
വളര്‍ച്ചാ മുരടിപ്പ്, ഭാരക്കുറവ് തുടങ്ങിയ കാരണങ്ങളാല്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണത്തില്‍ ഇന്ത്യ മുന്‍നിരയില്‍. 2023ല്‍ മാത്രം ഒരു ലക്ഷത്തിലധികം കുട്ടികളാണ് രാജ്യത്ത് മരിച്ചത്.
ലോകമെമ്പാടും ഈ കാലയളവില്‍ പത്ത് ലക്ഷം കുട്ടികളാണ് മരിച്ചത്. വളര്‍ച്ചാ തടസത്തെ തുടര്‍ന്ന് അഞ്ച് വയസില്‍ താഴെയുള്ള ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിച്ചത് നൈജീരിയയിലാണ്. 1,88,000 കുട്ടികള്‍. ഇന്ത്യയ്ക്ക് പിന്നാലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് കോംഗോയാണുള്ളത്. 50,000 കുട്ടികളാണ് ഇവിടെ മരിച്ചത്. ലാന്‍സെറ്റാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
കുട്ടികളിലെ വളര്‍ച്ചയില്ലായ്മ മരണത്തിനും ശ്വാസകോശ സംബന്ധമായ അണുബാധകള്‍, വയറിളക്ക രോഗങ്ങള്‍, മലേറിയ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങള്‍ മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ക്കും കാരണമാകുന്നുവെന്നും പഠനത്തില്‍ പറയുന്നു. വിവിധ അസുഖങ്ങള്‍, പരിക്കുകള്‍ തുടങ്ങി ആരോഗ്യം നഷ്ടപ്പെടുത്തുന്ന വിവിധ ഘടകങ്ങള്‍ എന്നിവ സംബന്ധിച്ച് 204 രാജ്യങ്ങളിലായി നടത്തിയ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡി, 2023ലെ വിവരങ്ങള്‍ അപഗ്രഥിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
2000 ല്‍ 27.5 ലക്ഷം കുട്ടികളാണ് ആഗോളതലത്തില്‍ വളര്‍ച്ചാമുരടിപ്പിനെതുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. 2023ല്‍ ഇത് എട്ട് ലക്ഷമായി കുറഞ്ഞുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷണ വിതരണത്തിലെ പ്രശ്നങ്ങള്‍, ഭക്ഷ്യ അരക്ഷിതാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, സാനിറ്റേഷന്റെ അപര്യാപ്തത, യുദ്ധം തുടങ്ങിയ സങ്കീര്‍ണമായ വിഷയങ്ങള്‍ കുട്ടികള്‍ക്കിടയിലെ വളര്‍ച്ചയില്ലായ്മ മൂലമുള്ള മരണങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്റ് ഇവാലുവേഷന്‍ വിഭാഗം പ്രൊഫസര്‍ ബോബി റെയ്നര്‍ പറഞ്ഞു. കേവലം ഏതെങ്കിലും ഒരു തന്ത്രമുപയോഗിച്ചാല്‍ എല്ലാ മേഖലയിലുമുള്ള കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മരണ കാരണത്തില്‍ 12 ശതമാനവും ഭാരക്കുറവാണ്. ക്ഷീണമാണ് ഒമ്പത് %, എട്ട് ശതമാനമാണ് വളര്‍ച്ചാ മുരടിപ്പ് വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.