8 March 2026, Sunday

Related news

March 8, 2026
March 7, 2026
March 7, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 4, 2026

ശാപം മാറ്റാന്‍ ഇന്ത്യ; ഇന്ത്യ — ന്യൂസിലാൻഡ് ഫൈനല്‍ ഇന്ന് അഹമ്മദാബാദില്‍

Janayugom Webdesk
അഹമ്മദാബാദ്
March 8, 2026 7:00 am

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2026ന്റെ കലാശപ്പോരാട്ടം ഇന്ന് നടക്കും. ആതിഥേയരായ ഇന്ത്യയും കരുത്തരായ ന്യൂസിലാൻഡും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. അപരാജിതരായി മുന്നേറിയ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ന്യൂസിലാൻഡിന്റെ വരവ്. ഇന്ത്യ മൂന്നാം കിരീടം ലക്ഷ്യമിടുമ്പോള്‍ ആദ്യ ലോകകപ്പ് കിരീടമെന്ന സ്വപ്നവുമായാണ് കിവീസ് അഹമ്മദാബാദിലിറങ്ങുക. മത്സരം രാത്രി ഏഴിന് നടക്കും. ഉഭയകക്ഷി പരമ്പരകളിൽ ഇന്ത്യക്ക് മേധാവിത്വമുണ്ടെങ്കിലും ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ന്യൂസിലാൻഡിനെ തോല്പിക്കാൻ ഇന്ത്യക്കായിട്ടില്ല. 2007, 2016, 2021 ലോകകപ്പുകളിൽ ഇന്ത്യ കിവീസിനോട് പരാജയപ്പെടുകയായിരുന്നു. മറ്റ് ഐസിസി ടൂർണമെന്റുകളിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. 2023 ഏകദിന ലോകകപ്പ് സെമിയിൽ മുഹമ്മദ് ഷമിയുടെ മികവിൽ ഇന്ത്യ ജയിച്ചപ്പോൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും 2019 ഏകദിന ലോകകപ്പ് സെമിയിലും വിജയം ന്യൂസിലാൻഡിനൊപ്പമായിരുന്നു.

കിരീടം ഇന്ത്യ സ്വന്തമാക്കിയാല്‍ ചില നേട്ടങ്ങളും ഇന്ത്യക്ക് സ്വന്തമാകും. ലോകകപ്പ് ചരിത്രത്തിൽ മൂന്ന് തവണ ജേതാക്കളാകുന്ന ആദ്യ ടീമായി ഇന്ത്യ മാറും. നിലവിൽ ഇന്ത്യ, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട് എന്നിവർക്ക് രണ്ട് കിരീടങ്ങൾ വീതമാണുള്ളത്. സ്വന്തം മണ്ണിൽ ടി20 ലോകകപ്പ് ഉയർത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യമായി കിരീടം നിലനിർത്തുന്ന ടീമെന്ന റെക്കോഡും ഇന്ത്യയുടെ പേരിലാകും. എന്നാല്‍ ഇതുവരെ നടന്ന ഒമ്പത് ലോകകപ്പുകളിലും ആതിഥേയ രാജ്യത്തിന് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല എന്നതും ആരാധകരെ ആശങ്കപ്പെടുത്തുന്നു. 2012ൽ ഫൈനലിലെത്തിയ ശ്രീലങ്ക തോറ്റതാണ് ഒരു ആതിഥേയ ടീമിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം.

ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. കഴിഞ്ഞ മത്സരത്തില്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി അധികം റണ്‍സ് വഴങ്ങിയത് ആശങ്കയാണ്. ഓപ്പണര്‍മാരായി സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും തുടരും. ഇതുവരെ ഫോമിലെത്താന്‍ അഭിഷേകിനായിട്ടില്ല. മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനെത്തുമ്പോള്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിങ്ങിനെയാണ് മറ്റു ബാറ്റര്‍മാര്‍. പേസ് നിരയെ ജസ്പ്രീത് ബുംറ നയിക്കും. സെമിഫൈനലില്‍ ബുംറയുടെ മികച്ച ബൗളിങ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. അതേസമയം ഫിന്‍ അലന്‍ തകര്‍പ്പന്‍ ഫോമിലുള്ളത് ന്യൂസിലാന്‍ഡിന് ആത്മവിശ്വാസം നല്‍കുന്നു. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെടിക്കെട്ട് സെഞ്ചുറിയുമായി ഫിന്‍ അലന്‍ ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. മറ്റൊരു ഓപ്പണറായ ടിം സീഫെര്‍ട്ടും മികച്ച ഫോമിലാണുള്ളത്.

2023ലെ ഓർമ്മകള്‍ മായ്ക്കണം; റണ്‍സൊഴുകും

2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്. ആ തോൽവിയുടെ കറ കഴുകിക്കളയാനും സ്വന്തം മണ്ണിൽ ലോകകിരീടം ഉയർത്താനും ഇന്ത്യക്ക് ഇത് സുവർണാവസരമാണ്.
2023 ലോകകപ്പ് ഫൈനലിലെയും ഇത്തവണത്തെ സൂപ്പർ 8ലെയും കയ്പ്പേറിയ ഓർമ്മകൾ മായ്ക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യക്ക് പിച്ചിന്റെ സ്വഭാവം നിർണായകമാകും. പഴയ കറുത്ത മണ്ണ് പിച്ചുകൾക്ക് പകരം ഇത്തവണ ചുവന്ന മണ്ണും കറുത്ത മണ്ണും കലർന്ന പിച്ചാണ് ഫൈനലിനായി ഒരുക്കിയിരിക്കുന്നത്. ഇതിൽ ചുവന്ന മണ്ണിന്റെ അളവ് കൂടുതലായിരിക്കും. ചുവന്ന മണ്ണ് കൂടുതലുള്ള പിച്ചുകളിൽ പന്തിന് മികച്ച ബൗൺസ് ലഭിക്കുമെന്നതിനാൽ ബാറ്റർമാർക്ക് വലിയ ഷോട്ടുകൾ കളിക്കാൻ എളുപ്പമാകും. സ്വിങ് കുറവായിരിക്കുമെങ്കിലും ബൗൺസ് ഉള്ളതിനാൽ പേസർമാർക്ക് ചെറിയ മുൻതൂക്കം ലഭിച്ചേക്കാം. എങ്കിലും മുംബൈയിലെ സെമി ഫൈനൽ പിച്ചിന് സമാനമായ ബാറ്റിങ് ട്രാക്കാകും ഇത്. ഒരു ഹൈ-സ്കോറിങ് മത്സരമാണ് നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. ശരാശരി സ്കോർ 200 റൺസിനടുത്ത് എത്താൻ സാധ്യതയുണ്ട്.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.