‘യുദ്ധം പരാജിതന്റെ കഥ മാത്രമാണ്. യുദ്ധം ഏറ്റവും വലിയ പ്രകൃതിദുരന്തമാണ്. പ്രകൃതി സമാധാനത്തെ മാത്രം ഇഷ്ടപ്പെടുന്നു’. സമചിത്തതയും ചിന്താശേഷിയുമുള്ളവർ യുദ്ധത്തെ ഈ വിധമാകും പൊതുവിൽ വിലയിരുത്തുക. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനും ഇതൊക്കെ ബോധ്യം വന്നു എന്ന നിലയിലാണ് ദുബായിലെ അൽ അറബിയ ടെലിവിഷന് നല്കിയ അഭിമുഖത്തിൽ സംസാരിച്ചത്. ഇന്ത്യയുമായി നടത്തിയ മൂന്ന് യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചെന്നും ഇനി സമാധാനത്തിനായാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും രാഷ്ട്രീയ അനിശ്ചിതത്വത്തിലൂടെയും കടന്നുപോകുന്നതിനിടയിലാണ് അദ്ദേഹം തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്. “യുദ്ധങ്ങൾ ജനങ്ങൾക്ക് നല്കിയത് സാമ്പത്തിക പ്രതിസന്ധിയും ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ്. പരസ്പരം ഏറ്റുമുട്ടി ഇനി സമയവും സമ്പത്തും പാഴാക്കേണ്ടതില്ല. ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി രാജ്യത്തിന്റെ വിഭവങ്ങൾ പാഴാക്കാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യ ഞങ്ങളുടെ അയൽരാജ്യമാണ്. മേഖലയിൽ സമാധാനം കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. അതുവഴി ഇരു രാജ്യങ്ങൾക്കും വളരാനാകും. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഫലപ്രദമായ ചർച്ച ആഗ്രഹിക്കുന്നു” എന്നാണ് ഷഹബാസ് പറഞ്ഞത്. എന്നാൽ ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് താല്പര്യമുണ്ടെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവം പുറത്തുവന്നപാടെ പാകിസ്ഥാനിൽ നിന്ന് തിരുത്തുമായി പ്രധാനമന്ത്രിയുടെ ഓഫിസ് വക്താവ് രംഗത്തുവന്നു.
ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ പുനഃപരിശോധിച്ചാൽ മാത്രമേ സന്ധിസംഭാഷണം നടക്കൂ എന്നുകൂടി ഷഹബാസ് പറഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് ഓഫിസ് വക്താവ് പ്രസ്താവവുമായെത്തിയത്. ചുരുക്കത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി ആഗ്രഹിച്ചാലും അധികാരത്തിന്റെ കായികബലം കയ്യാളുന്ന വിഭാഗം ജനങ്ങളെയും രാജ്യത്തെയും സമാധാനമായി പുലരാൻ അനുവദിക്കില്ലെന്ന് സാരം. പാകിസ്ഥാനിൽ രാഷ്ട്രീയക്കാരുടെ അഴിമതിയെക്കാൾ വലുതാണ് സെെനികമേധാവികൾ കാലാകാലമായി നടത്തിവരുന്ന അഴിമതിയെന്ന് അവിടത്തെ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ധനസ്രോതസുകൾ വറ്റിയ ഒരു രാഷ്ട്രത്തിൽ നിന്ന് പണമുണ്ടാക്കണമെങ്കിൽ ആകെയുള്ള പോംവഴിയാണ് സംഘർഷങ്ങൾ സൃഷ്ടിച്ച് യുദ്ധസമാനമായ അന്തരീക്ഷം നിലനിർത്തുകയെന്നത്. പാക് സെെനിക മേധാവികൾ അത് തുടർന്നുകൊണ്ടിരിക്കും. കശ്മീരിനെ ചൊല്ലി 1947–48ൽ ഉണ്ടായ യുദ്ധത്തെയാണ് ഇന്ത്യ‑പാക് യുദ്ധങ്ങളുടെ മാതാവെന്ന് വിളിക്കുന്നത്. ഈ യുദ്ധത്തിൽ 1100 ഇന്ത്യൻ സെെനികരും 1990 പാകിസ്ഥാൻ സെെനികരുമാണ് കൊല്ലപ്പെട്ടത്. 