22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

യുഎന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

Janayugom Webdesk
ന്യൂഡൽഹി
May 24, 2025 10:53 pm

ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ. പതിറ്റാണ്ടുകളായി പാകിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. മുംബൈ ഭീകരാക്രമണവും പഹൽഗാമും ഇതിന് തെളിവാണ്. നാല് ദശകത്തിനിടെ പാക് ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായെന്നും ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി ഹരീഷ് ചൂണ്ടിക്കാട്ടി. സിന്ധു നദീജല കരാർ ഉന്നയിച്ച് ഐക്യരാഷ്ട്രസഭയിൽ പരാമർശം നടത്തിയ പാക് പ്രതിനിധിക്കാണ് ഇന്ത്യ മറുപടി നല്‍കിയത്. അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പിന്തുണയ്ക്കുന്നിടത്തോളം സിന്ധു നദീജല കരാറിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്ന് ഇന്ത്യൻ പ്രതിനിധി ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഭീകരരെയും സാധാരണക്കാരെയും ഒന്നു പോലെ കാണുന്ന പാകിസ്ഥാന് സാധാരണക്കാരന്റെ അവകാശത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും ഇന്ത്യ തുറന്നടിച്ചു. 

65 വർഷങ്ങൾക്ക് മുമ്പ് സിന്ധു നദീജല കരാറിൽ ഇന്ത്യ ഒപ്പുവച്ചത് നല്ല വിശ്വാസത്തോടെയാണ്. ആറര പതിറ്റാണ്ടിനിടയിൽ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തി കരാറിന്റെ ആത്മാവിനെ പാകിസ്ഥാൻ നശിപ്പിച്ചുവെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി. ‘ജലം ജീവനാണ്, യുദ്ധത്തിനുള്ള ആയുധമല്ല’ എന്ന് സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ പറഞ്ഞിരുന്നു. പഴയ അണക്കെട്ടുകളിൽ ചിലത് ഗുരുതരമായ സുരക്ഷാ ആശങ്കകൾ നേരിടുന്നുവെന്ന് പറഞ്ഞ ഇന്ത് അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റങ്ങളും ഉടമ്പടി പ്രകാരം അനുവദനീയമായ വ്യവസ്ഥകളിലെ ഏതെങ്കിലും പരിഷ്കാരങ്ങളും പാകിസ്ഥാൻ നിരന്തരം തടഞ്ഞുകൊണ്ടിരുന്നു. 2012 ൽ ജമ്മു കശ്മീരിലെ തുൽബുൾ നാവിഗേഷൻ പദ്ധതിയെ തീവ്രവാദികൾ ആക്രമിച്ചതായും പി ഹരീഷ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി തവണ പരിഷ്കാരങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യ പാകിസ്ഥാനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. എന്നാല്‍ പാകിസ്ഥാൻ ഈ ആവശ്യങ്ങൾ നിരസിക്കുന്നത് തുടരുന്നു. ഇത്തരത്തിലുള്ള പാകിസ്ഥാന്റെ സമീപനം ഇന്ത്യയുടെ നിയമപരമായ അവകാശങ്ങൾ പൂർണമായി വിനിയോഗിക്കുന്നതിന് തടസമാകുന്നുവെന്നും ഹരീഷ് ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
ഇന്ത്യയുടെ വികസനം തടയുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. പാകിസ്ഥാൻ ഭീകരരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങുകളിൽ പാക് സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തു. പാകിസ്ഥാൻ ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിൽ മനഃപൂർവം അക്രമം നടത്തി. ഇതിൽ ഇരുപതിലധികം സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും എണ്‍പതിലധികം പേർക്ക് പരിക്കേറ്റതായും ഇന്ത്യ രക്ഷാസമിതിയെ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.