പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദർശന വേളയിൽ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിലെ കരാറുകള്‍ രാജ്യതാല്പര്യത്തിന് വിരുദ്ധമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്.
2016‑ലെ ലോജിസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ്, 2018‑ലെ കമ്മ്യൂണിക്കേഷൻസ് കോംപാറ്റിബിലിറ്റി ആൻഡ് സെക്യൂരിറ്റി എഗ്രിമെന്റ്, 2020‑ലെ അടിസ്ഥാന വിനിമയ, സഹകരണ ഉടമ്പടി എന്നീ സുപ്രധാന പ്രതിരോധ കരാറുകളുടെ തുടർച്ചയായാണ് യുഎസുമായുള്ള സമീപകാല കരാറുകൾ.
ആയുധനിര്‍മ്മാണ സഹകരണം വര്‍ധിപ്പിക്കാനും അതുവഴി സൈന്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനുമുള്ള ഏതാനും കരാറുകള്‍ ഒപ്പുവയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് വ്യവസ്ഥകള്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ നാവിക താവളങ്ങളും സൈനിക വിമാനത്താവളങ്ങളും സൈനിക മുന്നേറ്റത്തിനും അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി യുഎസിന് ഉപയോഗിക്കാന്‍ വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് സിപിഐ ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ സ്വയംഭരണത്തിലുള്ള സന്ധിചെയ്യലാണ്. കൂടാതെ ഈ നടപടി മറ്റ് രാജ്യങ്ങള്‍ക്ക് പ്രേരണയാവുകയും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ആയുധ മത്സരത്തിന് വഴിയൊരുക്കുകയും ചെയ്യും.
ഉക്രെയ്‌നിലെ യുദ്ധം മുതൽ മ്യാൻമറിലെ ജനാധിപത്യം പുനഃസ്ഥാപിക്കൽ വരെയുള്ള വിഷയങ്ങള്‍ സംയുക്ത പ്രസ്താവനയിൽ ചർച്ചചെയ്യുന്നുണ്ട്. എന്നാൽ പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നു. ദൗർഭാഗ്യവശാൽ ഇവിടെ സയണിസ്റ്റ് ഇസ്രയേലിന്റെ പിന്തുണക്കാരും ഹിന്ദുത്വ മൗലികവാദവും ഒത്തുചേരുന്നു. ഏഷ്യാ-പസഫിക് മേഖലയിൽ യുഎസിന്റെ ആധിപത്യ നയം നടപ്പിലാക്കാനുള്ള ഉപകരണമായി മാറാതെ കാലങ്ങളായി തുടരുന്ന സ്വതന്ത്ര വിദേശനയം പിന്തുടരണമെന്ന് കേന്ദ്ര സർക്കാരിനോട് സിപിഐ ആവശ്യപ്പെട്ടു.
English Summary: India should not become a tool of US: CPI
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.