ഐക്യരാഷ്ട്ര സഭയില്‍ ഇസ്രയേലിനെതിരായ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് ഇന്ത്യ. പലസ്തീനിലെ അധിനിവേശം അവസാനിപ്പിക്കണമെന്നും സിറിയൻ ഗോലാനിൽ നിന്നും ഇസ്രയേൽ പിന്മാറണമെന്നുമുള്ള ജനറൽ അസംബ്ലി പ്രമേയങ്ങളെയാണ് ഇന്ത്യ പിന്തുണച്ചത്. പലസ്തീനിൽ സമാധാനപരമായ ഒത്തുതീർപ്പ്’ എന്ന പ്രമേയം സെനഗലാണ് അവതരിപ്പിച്ചത്. കിഴക്കൻ ജറുസലേം ഉൾപ്പെടെ 1967 മുതൽ അധിനിവേശം നടത്തിയ മുഴുവൻ പലസ്തീൻ പ്രദേശങ്ങളിൽനിന്നും ഇസ്രയേൽ പിൻവാങ്ങുക, പശ്ചിമേഷ്യയിൽ സമഗ്രവും നീതിപൂർവവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുക എന്നീ ആഹ്വാനങ്ങൾ ഉൾക്കൊള്ളുന്നതാണ് പ്രമേയം. 193 അംഗ സഭയിൽ 157 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. അർജന്റീന, ഹംഗറി, ഇസ്രയേൽ, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, അമേരിക്ക എന്നീ രാജ്യങ്ങൾ എതിർത്തു. കാമറൂൺ, ചെക്കിയ, ഇക്വഡോർ, ജോർജിയ, പരാഗ്വേ, ഉക്രെയ്ൻ, ഉറുഗ്വേ എന്നീ രാജ്യങ്ങൾ വിട്ടുനിന്നു.
അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഒത്തൊരുമയോടെ സമാധാനത്തിലും സുരക്ഷിതത്വത്തിലും ഇസ്രയേലും പലസ്തീനും രണ്ട് സ്വതന്ത്ര രാജ്യങ്ങളായി കഴിയണമെന്ന് പൊതുസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കോടതിയുടെ 2024 ജൂലൈ 19ലെ ഉത്തരവിൽ നിർദേശിക്കുന്നത് പോലെ അധിനിവേശ പലസ്തീൻ പ്രദേശത്ത് നിന്ന് ഇസ്രയേൽ നിയമവിരുദ്ധ സാന്നിധ്യം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബാധ്യതകൾ കർശനമായി പാലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
അധിനിവേശ പലസ്തീനിൽ നിന്ന് എല്ലാ കുടിയേറ്റക്കാരെയും ഒഴിപ്പിക്കുക, പുതുതായി പ്രഖ്യാപിച്ച അനധികൃത കുടിയേറ്റ നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കുക, നിയമവിരുദ്ധ പ്രവൃത്തികൾക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങളും യുഎൻ ഉന്നയിച്ചു. ഗാസ 1967ന് മുമ്പേ പലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നും ഒരുവർഷത്തിലേറെയായി ഈ പ്രദേശങ്ങള്‍ കെെയ്യടക്കാനോ ജനങ്ങളെ പുറത്താക്കാനോ ഉള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും പൊതുസഭ വ്യക്തമാക്കി.
സിറിയൻ ഗോലാനിൽനിന്ന് ഇസ്രയേൽ പിൻമാറണമെന്ന രക്ഷാസമിതിയുടെയും പൊതുസഭയുടെയും പ്രമേയങ്ങൾ പരിഗണിക്കാത്തതില്‍ പ്രമേയം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഈ പ്രമേയം എട്ടിനെതിരെ 97 വോട്ടുകൾക്കാണ് യുഎൻ അംഗീകരിച്ചത്. 64 രാജ്യങ്ങൾ വിട്ടുനിന്നു. ഓസ്‌ട്രേലിയ, കാനഡ, ഇസ്രയേൽ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ എതിര്‍ത്തു. അധിനിവേശ സിറിയൻ ഗോലാനിൽ തങ്ങളുടെ നിയമങ്ങളും അധികാരവും ഭരണവും അടിച്ചേൽപ്പിക്കാനുള്ള 1981 ഡിസംബറിലെ ഇസ്രയേൽ തീരുമാനം അസാധുവാണെന്നും യാതൊരു നിയമസാധുതയും അതിനില്ലെന്നും ചൂണ്ടിക്കാട്ടിയ പ്രമേയം, ഈ നീക്കത്തിൽനിന്ന് പിൻമാറാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.