6 March 2026, Friday

Related news

March 6, 2026
March 6, 2026
March 3, 2026
March 2, 2026
March 1, 2026
February 27, 2026
February 27, 2026
February 25, 2026
February 25, 2026
February 24, 2026

ബംഗ്ലാദേശിന്റെ യാഥാര്‍ത്ഥ്യം ഇന്ത്യ തിരിച്ചറിയണം: താരിഖിന്റെ ഉപദേഷ്ടാവ്

സത്യപ്രതിജ്ഞാ ചടങ്ങില്‍ ഓം ബിര്‍ള പങ്കെടുക്കും 
Janayugom Webdesk
ധാക്ക
February 15, 2026 9:04 pm

ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നുവെന്ന് താരിഖ് റഹ്മാന്റെ വിദേശകാര്യ ഉപദേഷ്ടാവ്. ഷെയ്ഖ് ഹസീനയും അവാമി ലീഗും ഇപ്പോൾ ബംഗ്ലാദേശിൽ അധികാരത്തിലില്ല എന്ന യാഥാർത്ഥ്യം ഇന്ത്യ തിരിച്ചറിയണമെന്നും വിദേശകാര്യ ഉപദേഷ്ടാവ് ഹുമയൂൺ കബീർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടണമെങ്കിൽ ഇന്ത്യയുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടതെന്നും തുല്യമായ ബഹുമാനത്തിലും പരസ്പര നേട്ടത്തിലും അധിഷ്ഠിതമായ പുതിയ ബന്ധത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

2024 ഓഗസ്റ്റിലെ പ്രക്ഷോഭത്തിനുശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീനയെ 1,500ലധികം പേരുടെ മരണത്തിന് ഉത്തരവാദിയായ “തീവ്രവാദി” എന്നാണ് ഹുമയൂണ്‍ വിശേഷിപ്പിച്ചത്. ബംഗ്ലാദേശിന്റെ പരമാധികാരത്തെ തകർക്കുന്ന ഒരു പ്രവർത്തനത്തിനും ഇന്ത്യൻ മണ്ണ് ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 15 വർഷമായി ഇന്ത്യയുടെ ബന്ധം ബംഗ്ലാദേശിലെ ജനങ്ങളുമായല്ല, മറിച്ച് ഹസീനയുമായി മാത്രമായിരുന്നുവെന്നും ആ രീതി മാറണമെന്നും ഹുമയൂണ്‍ കൂട്ടിച്ചേര്‍ത്തു.

നാളെ നടക്കുന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബിഎന്‍പി ക്ഷണിച്ചിരുന്നു. മോഡിക്ക് മറ്റ് ഔദ്യോഗിക പരിപാടികളുള്ളതിനാല്‍ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക‍്സഭാ സ്പീക്കർ ഓം ബിർളയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും പങ്കെടുക്കും. ബിഎൻപിയുടെ വിജയത്തിന് പിന്നാലെ, മോഡി താരിഖ് റഹ്മാനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഇന്ത്യ സന്ദർശിക്കാൻ മോഡി താരിഖ് റഹ്മാനെ ക്ഷണിച്ചതായും ഹുമയൂൺ കബീർ സ്ഥിരീകരിച്ചു. നിലവിൽ ആഭ്യന്തര മുൻഗണനകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും ബംഗ്ലാദേശിലെ സാഹചര്യം സുസ്ഥിരമായ ശേഷം മാത്രമേ ഇന്ത്യയിലേതടക്കമുള്ള വിദേശ സന്ദർശനങ്ങൾ താരിഖ് റഹ്മാൻ നടത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.