24 February 2026, Tuesday

Related news

February 24, 2026
February 24, 2026
February 24, 2026
February 24, 2026
February 23, 2026
February 23, 2026
February 23, 2026
February 21, 2026
February 21, 2026
February 21, 2026

മലയാളി കരുത്തില്‍ ഇന്ത്യ ഫൈനലില്‍

Janayugom Webdesk
ഹരാരെ
February 4, 2026 10:38 pm

മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ കരുത്തില്‍ ഇന്ത്യ അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍. സെമിഫൈനലില്‍ ഏഴ് വിക്കറ്റ് വിജയമാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 310 റൺസെടുത്തു. 311 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 41.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ആരോൺ ജോർജ് 104 പന്തിൽ 115 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററായി. 15 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിങ്സ്.
ഇന്ത്യക്ക് വേണ്ടി ഓപ്പണർ വൈഭവ് സൂര്യവംശി മിന്നുന്ന തുടക്കമാണ് നൽകിയത്. 33 പന്തിൽ 68 റൺസെടുത്താണ് വൈഭവ് പുറത്തായത്. വൈഭവ് മടങ്ങുമ്പോള്‍ ഇന്ത്യ 9.3 ഓവറില്‍ 90 റണ്‍സെന്ന നിലയിലായിരുന്നു. മറ്റൊരു ഓപ്പണായ മലയാളി താരം ആരോണ്‍ ജോര്‍ജും പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെയും സ്കോര്‍ ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് 114 റണ്‍സ് കൂട്ടുകെ­ട്ടുയര്‍ത്തി.

ക്യാപ്റ്റന്റെ ഇന്നിങ്സ് കാഴ്ചവച്ച ആയുഷ് മാത്രെ 59 പ­ന്തി­­ൽ 62 റൺസ് നേടി. വിഹാൻ മൽഹോത്ര (38*), വേദാന്ത് ത്രിവേദി (4*) എന്നിവർ ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഫൈസൽ ഷിനോസദയുടെയും ഉസൈറുള്ള നിയാസിയുടെയും തകർപ്പൻ സെഞ്ചുറികളാണ് അഫ്ഗാനെ മികച്ച നിലയിലെത്തിച്ചത്. ഫൈസൽ ഷിനോസദ 93 പന്തിൽ 110 റൺസെടുത്ത് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോററായി. അവസാന ഓവറിൽ സെഞ്ചുറി പൂർത്തിയാക്കിയ ഉസൈറുള്ള നിയാസി 86 പന്തിൽ 101 റൺസുമായി പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 148 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിൽ നിർണായകമായത്. ഓപ്പണർമാരായ ഉസ്മാൻ സാദത്തും (39), ഖാലിദ് അഹമ്മദ് സായിയും (31) ഭേദപ്പെട്ട തുടക്കം നൽകി. ഇന്ത്യൻ ബൗളർമാർക്ക് അഫ്ഗാൻ ബാറ്റിങ് നിരയെ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല. ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും അവസാന ഓവറുകളിൽ അഫ്ഗാൻ താരങ്ങൾ തകർത്തടിച്ചു. നാളെ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. കിരീടം നിലനിർത്താനുറച്ച് ഇന്ത്യ ഇറങ്ങുമ്പോൾ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.