ആദ്യ ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ എറിഞ്ഞൊതക്കി. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എടുക്കാന്‍ സാധിച്ചത്. 35 പന്തില്‍ 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മഹാരാജിന് പുറമെ 24 പന്തില്‍ 25 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും 37 പന്തില്‍ 24 റണ്‍സെടുത്ത വെയ്ന്‍ പാര്‍ണലും മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിയെങ്കിലും നോക്കിയുള്ളു.
ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെയാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ വീണത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ കാത്തിരുന്നത് വമ്പന്‍ തകര്‍ച്ചയാണ്. വെറും ഒന്‍പത് റണ്‍സെടുക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നിലംപൊത്തി. ബുംറയ്ക്കും ഭുവനേശ്വറിനും പകരം ടീമിലിടം നേടിയ അര്‍ഷ്ദീപ് സിങ്ങും ദീപക് ചാഹറും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണറും നായകനുമായ തെംബ ബവൂമയെ പുറത്താക്കി ദീപക് ചാഹറാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പവര്‍ പ്ലേയിലെ രണ്ടാം ഓവറില്‍ രണ്ടാം പന്തില്‍ തന്നെ അപകടകാരിയായ ക്വിന്റണ്‍ ഡീ കോക്കിന്റെ (1) സ്റ്റംപിളക്കിയ അര്‍ഷ്ദീപ് അഞ്ചാമത്തെ പന്തില്‍ റോസോയെ(0) വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയായിരുന്ന ഡേവിഡ് മില്ലറെ ഗോള്‍ഡന്‍ ഡക്കാക്കി അര്‍ഷ്ദീപ് പ്രഹരവുമേല്‍പ്പിച്ചു.
തൊട്ടടുത്ത ഓവറില്‍ ചാഹര്‍ വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് ഭീഷണിയുയര്‍ത്തി. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ വമ്പനടിയ്ക്ക് പേരുകേട്ട യുവതാരം ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ മടക്കി ചാഹര്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ചാം വിക്കറ്റ് പിഴുതു. ആറാം വിക്കറ്റില്‍ എയ്ഡന്‍ മര്‍ക്രാം- വെയ്ന്‍ പാര്‍നല്‍ സഖ്യം 33 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിക്കുകയായിരുന്നു. വാലറ്റത്ത് ഇന്ത്യന്‍ വംശജനായ കേശവ് മഹാരാജിന്റെ (41) ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 35 ബോളുകളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹം നേടി. അര്‍ഷ്ദീപ് മൂന്നു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു. അക്സര്‍ പട്ടേലിനു ഒരു വിക്കറ്റ് ലഭിച്ചു.
English Summary: India Vs South Africa T20 at Karyavattom
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.