
യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് ‘ശരിയായ സ്ഥാനം’ ലഭിക്കണമെന്ന് യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ. ഇന്ന് മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹത്തിൻറെ പ്രസ്താവന. ഐക്യരാഷ്ട്രസഭയുടെ പരമോന്നത തീരുമാനമെടുക്കൽ സമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്നത് വളരെക്കാലമായി ഉന്നയിക്കപ്പെടുന്ന ആവശ്യമാണ്. കഴിഞ്ഞ മാസങ്ങളിൽ ആ ആവശ്യത്തെ അമേരിക്ക (ജോ ബൈഡൻ പ്രസിഡന്റായിരുന്നപ്പോൾ), ജർമ്മനി, ഫ്രാൻസ്, ആഫ്രിക്കൻ യൂണിയൻ, ജപ്പാൻ, ബ്രസീൽ എന്നിവയും പിന്തുണച്ചിരുന്നു.
ഇന്ത്യയെ പിന്തുണച്ച് റഷ്യയും രംഗത്തെത്തിയിരുന്നു. നിലവിൽ യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം ചൈനയാണ്. ചൈനയുമായുള്ള ഇന്ത്യയുടെ സാമ്പത്തിക, സൈനിക, നയതന്ത്ര ബന്ധങ്ങൾ മോശമായ അവസ്ഥയിലായിരുന്നു. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര താരിഫുകൾക്കെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ട് വരികയാണ്.
കഴിഞ്ഞ കുറേ വർഷങ്ങളായി യുഎൻ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ പോരാട്ടം ശക്തമായി തുടരുകയാണ്. 2023 സെപ്റ്റംബറിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ആവശ്യം ‘പൂർണ്ണമായി മനസ്സിലാക്കുന്നു’ എന്ന് പറഞ്ഞു, എന്നാൽ ബിഡ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അംഗരാജ്യങ്ങളാണെന്നും പറഞ്ഞിരുന്നു. നിലവിൽ യുഎൻഎസ്‌സിയിൽ അഞ്ച് സ്ഥിരാംഗങ്ങളുണ്ട് — യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാൻസ് — കൂടാതെ 10 അംഗരാജ്യങ്ങളെ ജനറൽ അസംബ്ലി രണ്ട് വർഷത്തെ കാലാവധിയിലേക്ക് തിരഞ്ഞെടുക്കുന്നു.
കൂടാതെ ഇന്ത്യയും യുകെയും തമ്മിൽ ജൂലൈയിൽ ഒപ്പ് വച്ച വ്യാപാര കരാറുകൾ പ്രകാരം വിസ്കി, സൗന്ദര്യവർദ്ധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ തീരുവ കുറയ്ക്കും. അത്പോലെ തന്നെ ബ്രിട്ടൻ വസ്ത്രങ്ങൾ, പാദരക്ഷകൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ തീരുവ കുറയ്ക്കും.ഇന്ത്യയും ബ്രിട്ടനും ലോകത്തിലെ അഞ്ചാമത്തെയും ആറാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകളാണ്.
ഇന്ത്യയും യുകെയും ‘സ്വാഭാവിക പങ്കാളികളാണെന്നും’ ആഗോള സ്ഥിരതയ്ക്കും സാമ്പത്തിക പുരോഗതിക്കും നിർണായക അടിത്തറ കെട്ടിപ്പടുക്കുന്നതിനൊപ്പം സൈനിക ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും തുടങ്ങി മെച്ചപ്പെട്ട സമുദ്ര സുരക്ഷ, പശ്ചിമേഷ്യ, ഉക്രെയ്ൻ വിഷയങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉക്രെയ്നിലെയും ഗാസയിലെയും യുദ്ധങ്ങളെക്കുറിച്ച്, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനത്തിനുള്ള ഏതൊരു ശ്രമത്തെയും പിന്തുണയ്ക്കുന്നതായി ഇന്ത്യ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.