ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിനായി ഇന്ത്യ‑ശ്രീലങ്ക ടീമുകള്‍ ഇന്നിറങ്ങും. പരമ്പരയില്‍ ഓരോ കളി ജയിച്ച് ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. കഴിഞ്ഞ മത്സരത്തില്‍ 16 റണ്‍സിനാണ് ഇന്ത്യ തോല്‍വി നേരിട്ടത്. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. എന്നാല്‍ പവര്‍പ്ലേയില്‍ തകര്‍ത്തടിച്ചു തുടങ്ങിയ ലങ്ക 207 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വച്ചത്. വെറും 22 പന്തില്‍ 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദസന്‍ ഷനകയുടെ ബാറ്റിങ് വെടിക്കെട്ടാണ് ലങ്കയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 52 റണ്‍സുമായി കുശാല്‍ മെന്‍ഡിസും മികച്ച പ്രകടനം കാഴ്ചവച്ചു. മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവര്‍ മുതല്‍ അടിച്ചു കളിക്കാന്‍ ശ്രമിച്ച് പവര്‍ പ്ലേയില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യയുടെ ചേസിങ്ങും അവതാളത്തിലായി. ഈ സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന നിര്‍ണായക മൂന്നാം ടി20യില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഓപ്പണിങ്ങില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്ലിന് പകരം റുതുരാജ് ഗെയ്ക്‌വാദിന് അവസരം നല്‍കിയേക്കും. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇഷാന്‍ കിഷന്‍ ഓപ്പണറായി തുടരുമ്പോള്‍ മൂന്നാം നമ്പറില്‍ രാഹുല്‍ ത്രിപാഠിക്ക് ഒരു അവസരം കൂടി ലഭിക്കും. നാലാം നമ്പറില്‍ സൂര്യകുമാറും അഞ്ചാം നമ്പറില്‍ ക്യാപ്റ്റര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും എത്തുമ്പോള്‍ ദീപക് ഹൂഡ ആറാം നമ്പറിലും അക്സര്‍ പട്ടേല്‍ ഏഴാം നമ്പറിലും തുടരും. ബൗളിങ്ങില്‍ യുവ പേസര്‍മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ശിവം മാവി, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക് എന്നിവരെല്ലാം തല്ലുകൊള്ളികളാവുന്നു. റണ്‍സ് വിട്ടുക്കൊടുക്കാന്‍ മടികാട്ടുന്നില്ല. ഉമ്രാന്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് നേടുന്നുണ്ടെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ യാതൊരു മടിയുമില്ല.
അര്‍ഷദീപ് തുടര്‍ച്ചയായി മൂന്ന് നോബോളുകളെറിഞ്ഞ് നാണക്കേടിന്റെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ശ്രീലങ്ക കെട്ടുറപ്പുള്ള നിരയാണ്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങളുടെ നിരയെന്ന് അവരെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ശ്രീലങ്കയ്ക്ക് സാധിച്ചേക്കും. രണ്ടാം മത്സരത്തിലെ ജയം അവരുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. നിരവധി ഓള്‍റൗണ്ടര്‍മാര്‍ ഒപ്പമുള്ളതിനാല്‍ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷണകയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പം. ഇന്ത്യന്‍ സാഹചര്യത്തില്‍ സ്പിന്നിന് ലഭിക്കുന്ന മുന്‍തൂക്കം ശ്രീലങ്കയുടെ ബൗളര്‍മാര്‍ നന്നായി മുതലാക്കുന്നു. സ്വന്തം നാട്ടില്‍ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യയും പഴയ പ്രതാപത്തിലേക്കെത്താന്‍ ശ്രീലങ്കയും ശ്രമിക്കുമ്പോള്‍ ഇന്നത്തെ മത്സരം ഫൈനലാണ്. ജയിക്കുന്നവര്‍ പരമ്പര നേടുന്ന മത്സരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.