
ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടര്‍ച്ചയായ വിജയം ലക്ഷ്യമിട്ട് രണ്ടാം ടി20 ക്രിക്കറ്റ് മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നു. മത്സരം ഇന്ന് രാത്രി ഏഴിന് പഞ്ചാബിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ മത്സരത്തില്‍ 101 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സര പരമ്പരയില്‍ 1–0ന് ഇന്ത്യ മുന്നിലാണ്.
ആദ്യ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ഇന്നും സഞ്ജുവിന്റെ സ്ഥാനം ബെഞ്ചിലായിരിക്കും. എന്നാല്‍ വൈസ്‌ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ മോശം പ്രകടനത്തില്‍ ആരാധകരടക്കം വന്‍ വിമര്‍ശനമാണുയര്‍ത്തിയത്. കഴിഞ്ഞ മത്സരത്തില്‍ നാല് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെ ഗില്ലിനെ പുറത്തിരുത്തിയാല്‍ സഞ്ജുവിന് ഓപ്പണിങ്ങില്‍ ഇറങ്ങാന്‍ അവസരമൊരുങ്ങും. ഏഷ്യാ കപ്പ് മുതല്‍ സഞ്ജു സാംസണ് പകരം ഓപ്പണറായി ഇറങ്ങുന്ന ശുഭ്മാന്‍ ഗില്ലിന് ഇതുവരെ ഒരു അര്‍ധസെഞ്ചുറി പോലും നേടാനായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ സൂര്യക്ക് 12 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ മത്സരത്തില്‍ സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ്മയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഗില്ലിന് ഒഴിവാക്കണമെന്ന് ആവശ്യമുയരുമ്പോഴും ടീമില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്. ഇതോടെ ശുഭ്മന്‍ ഗില്‍ — അഭിഷേ്ക് ശര്‍മ്മ സഖ്യം തന്നെ ഓപ്പണിങ്ങില്‍ ഇറങ്ങും. തിലക് വര്‍മ്മയും മോശം ഫോമിലാണ്. ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ പരമ്പരയില്‍ 5, 29, 0 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടി20യില്‍ 26 റണ്‍സിനും തിലക് പുറത്തായി. റണ്‍സെടുക്കാന്‍ താരം ബുദ്ധിമുട്ടുന്നതായാണ് കാണാന്‍ സാധിച്ചത്. ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍ നല്‍കിയത്. 28 പന്തില്‍ ആറ് ഫോറും നാല് സിക്സറുമുള്‍പ്പെടെ 59 റണ്‍സുമായി താരം പുറത്താകാതെ നിന്നു. മറ്റുള്ള ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയിരുന്നു. ബൗളിങ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. കഴിഞ്ഞ മത്സരത്തില്‍ പന്തെറിഞ്ഞവരെല്ലാം വിക്കറ്റുകള്‍ കൊയ്തിരുന്നു. ഇതോടെ കുല്‍ദീപ് യാദവ് വീണ്ടും ബെഞ്ചിലിരിക്കും. ആദ്യമായാണ് രാജ്യാന്തര ടി20 മത്സരത്തിന് മുള്ളന്‍പൂര്‍ വേദിയാവുന്നത്. നേരത്തെ ഐപിഎല്‍ മത്സരങ്ങള്‍ക്കും ഏകദിന മത്സരങ്ങള്‍ക്കും വേദിയായിട്ടുണ്ട്.
ഇന്ത്യയുടെ സാധ്യതാ ഇലവൻ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ്മ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അര്‍ഷദീപ് സിങ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.