2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 2, 2025
January 1, 2025
December 31, 2024
December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 29, 2024
December 29, 2024
December 27, 2024

ബിജെപിയുടെ ഏകാധിപത്യം ഇന്ത്യ തിരുത്തി

റെജി കുര്യന്‍
ന്യൂഡല്‍ഹി
June 4, 2024 10:47 pm

മോഡിയുടെയും ബിജെപിയുടെയും ഏകാധിപത്യ മോഹങ്ങള്‍ക്ക് തടയിട്ട് ഇന്ത്യയുടെ ജനവിധി. തനിച്ച് കേവല ഭൂരിപക്ഷവും മുന്നണി 400 കടക്കുമെന്നുമുള്ള അവകാശ വാദങ്ങളും പാഴ്‌വാക്കായി. 543 സീറ്റുള്ള ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 400 സീറ്റുകളില്‍ അധികം നേടുമെന്നാണ് മോഡിയും ബിജെപിയും കഴിഞ്ഞ കുറെ നാളുകളായി അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ നിലവില്‍ പുറത്തു വന്ന കണക്കുകള്‍ പ്രകാരം ബിജെപി 240 സീറ്റുകളില്‍ വട്ടംചുറ്റുന്ന കാഴ്ചയാണ്. എന്‍ഡിഎ സഖ്യത്തിനാകട്ടെ 300ല്‍ താഴെ മാത്രം സീറ്റുകളാണ് നിലവില്‍. എന്‍ഡിഎയിലെ ബിജെപി ഇതര കക്ഷികളുടെ തീരുമാനമാണ് തുടര്‍ഭരണം നല്‍കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ നിര്‍ണായകമാകുക. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്, ശിവസേന അജിത് പവാര്‍ പക്ഷം, ലോക്ജനശക്തി പാര്‍ട്ടി ഉള്‍പ്പെടെ പ്രാദേശിക കക്ഷികള്‍ ചേര്‍ന്ന എന്‍ഡിഎ മുന്നണിയില്‍ ഇവരുടെ പിന്തുണ ഉറപ്പിച്ച് ഭരണത്തിലേറിയാല്‍, ബിജെപിയുടെ തന്നിഷ്ട ഭരണമോ നയരൂപീകരണമോ അസാധ്യമാകും. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ ബിജെപിയും മോഡിയും നട്ടെല്ല് വളയ്ക്കുന്ന കാഴ്ചയാകും വരുംദിവസങ്ങളില്‍ കാണാനാകുക. അതേസമയം ഇന്ത്യ മുന്നണിയിലേക്ക് ഈ പാര്‍ട്ടികള്‍ ചാഞ്ഞാല്‍ ബിജെപിക്ക് പ്രതിപക്ഷത്ത് സ്ഥാനം ഉറപ്പിക്കാം.
കടുത്ത സര്‍ക്കാര്‍ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു. മോഡിയും പരിവാരങ്ങളും എഴുന്നള്ളിച്ച ഊതിപ്പെരുപ്പിച്ച വികസന നേട്ടങ്ങളുടെ കണക്കുകള്‍ ജനം തള്ളി. ഹിന്ദുത്വ അജണ്ടയെ ഉപേക്ഷിച്ച ജനം രാമക്ഷേത്രം പണിത അയോധ്യയില്‍ പോലും ബിജെപിയെ തോല്പിച്ചു. സമൂഹമാധ്യമ അക്കൗണ്ടുകളുടെ കൈകാര്യക്കാര്‍ കൊട്ടിഘോഷിച്ചതിനുപ്പുറം സമ്മതിദായകര്‍ കാര്യങ്ങള്‍ നേരിട്ടു വിലയിരുത്തിയതിന്റെ തെളിവായാണ് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്. 400 സീറ്റുകള്‍ക്കപ്പുറം നേടുമെന്ന അവകാശവാദം പിആര്‍ വര്‍ക്കിലൂടെ ജനമനസില്‍ അടിച്ചേല്പിക്കാന്‍ നടത്തിയ നീക്കങ്ങളും പാളി. ഇതോടെ പുറത്തെടുത്ത വിദ്വേഷ പ്രചാരണവും ജനം തളളി.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന ഇന്ത്യ സഖ്യം നിലപാട് ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പ് വിധി. ഹിന്ദി ഹൃദയഭൂമിയില്‍ രാമക്ഷേത്രത്തിലൂടെ നേട്ടമുണ്ടാക്കാമെന്ന ബിജെപി നീക്കങ്ങളും വിജയിച്ചില്ല. ഉത്തര്‍ പ്രദേശിലുണ്ടായ തകര്‍ച്ച ഇത് വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിലും ബംഗാളിലും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയിട്ടും നേട്ടങ്ങളുണ്ടായില്ല. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യ മുന്നണിക്ക് 235 സീറ്റുകളിലാണ് മേല്‍ക്കെെ. കോണ്‍ഗ്രസ് നൂറു സീറ്റോളം നേടി നില മെച്ചപ്പെടുത്തി. തിരുപ്പൂരും നാഗപട്ടണത്തും സിപിഐ സ്ഥാനാര്‍ത്ഥികളായ കെ സുബ്ബരായന്‍, വൈ സെല്‍വരാജ് എന്നിവര്‍ ജയിച്ചു. സിപിഐ(എം)ലെ കെ രാധാകൃഷ്ണന്‍ (ആലത്തൂര്‍), സച്ചിദാനന്ദ എം (ദിണ്ഡിഗല്‍), വെങ്കിടേശ്വര (മധുര), അമ്റാ റാം ( സിക്കാര്‍, രാജസ്ഥാന്‍) എന്നിവരും ജയിച്ചു. യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ തിരിച്ചു വരവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരുംനാളുകളിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തും. എന്‍ഡിഎ, ഇന്ത്യ സഖ്യങ്ങളില്‍ പെടാത്ത 20 ഓളം സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി വിജയം നേടിയത്. അവരുടെ നിലപാടുകളും നിര്‍ണായകമാകും.

എന്‍ഡിഎയില്‍ വിള്ളല്‍ വീഴ്ത്തി സര്‍ക്കാര്‍ രൂപീകരണത്തിന് ഇന്ത്യ സഖ്യം ശ്രമം നടത്തുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനുള്ള നീക്കങ്ങള്‍ ഇതിനോടകം തുടങ്ങുകയും ചെയ്തു. എന്‍ഡിഎ സഖ്യത്തിലെ മുഖ്യകക്ഷികളായ നിതീഷ് കുമാറുമായും ചന്ദ്രബാബു നായിഡുവുമായും കോണ്‍ഗ്രസ് നേതൃത്വം ആശയ വിനിമയം നടത്തി. ഇത്തരമൊരു പിളര്‍ക്കല്‍ സാധ്യത മുന്നില്‍ കണ്ടുള്ള നീക്കങ്ങളാണ് ബിജെപിയും നടത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ തനിച്ചുള്ള സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ക്ക് മങ്ങലേല്പിക്കുകയും ഇന്ത്യസഖ്യ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്തതോടെ വന്‍തോതിലുള്ള രാഷ്ട്രീയ പിന്നാമ്പുറ നീക്കങ്ങള്‍ക്കാണ് രാജ്യ തലസ്ഥാനം വേദിയാകുന്നത്.

Eng­lish Summary:India has cor­rect­ed the dic­ta­tor­ship of BJP
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.