വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മഴകാരണം സമനിലയിലായെങ്കിലും പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചു. മത്സരത്തില്‍ വിജയമുറപ്പിച്ചിരുന്ന ഇന്ത്യയെ മഴ വഴിമുടക്കിയെത്തിയത് മറ്റൊരു രീതിയില്‍ തിരിച്ചടിയായി. ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരം കൂടിയാണ് നഷ്ടമായത്. അഞ്ചാം ദിനം പൂര്‍ണമായും മഴയില്‍ നഷ്ടമായതോടെ മത്സരം സമനിലയാകുകയായിരുന്നു. ഇതോടെ പരമ്പര 1–0ന് ഇന്ത്യ നേടി.
പക്ഷെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. രണ്ടാം ടെസ്റ്റിലെ സമനില കാരണം ഇന്ത്യക്കു ഒന്നാംസ്ഥാനം നഷ്ടമായിരിക്കുകയാണ്. 100 ശതമാനം വിജയമെന്ന ഇന്ത്യയുടെ റെക്കോഡാണ് സമനിലയോടെ കൈവിട്ടത്. ഇത് ഡബ്ല്യുടിസിയുടെ മൂന്നാം സീസണിലെ പോയിന്റ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനത്തിനു ഇളക്കം തട്ടിക്കുകയും ചെയ്തു. പരമ്പര തൂത്തുവാരിയിരുന്നെങ്കില്‍ 24 പോയിന്റ് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്ന ഇന്ത്യക്ക് രണ്ടാം മത്സരം സമനിലയിലായതോടെ കിട്ടിയത് 16 പോയിന്റ് മാത്രം. ഇതോടെ 66.67 പോയിന്റ് ശരാശരിയുമായി (പിസിടി) ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച പാകിസ്ഥാനാണ് 100 പോയിന്റ് ശരാശരിയുമായി ഒന്നാമത്. 54.17 ശരാശരിയുമായി ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തും 29.17 ശരാശരിയുമായി ഇംഗ്ലണ്ട് നാലാമതുമാണ്. 16.67 ശരാശരിയുമായി വിന്‍ഡീസാണ് നിലവില്‍ അഞ്ചാമത്. ഇന്ത്യയുമായുള്ള രണ്ടാം ടെസ്റ്റില്‍ മഴയുടെ കാരുണ്യം കൊണ്ട് സമനിലയുമായി രക്ഷപ്പെട്ടത് വെസ്റ്റിന്‍ഡീസിനെ പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കാനും സഹായിച്ചിരിക്കുകയാണ്. ശ്രീലങ്കയാണ് പോയിന്റ് പട്ടികയില്‍ വിന്‍ഡീസിന് പിന്നില്‍. പാകിസ്ഥാനെതിരെ കളിച്ച ടെസ്റ്റില്‍ പരാജയപ്പെട്ട അവര്‍ക്കു പോയിന്റൊന്നുമില്ല. പോയിന്റ് പട്ടികയിലെ മറ്റു ടീമുകളായ ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ ഇനിയും ഒരു ടെസ്റ്റ് പോലും ഡബ്ല്യുടിസിയുടെ പുതിയ സീസണില്‍ കളിച്ചിട്ടില്ല.
അവസാന ദിനത്തില്‍ ഒരു പന്തുപോലും എറിയാന്‍ സാധിച്ചിരുന്നില്ല. അവസാനദിനമായ തിങ്കളാഴ്ച വെസ്റ്റിന്‍ഡീസിന്റെ എട്ടുവിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യക്ക് ജയിക്കാമായിരുന്നു. എന്നാല്‍, മഴ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയായി. നാലാം ദിനം രണ്ടാം ഇന്നിങ്സില്‍ അതിവേഗം 181 റണ്‍സടിച്ച് ഡിക്ലയര്‍ ചെയ്ത ഇന്ത്യ എതിരാളികള്‍ക്കു മുന്നില്‍വച്ച ലക്ഷ്യം 365 ആയിരുന്നു. നാലാം ദിനത്തില്‍ 76 റണ്‍സെടുത്ത വിന്‍ഡീസിന്റെ രണ്ട് വിക്കറ്റുകളും നഷ്ടമായിരുന്നു. തഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (24*), ജെര്‍മെയ്ന്‍ ബ്ലാക്ക്വുഡ്(20*) എന്നിവരായിരുന്നുക്രീസില്. ക്യാപ്റ്റന്‍ ക്രൈഗ് ബ്രാത്വെയ്റ്റ് (52 പന്തില്‍ 28), കിര്‍ക് മക്കെന്‍സീ (4 പന്തില്‍ 0) എന്നിവരാണ് പുറത്തായ വിന്‍ഡീസ് ബാറ്റര്‍മാര്‍. രണ്ട് വിക്കറ്റും പിഴുതത് സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു. നേരത്തെ, ആദ്യ ഇന്നിങ്സില്‍ ഇന്ത്യ വിരാട് കോലി(121), രോഹിത് ശര്‍മ്മ(80), രവീന്ദ്ര ജഡേജ(61), യശസ്വി ജയ്സ്വാള്‍(57), ആര്‍ അശ്വിന്‍(56) എന്നിവരുടെ കരുത്തില്‍ 438 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിനെ അഞ്ച് വിക്കറ്റ് നേടിയ പേസര്‍ മുഹമ്മദ് സിറാജ് 255 റണ്‍സില്‍ ഒതുക്കി.
English Summary:India Test against West Indies
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.