
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. 45 പന്തില്‍ 58 റണ്‍സെടുത്ത സാഹിബ്സാദ ഫര്‍ഹാനാണ് ടോപ് സ്കോറര്‍.
തുടക്കത്തില്‍ പതറിയ പാകിസ്ഥാന്‍ പിന്നീട് തകര്‍ത്തടിച്ചു. സ്കോര്‍ 21ല്‍ നില്‍ക്കെ ഫഖര്‍ സമാനെയാണ് ആദ്യം നഷ്ടമായത്. ഒമ്പത് പന്തില്‍ 15 റണ്‍സെടുത്ത ഫഖറിനെ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സഞ്ജു സാംസണ്‍ ക്യാച്ചെടുത്തു. മൂന്നാമനായി സയിം അയൂബെത്തി. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുത്തു. പിന്നീട് സാഹിബ്സാദ ഫര്‍ഹാനും സയിം അയൂബും ചേര്‍ന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഫര്‍ഹാനായിരുന്നു അപകടകാരി. 17 പന്തില്‍ 21 റണ്‍സെടുത്ത സയിം അയൂബിനെ പുറത്താക്കി ശിവം ദുബെ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ഫര്‍ഹാന്‍ അര്‍ധസെഞ്ചുറി കുറിച്ചു.
11.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 100 റണ്‍സിലെത്തി. പിന്നീട് ഇന്ത്യ ബൗളിങ് ശക്തമാക്കി തിരിച്ചുവരവ് നടത്തി. ഹുസൈന്‍ തലത്തിനെ കുല്‍ദീപ് യാദവ് വരുണ്‍ ചക്രവര്‍ത്തിയുടെ കൈകളിലെത്തിച്ചു. 11 പന്തില്‍ 10 റണ്‍സാണ് താരം നേടിയത്. പിന്നാലെ ഓപ്പണറായ ഫര്‍ഹാനെ ദുബെ മടക്കി. മുഹമ്മദ് നവാസ് (21), ഫഹീം അഷ്റഫ് (20) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യക്കായി ശിവം ദുബെ രണ്ട് വിക്കറ്റ് നേടി.
നേരത്തെ ഗ്രൂപ്പ് സ്റ്റേജില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു. മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.