1965ൽ നിയന്ത്രണരേഖയിലെ അഞ്ച് സ്ഥലങ്ങളിലൂടെ കശ്മീരിലേക്ക് പാക് സെെന്യം കടന്നുകയറിയതിനെ തുടർന്നും സെപ്റ്റംബർ മൂന്ന് മുതൽ 22 വരെ ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിലേർപ്പെട്ടു. ആ യുദ്ധവും ഇരുവിഭാഗത്തിനും ഒട്ടേറെ ആൾനാശവും നഷ്ടങ്ങളും ഉണ്ടാക്കി. 1971ൽ കിഴക്കൻ പാകിസ്ഥാന്റെ പേരിലുണ്ടായ യുദ്ധത്തിൽ ഇന്ത്യ എല്ലാ അർത്ഥത്തിലും വിജയം നേടിയെങ്കിലും കഷ്ടനഷ്ടങ്ങൾ ഇന്ത്യക്കും വേണ്ടുവോളമായിരുന്നു. 1999ൽ കാർഗിൽ കേന്ദ്രമാക്കി നടന്ന ഇന്ത്യാ-പാക് ഏറ്റുമുട്ടൽ ഒരു പൂർണ യുദ്ധമായിരുന്നില്ലെങ്കിലും 527 ജീവൻ ഇന്ത്യക്ക് നഷ്ടപ്പെട്ടു. പാകിസ്ഥാന് അതിന്റെ മൂന്നിരട്ടിയിലേറെയും.
2016 സെപ്റ്റംബർ 18ന് ഉറിയിലെ സെെനിക ക്യാമ്പിനുനേരെ പാക് ഭീകരവാദികൾ നടത്തിയ ആക്രമണത്തിന് പ്രതികാരമായി സെപ്റ്റംബർ 29ന് നിയന്ത്രണ രേഖയ്ക്കപ്പുറമുള്ള ഭീകരവാദ കേന്ദ്രങ്ങളിൽ ഇന്ത്യ സർജിക്കൽ സ്ട്രെെക്ക് നടത്തി. 2019 ഫെബ്രുവരി 26നും നിയന്ത്രണ രേഖയ്ക്കപ്പുറമുള്ള ബാലാകോട്ടിലെ ഭീകരവാദി കേന്ദ്രത്തിലേക്ക് ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഓരോ യുദ്ധം കഴിയുമ്പോഴും സമാധാന ചർച്ചകൾ അരങ്ങേറുന്നുണ്ട്. 1966ൽ ജനുവരിയിൽ പാകിസ്ഥാൻ പ്രസിഡന്റ് ആയൂബ് ഖാനും ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയും തമ്മിൽ സോവിയറ്റ് യൂണിയന്‍ മന്ത്രിമാരുടെ കൗൺസിൽ ചെയർമാൻ അലക്സി കോസിഗിന്റെ പങ്കാളിത്തത്തോടെ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാധാരണവും സമാധാനപരവുമായ ബന്ധം പുനഃസ്ഥാപിക്കുന്നതിനായി താഷ്കെന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. 1971 യുദ്ധത്തിന് ശേഷം 1972ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക് പ്രസിഡന്റ് സുൾഫിക്കർഅലി ഭൂട്ടോയും തമ്മിൽ സിംലാ കരാർ ഒപ്പിട്ടെങ്കിലും അതിർത്തിയിലെ ഏറ്റുമുട്ടലുകൾക്ക് കുറവൊന്നുമുണ്ടായില്ല. ചെറുതും വലുതുമായ സംഘർഷങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. ഇത് എന്തിനുവേണ്ടി? ആരുടെ താല്പര്യം? ഉത്തരമില്ലാത്ത ചോദ്യങ്ങൾ! ലോകത്ത് ഏറ്റവുമധികം സെെനിക സന്നാഹങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നത് ഇന്ത്യാ-പാക് അതിർത്തിയിലാണ്. ഭൂമിശാസ്ത്രപരമായും ഭാഷാപരമായും വംശപരമായും സാംസ്കാരികമായും ബഹുസ്വരമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം പതിനായിരക്കണക്കിന് വർഷങ്ങൾ മുൻപ് മുതൽ പല സമൂഹങ്ങളുടെ അധിനിവേശ‑കുടിയേറ്റങ്ങൾ സൃഷ്ടിച്ചതാണ്. സിന്ധുനദീതട നാഗരികത (വെങ്കലയുഗം) ഇപ്പോഴത്തെ ഇന്ത്യ‑പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിലാണ് നിലനിന്നിരുന്നത്.
