
വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവച്ചിട്ടുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ (എഫ‌്ടിഎ) രാജ്യത്തിന്റെ സാമ്പത്തിക വരുമാനത്തിൽ വലിയ കുറവുണ്ടാക്കുന്നതായി റിപ്പോർട്ട്. 2026–27 സാമ്പത്തിക വർഷത്തിൽ ഇത്തരം കരാറുകൾ വഴി ഇന്ത്യക്ക് ലഭിക്കേണ്ട ഇറക്കുമതി നികുതിയിൽ (കസ്റ്റംസ് ഡ്യൂട്ടി) ഒരു ലക്ഷം കോടി രൂപയിലധികം കുറവുണ്ടാകുമെന്ന് ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു. മുൻ വർഷങ്ങളിൽ ഏകദേശം 94,172 കോടി രൂപയായി കണക്കാക്കിയിരുന്ന ഈ നഷ്ടം നിലവിൽ 98,569 കോടിയായി ഉയർന്നിരിക്കുകയാണ്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ആസിയാൻ’ രാജ്യങ്ങളുമായുള്ള വ്യാപാര കരാറാണ് ഏറ്റവും വലിയ വരുമാന നഷ്ടം ഉണ്ടാക്കുന്നത്. 2026–27 വർഷത്തിൽ മാത്രം ഏകദേശം 40,833 കോടി രൂപയുടെ നികുതി ഇളവുകൾ ഈ മേഖലയിൽ നൽകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വൻതോതിൽ വർധിക്കുമ്പോൾ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ആനുപാതികമായി വളരുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. ഇത് വലിയ രീതിയിലുള്ള വ്യാപാര കമ്മിക്കും കാരണമാകുന്നു.
ആസിയാന് പുറമെ ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള കരാറുകളും വരുമാന നഷ്ടത്തിന് ഇടയാക്കുന്നുണ്ട്. ജപ്പാനുമായുള്ള കരാറില്‍ 11,365 കോടിയും ദക്ഷിണ കൊറിയന്‍ കരാറിന്റെ ഫലമായി 10,872 കോടിയും നഷ്ടം കണക്കാക്കുന്നു. യുഎഇയുമായുള്ള വ്യാപാരത്തില്‍ 9,267 കോടി, ഓസ്ട്രേലിയയുമായി 5,107 കോടി എന്നിങ്ങനെയും നികുതി നഷ്ടം കണക്കാക്കപ്പെടുന്നു.
പലപ്പോഴും സ്വതന്ത്ര വ്യാപാരകരാറുകള്‍ രാജ്യതാല്പര്യത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പ്രതിഷേധം വകവയ്ക്കാതെ മോഡി സര്‍ക്കാര്‍ പല സ്വതന്ത്ര വ്യാപാര കരാറുകളും ഒപ്പുവയ്ക്കുകയായിരുന്നു. നിലവില്‍ ഒപ്പിട്ടിരിക്കുന്ന യുകെ, യൂറോപ്യന്‍ യൂണിയന്‍, യുഎസ് വ്യാപാരകരാറുകളും ഇന്ത്യന്‍ താല്പര്യങ്ങള്‍ക്കുമേല്‍ വിട്ടുവീഴ്ച ചെയ്തതാണെന്ന അഭിപ്രായം സാമ്പത്തിക വിദഗ്ധരടക്കം മുന്നോട്ടുവച്ചിരുന്നു. ആസിയാന്‍ കരാറിലെ അപാകതകൾ പരിഹരിക്കാൻ 2025 ഓടെ പുനഃപരിശോധന നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ഇതിൽ വലിയ പുരോഗതി ഉണ്ടായിട്ടില്ല. അതേസമയം ചൈനയിൽ നിർമ്മിച്ച ഉല്പന്നങ്ങൾ മറ്റ് രാജ്യങ്ങൾ വഴി നികുതി ഇളവുകളോടെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് തടയാൻ കർശനമായ പരിശോധനകൾ ആവശ്യമാണെന്ന് ഇന്ത്യ നിലപാടെടുത്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി വ്യാപാര കരാറുകൾ എത്രയും വേഗം പുതുക്കണമെന്ന ശക്തമായ സമ്മർദ്ദത്തിലാണ് കേന്ദ്ര സർക്കാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.