9 March 2026, Monday

Related news

March 9, 2026
March 9, 2026
March 9, 2026
March 9, 2026
March 8, 2026
March 8, 2026
March 8, 2026
March 8, 2026
March 8, 2026
March 7, 2026

ലോകത്തെ രണ്ടാമത്തെ വലിയ ആയുധ ഇറക്കുമതി രാജ്യമായി ഇന്ത്യ; റഷ്യയും ഫ്രാൻസും പ്രധാന വിതരണക്കാർ

Janayugom Webdesk
ന്യൂഡൽഹി
March 9, 2026 8:50 pm

ലോകത്തെ ആയുധ ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുന്നതായി സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോള ആയുധ ഇറക്കുമതിയുടെ 8.2 ശതമാനവും ഇന്ത്യയിലേക്കാണ് എത്തിയത്. 9.7 ശതമാനവുമായി ഉക്രെയ്ൻ ആണ് പട്ടികയിൽ ഒന്നാമത്.
2016–20 കാലയളവിനെ അപേക്ഷിച്ച് 2021–25 കാലയളവിൽ ഇന്ത്യയുടെ ആയുധ ഇറക്കുമതിയിൽ നാല് ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ചൈന, പാകിസ്ഥാൻ എന്നിവരുമായുള്ള അതിർത്തി സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അത്യാധുനിക ആയുധങ്ങൾക്കായി ഇന്ത്യ ഇപ്പോഴും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് തുടരുകയാണ്.
ഫ്രാൻസിൽ നിന്നുള്ള 140 യുദ്ധവിമാനങ്ങൾ, ജർമ്മനിയിൽ നിന്നുള്ള ആറ് അന്തർവാഹിനികൾ എന്നിവയുൾപ്പെടെയുള്ള വലിയ കരാറുകൾ ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് ഗണ്യമായി കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2011–15 ൽ 70 ശതമാനമായിരുന്ന റഷ്യൻ വിഹിതം 2021–25 ൽ 40 ശതമാനമായി കുറഞ്ഞു. എങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാരായി റഷ്യ തുടരുന്നു. റഷ്യയ്ക്ക് പകരമായി ഫ്രാൻസ്, ഇസ്രായേൽ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിൽ വലിയ വർദ്ധനവുണ്ടായി. നിലവിൽ ഇന്ത്യയുടെ രണ്ട് പ്രധാന ആയുധ വിതരണക്കാർ ഫ്രാൻസും ഇസ്രായേലുമാണ്.
കിഴക്കൻ ലഡാക്കിലെ ചൈനീസ് പ്രകോപനവും പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂർ പോലുള്ള സാഹചര്യങ്ങളും ഇന്ത്യയുടെ പ്രതിരോധ നയത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ ചൈനീസ് നിർമ്മിത വ്യോമ പ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും മിസൈലുകളും വൻതോതിൽ വിന്യസിച്ചതും ഇന്ത്യയുടെ ആയുധ സംഭരണം അടിയന്തരമായി വർദ്ധിപ്പിക്കാൻ കാരണമായി. അതേസമയം, പാകിസ്ഥാന്റെ ആയുധ ഇറക്കുമതിയിൽ 66 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. പാകിസ്ഥാൻ വാങ്ങുന്ന ആയുധങ്ങളുടെ 80 ശതമാനവും നൽകുന്നത് ചൈനയാണ്.
ഓപ്പറേഷൻ സിന്ദൂർ പശ്ചാത്തലത്തിൽ പ്രതിരോധ ബജറ്റിൽ 15 ശതമാനത്തിലധികം വർദ്ധനവാണ് രാജ്യം വരുത്തിയത്. 2026–27 ബജറ്റിൽ ആകെ 7.85 ലക്ഷം കോടി രൂപയാണ് പ്രതിരോധത്തിനായി മാറ്റിവച്ചിരിക്കുന്നത്. ഇതിൽ 2.19 ലക്ഷം കോടി രൂപയും പുതിയ യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ, മിസൈലുകൾ, ഡ്രോൺ സംവിധാനങ്ങൾ എന്നിവ വാങ്ങാനായി ഉപയോഗിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.