാള്‍ പുറത്തിരുന്ന ശേഷമാണ് സമീപ കാലത്ത് ബുംറ ടീമില്‍ തിരിച്ചെത്തിയത്. ഏകദിന ലോകകപ്പിലും പിന്നാലെ ഐപിഎല്ലിലും താരം 20 വിക്കറ്റുകളാണ് വീഴ്ത്തിയത്. 

Eng­lish Summary:India enters the first match of the T20 Crick­et World Cup
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.