23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024

‘ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ’ രണ്ടാം ഭാഗം: വിഭജന രാഷ്ട്രീയം

Janayugom Webdesk
ന്യൂഡല്‍ഹി
January 25, 2023 11:49 pm

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വിഭജനനീക്കങ്ങളുടെ നേര്‍ചിത്രമായി ‘ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ’ ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം പുറത്തിറങ്ങി. കേന്ദ്രസർക്കാരിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് രണ്ടാം ഭാഗം ബിബിസി പുറത്തിറക്കിയത്.
2019ൽ മോഡി അധികാരത്തിന് വന്നതിനുശേഷമുള്ള പൗരത്വ നിയമഭേദഗതിയും കശ്മീരിന്റെ പ്രത്യേകപദവി എടുത്തു കളഞ്ഞതും അടക്കമുള്ള വിവാദ നയങ്ങളെക്കുറിച്ചും രാജ്യത്ത് തുടരുന്ന മുസ്ലിം വേട്ടയെക്കുറിച്ചും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിച്ച ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും വിമര്‍ശനങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഡോക്യുമെന്ററി വിശദീകരിക്കുന്നുണ്ട്. 

സ്വതന്ത്ര റിപ്പോര്‍ട്ടുകള്‍, ഇരകളാക്കപ്പെട്ടവരുടെ മൊഴികള്‍, സാക്ഷിമൊഴികള്‍, അക്കാദമിക് വിദഗ്ധരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും പ്രതികരണങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുള്ളത്. ബിജെപിയുടെ ഭാഗത്തുനിന്നും മുന്‍ എംപി സ്വപന്‍ ദാസ്ഗുപ്ത അടക്കം മൂന്നുപേരുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിയുടെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവനുസരിച്ച്‌ ട്വിറ്ററും, യൂട്യൂബും ഡോക്യുമെന്ററി നീക്കം ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, നയതന്ത്ര ബന്ധങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് കണ്ടാല്‍ ഉള്ളടക്കം നിരോധിക്കാമെന്ന 2021ലെ ഐടി നിയമത്തിലെ 16-ാം വകുപ്പ് ഉപയോഗിച്ചാണ് ഡോക്യുമെന്ററി ഇന്ത്യയിലെ സമൂഹമാധ്യമങ്ങളില്‍ നിരോധിച്ചിട്ടുള്ളത്. 

ആർട്ടിക്കിൾ 370

ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകിയ കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും നീക്കി കേന്ദ്രഭരണ പ്രദേശമാക്കി. ഇതിനായി കശ്മീരിലേക്ക് അധികമായി സൈന്യത്തെ വിന്യസിച്ച് അന്തരീക്ഷമൊരുക്കി. ജനതയെ പുറംലോകത്തുനിന്നും ഒറ്റപ്പെടുത്തി. ആദ്യദിനങ്ങളില്‍ തന്നെ 4000ത്തിലേറെപ്പേര്‍ തടവറകളിലായി. 

സിഎഎ: ഡല്‍ഹി കലാപം

‍മതവും പൗരത്വവും കൂട്ടിയിണക്കുന്നതായിരുന്നു വിവേചനപരമായ സിഎഐ. ഇതിനെതിരെ നടന്ന സമരത്തെ അടിച്ചമര്‍ത്താന്‍ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപം ഉപയോഗപ്പെടുത്തിയെന്ന് ഡോക്യുമെന്ററി വിശദീകരിക്കുന്നു. കലാപത്തില്‍ മരിച്ച 53 പേരില്‍ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. കലാപത്തിന് ഡല്‍ഹി പൊലീസ് സഹായങ്ങള്‍ ചെയ്തുനല്‍കിയെന്നും ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിനെ ആസ്പദമായി ഡോക്യുമെന്ററി പറയുന്നു. 

ഡോക്യുമെന്ററി പ്രദര്‍ശനം: സംസ്ഥാനത്ത് സംഘര്‍ഷം

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ പങ്ക് വെളിവാക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി വിലക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യുവജന‑വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനം തുടരുന്നു. വിവിധ ഭാഗങ്ങളില്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രദര്‍ശനം തടയാന്‍ ശ്രമിച്ചത് സംഘര്‍ഷം സൃഷ്ടിച്ചു.
തിരുവനന്തപുരത്ത് എഐവൈഎഫ് നേതൃത്വത്തില്‍ ഇന്നലെ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പ്രദര്‍ശിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ ഹാളിലായിരുന്നു പ്രദര്‍ശനം. കോഴിക്കോട് ബീച്ചിലും കോട്ടയം ജില്ലയിലെ വൈക്കത്തും തിരുവനന്തപുരം വെള്ളായണിയിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പരിപാടികളില്‍ യുവമോര്‍ച്ച സംഘം സംഘര്‍ഷം സൃഷ്ടിച്ചു.
അതേസമയം, ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളില്‍ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും ബിജെപി-യുവമോർച്ച പ്രതിഷേധങ്ങൾക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘർഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൂജപ്പുരയിലെ പ്രതിഷേധത്തിൽ കൗൺസിലറും ബിജെപി ജില്ലാ പ്രസിഡന്റുമായ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. 

Eng­lish Sum­ma­ry: ‘India: The Modi Ques­tion’ Part II: Par­ti­tion Politics

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.