
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരും. യുഎസ് ഇന്ത്യ വ്യാപാര കരാറിൽ എണ്ണ ഇറക്കുമതി സംബന്ധിച്ച് വ്യക്തമായ നിബന്ധനകൾ ഇല്ലാത്തതിനാലാണ് ഈ തീരുമാനമെന്ന് ഇന്ത്യൻ എണ്ണക്കമ്പനികൾ വ്യക്തമാക്കി. വെനസ്വേലയിൽ നിന്നുള്ള എണ്ണയെക്കാൾ ലാഭകരവും ഗുണനിലവാരമുള്ളതുമായ റഷ്യൻ എണ്ണയ്ക്ക് വലിയ തോതിൽ വിലക്കിഴിവ് ലഭിക്കുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. വെനിസ്വേലൻ എണ്ണ വാങ്ങാൻ അമേരിക്ക സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും റഷ്യ നൽകുന്ന വൻ വിലക്കിഴിവ് ഉപേക്ഷിക്കാൻ ഇന്ത്യൻ കമ്പനികൾ തയ്യാറല്ല. ഫെബ്രുവരി മാസത്തിലെ ആദ്യ കണക്കുകൾ പ്രകാരം റഷ്യയിൽ നിന്നുള്ള എണ്ണ വിതരണത്തിൽ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരിയിലെ ആദ്യ നാല് ദിവസങ്ങളിൽ പ്രതിദിനം 13.5 ലക്ഷം ബാരൽ എണ്ണയാണ് റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. ജനുവരിയിൽ ഇത് പ്രതിദിനം 12.5 ലക്ഷം ബാരൽ ആയിരുന്നു. മാർച്ച് മാസത്തോടെ പ്രതിദിന ഇറക്കുമതി 12 ലക്ഷം ബാരലിലധികം സ്ഥിരമായി നിലനിർത്താൻ കഴിയുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
അറേബ്യൻ കടലിലെ ടാങ്കറുകളിലായി ഏകദേശം രണ്ട് കോടി ബാരലിലധികം റഷ്യൻ എണ്ണ നിലവിൽ സംഭരിച്ചിട്ടുണ്ട്. ഈ ശേഖരം വരും ദിവസങ്ങളിൽ ഇന്ത്യയിലെ റിഫൈനറികളിലേക്ക് എത്തും. ഒക്ടോബറിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നതിന് മുൻപുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ കടലിലെ എണ്ണ സംഭരണത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈ എണ്ണയുടെ ഭൂരിഭാഗവും ഇന്ത്യയിലേക്ക് തന്നെ എത്തുമെന്ന് കെപ്ലർ അനലിസ്റ്റ് സുമിത് റിറ്റോലിയ അഭിപ്രായപ്പെട്ടു. റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനോ അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാനോ കേന്ദ്ര സർക്കാർ ഇതുവരെ എണ്ണക്കമ്പനികൾക്ക് നിര്‍ദേശം നൽകിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ കേന്ദ്രമന്ത്രി പിയൂഷ് ഗോയലോ പുതിയ കരാറുകളിൽ അസംസ്കൃത എണ്ണ വ്യാപാരത്തെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. ഫെബ്രുവരിയിലെ ആദ്യ നാല് ദിവസങ്ങളിൽ ഇന്ത്യയിലെ പ്രധാന എണ്ണക്കമ്പനികൾക്കെല്ലാം റഷ്യയിൽ നിന്ന് എണ്ണ ലഭിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സ്വകാര്യ മേഖലയിലെ റിലയൻസ് ഇൻഡസ്ട്രീസ്, നയാര എനർജി എന്നിവയ്ക്കും രണ്ട് കപ്പൽ ചരക്ക് വീതം റഷ്യയിൽ നിന്ന് എത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.