യുഎസ് ഡ്രോണ്‍ ഇടപാടില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. എംക്യു- 9ബി ഡ്രോണുകള്‍ മറ്റു രാജ്യങ്ങളെക്കാള്‍ 27 ശതമാനം കുറവില്‍ ലഭിക്കുമെന്നും ചര്‍ച്ചയില്‍ വില ഇനിയും താഴാൻ ഇടയുണ്ടെന്നും ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അമിത വിലയ്ക്ക് ഡ്രോണുകള്‍ വാങ്ങുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം.
31 അമേരിക്കൻ നിര്‍മ്മിത സായുധ ഡ്രോണുകള്‍ വാങ്ങാൻ ഈ മാസം 21 നാണ് പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിഫൻസ് അക്വിസിഷൻ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ വിലയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. 307.2 കോടി ഡോളറാണ് അമേരിക്കൻ സര്‍ക്കാര്‍ നല്‍കിയിരുന്ന സൂചക വില. ഒരു ഡ്രോണിന് 9.9 കോടി ഡോളര്‍ ആകും വില എന്നും യുഎഇ ഡ്രോണിന് 16.1 കോടി ഡോളര്‍ വില നല്‍കുന്നതായും പ്രതിരോധ മന്ത്രാലയം പറയുന്നു.
അമേരിക്കൻ സര്‍ക്കാര്‍ പോലും 6.9 കോടി ഡോളറിനാണ് ഡ്രോണ്‍ വാങ്ങിയത്. എന്നാല്‍ അന്ന് അതില്‍ സെൻസര്‍, ആയുധങ്ങള്‍, പേലോഡുകള്‍ എന്നിവ ഉണ്ടായിരുന്നില്ലെന്നും ഇത്തരം സാങ്കേതിക സംവിധാനങ്ങളാണ് ഡ്രോണിന് 60 മുതല്‍ 70 ശതമാനം വില നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇത്തരം സംവിധാനങ്ങളോടെയുള്ള അഞ്ച് ഡ്രോണുകള്‍ക്ക് 11.9 കോടി ഡോളറാണ് അമേരിക്കൻ സര്‍ക്കാര്‍ നല്‍കിയതെന്നും കേന്ദ്രം വിശദീകരിക്കുന്നു.
ഇന്ത്യ നല്‍കുന്ന ഓര്‍ഡറിന്റെ വലിപ്പവും നേരത്തെയുള്ള ഓര്‍ഡറുകളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ക്ക് ആദ്യഘട്ട നിക്ഷേപം ലഭിക്കും എന്നതും വില ഇനിയും താഴാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. എംക്യു- 9ബി ഡ്രോണുകളുടെ കരാറില്‍ സുതാര്യത വേണമെന്നും ഡ്രോണുകള്‍ വലിയ വിലയിലാണ് വാങ്ങുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
English Summary:India-US Predator drone deal pricing discrepancy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.