ഏതാണ്ട് ഒരേ സാംസ്കാരിക പെെതൃകങ്ങൾ പുലർത്തിയിരുന്ന മണ്ണിൽ അധിവസിക്കുന്നവർ മതപരമായ സ്വത്വബോധം തീവ്രമായി ഉൾക്കൊള്ളാൻ നിർബന്ധിക്കപ്പെട്ടു തുടങ്ങിയതോടെയാണ് ഭിന്നതകൾ ഉടലെടുത്തതും വിഭജനം അനിവാര്യമാക്കിയതും. പാകിസ്ഥാൻ പ്രധാനമന്ത്രി ചോദിക്കുന്നു. “പാകിസ്ഥാൻ ആണവശക്തിയാണ്. എന്നാൽ യുദ്ധമുണ്ടായാൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ ആരാണ് ജീവിച്ചിരിക്കുക?” ചോദ്യം ഇന്ത്യക്കും ബാധകമാണ്. ‘ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആണവയുദ്ധമുണ്ടായാൽ ഇരു രാജ്യങ്ങളിലുമായി 13 കോടി ജനങ്ങളെങ്കിലും ഉടൻ കൊല്ലപ്പെടും. ഈ യുദ്ധക്കെടുതികൾ ഇന്ത്യാ-പാക് ഭൂവിഭാഗത്തിൽ മാത്രമൊതുങ്ങാതെ ലോകത്തെ ആണവശെെത്യത്തിലേക്ക് തള്ളിവിട്ട് ആഗോള കാലാവസ്ഥാ ദുരന്തത്തിനിടയാക്കും’ എന്ന് സയൻസ് അഡ്വാൻസ്ഡ് ജേണലിൽ വന്ന അമേരിക്കൻ ശാസ്ത്രജ്ഞരുടെ പഠനം മുന്നറിയിക്കുന്നു. പാകിസ്ഥാന്റെ ഭീകരവാദ ബന്ധങ്ങൾ കാരണം ആണവായുധങ്ങൾ മതഭ്രാന്തന്മാരായ ഭീകരരുടെ കെെകളിലെത്താനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. രാജ്യസുരക്ഷയുടെ മാർഗം യുദ്ധമല്ല. രാജ്യാന്തര തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുക, ഭികരവാദികളെ ഒറ്റപ്പെടുത്തുക, അധികാരിവർഗത്തിന്റെ യുദ്ധക്കൊതിയെ ജനം തിരിച്ചറിഞ്ഞ് പ്രതികരിക്കുക. ഇതൊക്കെയാണ് മാറുന്ന ലോകക്രമത്തിൽ ശാന്തിക്കും സമാധാനത്തിനുമുള്ള വഴികൾ. “നിങ്ങൾ പരസ്പരം ധാരാളം നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ, പിന്നെ എന്തിനാണ് യുദ്ധത്തിന് പോകുന്നത്? സംഘർഷങ്ങൾ ഇല്ലാതാക്കിക്കൂടെ? എന്തുകൊണ്ട് സമാധാനം സാധ്യമാക്കുന്നില്ല? എന്താണ് അതിനൊരു വഴി? ‑ലിസിസ്ട്രാട, അരിസ്റ്റോഫനിസ് (ബി സി 4)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.