
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ ദേശീയ സുരക്ഷ, പൗരസ്വാതന്ത്ര്യം, ജനാധിപത്യപരമായ ഉത്തരവാദിത്തം, പ്രദേശത്തെ സമാധാനം, സാമ്രാജ്യത്വ അതിക്രമം തുടങ്ങിയ ആശങ്കകള്‍ ഉയര്‍ന്നുവന്നു. തീവ്രവാദ ആക്രമണത്തിന് ഇന്ത്യന്‍ സായുധസേന ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനും പാക് അധിനിവേശ കശ്മീരിലെ തീവ്രവാദികള്‍ക്കും ശക്തമായ മറുപടി നല്‍കി. തീവ്രവാദ പരിശീലനകേന്ദ്രങ്ങളും ക്യാമ്പുകളും തകര്‍ത്തു. ഇത്തരം സാഹചര്യങ്ങളില്‍ ഒരു രാജ്യത്തിന്റെ പ്രതികരണം സൈനിക നടപടിക്കപ്പുറം കടന്നുപോണം. രാജ്യത്തിന്റെ ഐക്യം, സമഗ്രത, ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവ പ്രതിഫലിപ്പിക്കണം. ഭീകരവാദികളെക്കുറിച്ച് മാത്രമല്ല, രഹസ്യാന്വേഷണ വിഭാഗത്തിന്റെയും വിശാലമായ നയ — ദിശാബോധത്തിലെയും വീഴ്ചകളെ കുറിച്ചും നിര്‍ണായകമായ ചോദ്യങ്ങള്‍ ഉന്നയിക്കണം. ദേശീയ സുരക്ഷാ പ്രതിസന്ധിയില്‍ സര്‍വകക്ഷി യോഗം വിളിച്ചതിന്റെ ഉദ്ദേശം വ്യക്തമായിരുന്നു. പക്ഷെ, ഏകപക്ഷീയമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ ഒഴിവാക്കാനും കേന്ദ്ര സര്‍ക്കാരിന് താല്പര്യമുള്ളവരെ മാത്രം ക്ഷണിക്കാനുമുള്ള തീരുമാനം ജനാധിപത്യത്തിന്റെ ആത്മാവിനെ ദുര്‍ബലപ്പെടുത്തി. ജനാധിപത്യത്തില്‍ കൂടിയാലോചനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പ്രധാനമന്ത്രി സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാതിരുന്നത്, അദ്ദേഹം വഹിക്കുന്ന ഉയര്‍ന്ന ഉത്തരവാദിത്തത്തെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
സായുധസേനയുടെ പ്രൊഫഷണലിസവും ധൈര്യവും രാഷ്ട്രീയവല്‍ക്കരിക്കുകയോ, വര്‍ഗീയവല്‍ക്കരിക്കുകയോ ചെയ്യരുത്. വലതുപക്ഷ ശക്തികള്‍ സൈനിക നടപടി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് അപകടകരമായ പ്രവണതയാണ്. അതിരുകടന്ന ദേശീയതയെ വളര്‍ത്താനോ, ന്യൂനപക്ഷങ്ങളെ ലക്ഷ്യംവയ്ക്കാനോ പലപ്പോഴും അതുപയോഗിക്കുന്നു. സ്ഥാപനപരമായ അന്തസിലൂടെയാണ് നമ്മുടെ സേനയുടെ വീര്യം ആദരിക്കപ്പെടേണ്ടത്. നെഞ്ചത്തടിച്ച് കാണിക്കുന്നതിലൂടെയോ, വര്‍ഗീയ പരാമര്‍ശങ്ങളിലൂടെയോ അല്ല. ദേശസുരക്ഷയുടെ മറവില്‍ മതപരമായി രാജ്യത്തെ വിഭജിക്കാനുള്ള ഏതൊരു ശ്രമവും ഭീകരവാദത്തെ മാത്രമേ സഹായിക്കൂ.
പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് നടത്തിയ ഷെല്ലാക്രമണം, പൂഞ്ച് പോലുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ സാധാരണക്കാരുടെ ജീവഹാനിക്കിടയാക്കി. ഈ ദുഃഖത്തിനിടയിലും പക്വവും ശാന്തവുമായ ദേശീയ സംവാദം അനിവാര്യമാണ്. എന്നാല്‍ ചില മാധ്യമങ്ങള്‍ ഈയവസരം വര്‍ഗീയ പ്രചരണം നടത്താന്‍ ഉപയോഗിച്ചത് നിര്‍ഭാഗ്യകരമാണ്. ഭിന്നിപ്പിക്കുന്ന ആഖ്യാനങ്ങളെ ചെറുക്കുന്നതിന് പകരം ന്യൂനപക്ഷങ്ങളെ ബലിയാടാക്കുന്നതിനും ധ്രുവീകരണ അന്തരീക്ഷം ആളിക്കത്തിക്കുന്നതിലും ഒരു വിഭാഗം മാധ്യമങ്ങള്‍ ഏര്‍പ്പെട്ടു. “ദ വയര്‍’ പോലുള്ള സ്ഥാപനങ്ങള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിലൂടെ സത്യത്തിന്റെയും സംയമനത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് യാതൊരു നടപടിക്രമവും പാലിക്കാതെ ദ വയറിന്റെ പ്രസിദ്ധീകരണം തടഞ്ഞത് അസ്വസ്ഥതയുണ്ടാക്കുന്ന സംഭവമായിരുന്നു.
പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ അതിക്രമങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ തുടരുമ്പോള്‍, വിമര്‍ശനാത്മകവും അന്വേഷണാത്മകവുമായ മാധ്യമപ്രവര്‍ത്തനത്തിന് പേരുകേട്ട ന്യൂസ് പോര്‍ട്ടലുകളെ ലക്ഷ്യംവയ്ക്കുന്നത് വിയോജിപ്പുകളെ നിശബ്ദമാക്കുകയും ജനാധിപത്യ ഇടങ്ങള്‍ ചുരുക്കുകയും ചെയ്യുന്നതിനെ പ്രതിഫലിപ്പിക്കുന്നു. ഇവിടെ ഒരു മാധ്യമമല്ല, മറിച്ച് മാധ്യമ സ്വാതന്ത്ര്യമാണ് അപകടത്തിലായത്. പ്രതിസന്ധി ഘട്ടങ്ങളിലുള്ള വിയോജിപ്പുകളും വിമര്‍ശനാത്മക സൂക്ഷ്മപരിശോധനയും ജനാധിപത്യത്തിലുണ്ടാവണം, സ്വേച്ഛാധിപത്യത്തിലേക്ക് വീഴുന്നത് തടയുന്നതിന് അത് അനിവാര്യമാണ്. സുതാര്യതയോ, ഉത്തരവാദിത്തമോ ഇല്ലാതെ സെന്‍സര്‍ഷിപ്പ് പ്രയോഗിക്കുന്നത് പൊതുജനവിശ്വാസം ഇല്ലാതാക്കും. സര്‍ക്കാരിന്റെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത ഉറപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ സൈനിക നടപടി പുരോഗമിക്കുകയും പാകിസ്ഥാന്‍ ഷെല്ലാക്രമണം ശക്തമാക്കുകയും ചെയ്യുന്നതിനിടെ പെട്ടെന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ എന്ന പ്രഖ്യാപനം വന്നു. അതിര്‍ത്തിയില്‍ കഴിയുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമായി. വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചത് ആരാണ്? എന്തുകൊണ്ട്? എന്നീ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇന്ത്യയും പാകിസ്ഥാനും ഔദ്യോഗിക പ്രഖ്യാപനം നടത്തുംമുമ്പ്, കരാര്‍ യാഥാര്‍ത്ഥ്യമാക്കിയതിന്റെ നേട്ടം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി അവകാശപ്പെട്ടു. ഈ വെളിപ്പെടുത്തല്‍ ആരും തള്ളിക്കളഞ്ഞില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വെടിനിര്‍ത്തല്‍ ഉഭയകക്ഷി തീരുമാനമാണെന്ന അവ്യക്തമായ നിലപാടുയര്‍ത്തുന്നുവെന്നല്ലാതെ മധ്യസ്ഥതയെന്ന യുഎസ് അവകാശവാദത്തെ പരസ്യമായി നിഷേധിക്കുകയോ, അപലപിക്കുകയോ ചെയ്തില്ല. അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
