
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സൈനിക ചെലവ് പാകിസ്ഥാനെക്കാള്‍ ഒമ്പത് മടങ്ങായിരുന്നെന്ന് പ്രമുഖ സ്വീഡിഷ് സ്ഥാപനം സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ) പുറത്തിറക്കിയ പഠനം പറയുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുമ്പോഴാണ് പഠനം പുറത്തുവരുന്നത് എന്നതും ശ്രദ്ധേയം.
ഇന്ത്യയുടെ സൈനിക ചെലവ് ലോകത്ത് അഞ്ചാം സ്ഥാനത്താണ്. അത് പോയവര്‍ഷം 1.6 ശതമാനം വര്‍ധിച്ച് 8,610 കോടി ഡോളറിലെത്തി. അതേസമയം പാകിസ്ഥാന്‍ ചെലവഴിച്ചത് വെറും 1,020 കോടി ഡോളറാണ്. അമേരിക്ക, ചൈന, റഷ്യ, ജര്‍മ്മനി, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ആഗോളതലത്തില്‍ സൈനിക ചെലവിന്റെ 60 ശതമാനവും വഹിക്കുന്നത്. മൊത്തം സെെനിക ചെലവ് 1,63,500 കോടി ഡോളറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുടെ ചെലവ് 7.0 ശതമാനം വര്‍ധിച്ച് 31,400 കോടി യുഎസ് ഡോളറിലെത്തി. മൂന്ന് പതിറ്റാണ്ടായുള്ള തുടര്‍ച്ചയായ വളര്‍ച്ചയാണിതെന്നും ‘ലോക സൈനിക ചെലവിലെ പ്രവണതകള്‍ 2024’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യയിലെയും ഓഷ്യാനിയയിലെയും സൈനിക ചെലവിന്റെ 50 ശതമാനവും ചൈനയുടേതാണ്. സൈന്യത്തിന്റെ ആധുനികവല്‍ക്കരണം, സൈബര്‍ യുദ്ധ ശേഷി, ആണവായുധ ശേഖരം, വളര്‍ച്ച എന്നീ മേഖലകളിലാണ് നിക്ഷേപം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യ ഉള്‍പ്പെടെ യൂറോപ്പിലെ സൈനിക ചെലവ് 17 ശതമാനം വര്‍ധിച്ച് 69,300 കോടി യുഎസ് ഡോളറിലെത്തിയതാണ് 2024ലെ ആഗോള വര്‍ധനവിന് പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉക്രെയ്ന്‍ യുദ്ധം മൂന്ന് വര്‍ഷമായതോടെ യൂറോപ്പിലുടനീളം സൈനിക ചെലവ് വര്‍ധിക്കുന്നു. ഇത് ശീതയുദ്ധത്തിന്റെ അവസാനം രേഖപ്പെടുത്തിയതിന് അപ്പുറമെത്തി.
കഴിഞ്ഞ വര്‍ഷം റഷ്യയുടെ ചെലവ് ഏകദേശം 14,900 കോടി യുഎസ് ഡോളറിലെത്തി. തൊട്ട് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനം വര്‍ധനവും 2015ന്റെ ഇരട്ടിയുമാണ്. രാജ്യത്തെ ജിഡിപിയുടെ 7.1 ശതമാനവും സര്‍ക്കാര്‍ ചെലവിന്റെ 19 ശതമാനവുമാണിത്. ഉക്രെയ‌്നിന്റെ സൈനിക ചെലവ് 2.9 ശതമാനം വര്‍ധിച്ച് 6,470 കോടി യുഎസ് ഡോളറായി. പോയ വര്‍ഷം മറ്റേത് രാജ്യത്തെക്കാളും വലിയ സൈനിക ചെലവ് ഉക്രെയ‌്നിനാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.