രാജ്യങ്ങളുടെ അസ്ഥിരത, സൈനികവാഴ്ച എന്നിവയ്ക്ക് പിന്തുണ നല്‍കുന്ന ചരിത്രമുള്ള അമേരിക്ക, വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഇന്ത്യ — പാക് പ്രശ്നങ്ങളുടെ ഉഭയകക്ഷി പരിഹാരത്തിന്റെ ദീര്‍ഘകാല തത്വങ്ങളെ വെല്ലുവിളിക്കുകയും ഇന്ത്യയുടെ പരമാധികാരത്തെ ദുര്‍ബലമാക്കുകയും ചെയ്യുന്നതിന് തുല്യമാണ്. ഉഭയകക്ഷി പരിഹാര തത്വത്തിന്റെ മൂലക്കല്ലായ ഷിംല കരാര്‍ (1972) അമേരിക്കന്‍ ഇടപെടലിലൂടെ ദുര്‍ബലപ്പെടും. മാത്രമല്ല, സമാധാനത്തിന്റെ മറവില്‍ ദക്ഷിണേഷ്യയില്‍ ബാഹ്യഇടപെടലിനുള്ള ക്ഷണവുമാവും. അതേസമയം, അതിര്‍ത്തിയിലെ സമാധാനത്തിനും സമൃദ്ധിക്കും എതിരായ സാമ്രാജ്യത്വ ശക്തികളുടെ തന്ത്രപരവും സാമ്പത്തികവുമായ താല്പര്യങ്ങള്‍ സംരക്ഷക്കപ്പെടുകയും ചെയ്യും.
സാമ്രാജ്യത്വത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മുഖമാണ് ഈ ഇടപെടല്‍ എടുത്തുകാണിക്കുന്നത്. സൈനിക ഇടപെടലുകളിലോ, കൊളോണിയല്‍ അധിനിവേശത്തിലോ ഒതുങ്ങാതെ സാമ്രാജ്യത്വം ഇന്ന് വ്യാപാരം, നയതന്ത്രം, മധ്യസ്ഥത എന്നിവയുടെ മേലങ്കി അണിയുന്നു. ലോകത്ത് സമാധാനവും സ്ഥിരതയും വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയുടെ കാപട്യം തുറന്നുകാട്ടുന്നതാണ്. പലസ്തീനില്‍ വംശഹത്യയെ പിന്തുണയ്ക്കുന്ന അമേരിക്കയാണ് ഇവിടെ സമാധാനത്തിനായി വെള്ളരിപ്രാവിന്റെ വേഷംകെട്ടിയത്. ഇന്ത്യയുമായും പാകിസ്ഥാനുമായും വ്യാപാരം വര്‍ധിപ്പിക്കുമെന്ന ട്രംപിന്റെ സമാന്തര പ്രഖ്യാപനം മധ്യസ്ഥതയ്ക്ക് പിന്നിലെ യഥാര്‍ത്ഥ പ്രേരകശക്തി എന്താണെന്ന് വെളിപ്പെടുത്തുന്നു, ലാഭം.
യുദ്ധവും സമാധാനവും ചരക്കാക്കി മാറ്റുകയും സാമ്രാജ്യത്വ ശക്തികള്‍ അവരുടെ സൈനിക — വ്യവസായിക ശക്തികളുടെ താല്പര്യങ്ങള്‍ വളര്‍ത്തുന്നതിനായി ഉപയോഗിക്കുകയും ചെയ്യും. സംഘര്‍ഷത്തിനിടെ, അന്താരാഷ്ട്ര നാണയ നിധി യുഎസ് സ്വാധീനത്താല്‍ പാകിസ്ഥാന് 100 കോടി ഡോളര്‍ വായ്പ പ്രഖ്യാപിച്ചത് ഇക്കാര്യം വെളിപ്പെടുത്തുന്നു. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഈ പണത്തിന്റെ വലിയൊരു ഭാഗം പ്രതിരോധത്തിനും സൈനിക സംഭരണത്തിനുമായി ചെലവഴിക്കാന്‍ സാധ്യതയുണ്ട്. ഇതൊരു ദുഷിച്ച വ്യവസ്ഥയാണ് സൃഷ്ടിക്കുന്നത്. സാമ്രാജ്യത്വ ശക്തികള്‍ ഇരുവശത്തും ആയുധങ്ങള്‍ നല്‍കുന്നു, സംഘര്‍ഷങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നു, ഇടനിലക്കാരായി വെടിനിര്‍ത്തല്‍ കരാറുകള്‍ ഉണ്ടാക്കുന്നു, സമാധാനം സൃഷ്ടിച്ചതിന്റെ മറവില്‍ വ്യാപാരവും സ്വാധീനവും വികസിപ്പിക്കുന്നു.
ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. യുദ്ധത്തിലും സമാധാനത്തിലും ബാഹ്യ ഇടപെടലുണ്ടായാല്‍ തന്ത്രപരമായ സ്വയംഭരണം നിലനില്‍ക്കില്ല. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ അന്താരാഷ്ട്ര നേതാക്കള്‍ സ്വാതന്ത്ര്യമെടുക്കുമ്പോള്‍ മൗനം പാലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ല. അമേരിക്കന്‍ ഇടപെടലിനെ അപലപിക്കാനോ, ചോദ്യം ചെയ്യാനോ പോലും ഇന്ത്യന്‍ സര്‍ക്കാരിന് കഴിയാത്തത് അപകടകരമായ സ്ഥിതിയാണ്. ഇത് രാജ്യത്തിന്റെ പരമാധികാരത്തെയും നയതന്ത്രനിലപാടിനെയും ദുര്‍ബലപ്പെടുത്തുക മാത്രമല്ല, കശ്മീര്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തരകാര്യങ്ങളില്‍ കൂടുതല്‍ ബാഹ്യഇടപെടലിനുള്ള വാതില്‍ തുറക്കുകയും ചെയ്യുന്നു.
യഥാര്‍ത്ഥ ദേശീയ സുരക്ഷ മിസൈലുകളിലും നിരീക്ഷണത്തിലും മാത്രമല്ല, ജനങ്ങളുടെ ഐക്യത്തിലും ജനാധിപത്യശക്തിയിലുമാണ് നിലകൊള്ളുന്നത്. സുതാര്യത, ചര്‍ച്ച, എല്ലാവരെയും ഉള്‍ക്കൊള്ളല്‍ എന്നിവ അത് ആവശ്യപ്പെടുന്നു. നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഇത്തരം നല്‍കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം. വെടിനിര്‍ത്തലിന് പിന്നിലെ നയതന്ത്ര ഇടപെടലുകള്‍ എന്തായിരുന്നു? യുഎസ് ഇടപെടല്‍ ഏത് രീതിയിലായിരുന്നു? നിര്‍ദിഷ്ട വ്യാപാര, വിപുലീകരണ നിബന്ധനകള്‍ എന്തൊക്കെയാണ്? ഇത് ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തെയും നമ്മുടെ സമ്പദ്‍വ്യവസ്ഥയെയും എങ്ങനെ ബാധിക്കുന്നു? എന്ന് ബോധ്യപ്പെടുത്തണം.
ഭീകരാക്രമണം മുതല്‍ സൈനിക നടപടി വരെയും സെന്‍സര്‍ഷിപ്പ് മുതല്‍ വെടിനിര്‍ത്തല്‍ വരെയുമുള്ള സംഭവവികാസങ്ങള്‍ സൈനികവാഴ്ച, പ്രചരണം, സാമ്രാജ്യത്വം, രാഷ്ട്രീയ അവസരവാദം എന്നിവയുടെ സങ്കീര്‍ണത വെളിപ്പെടുത്തുന്നു. ഭീകരതയോട് പ്രതികരിക്കുക എന്നതുമാത്രമല്ല, ജനാധിപത്യം സംരക്ഷിക്കുകയും പരമാധികാരം കാത്തുസൂക്ഷിക്കുകയും മതേതരത്വത്തിന്റെയും നീതിയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ് രാജ്യത്തിന് മുന്നിലുള്ള വെല്ലുവിളി. സുതാര്യവും കൂട്ടായതും ജനകീയവുമായ സമീപനത്തിലൂടെ മാത്രമേ പ്രദേശത്ത് ശാശ്വത സമാധാനം ഉറപ്പാക്കാനാകൂ. അക്രമവും ഇടപെടലും നിര്‍ബന്ധ വെടിനിര്‍ത്തലും ഇനിയും തുടരും. ഇതൊന്നും ജനങ്ങളുടെ ആവശ്യമല്ല, ആഗോള ശക്തികളുടെ അത്യാഗ്രഹമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.