ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡി ഭരണത്തിന് അന്ത്യം കുറിക്കാനായി ഒരുമിച്ച് മത്സരിക്കാനുറച്ച് ഇന്ത്യ. രണ്ടു ദിവസമായി മുംബൈയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മൂന്നാമത്തെ യോഗത്തിലാണ് ഇതു സംബന്ധിച്ച സുപ്രധാന പ്രമേയം പാസാക്കിയത്. ‘ഒരുമിക്കും ഭാരതം-വിജയിക്കും ഇന്ത്യ’ (ജുഡേഗ ഭാരത്- ജീതേഗ ഇന്ത്യ) എന്ന പ്രചാരണ മുദ്രാവാക്യം ഉയര്‍ത്തിയാകും ജനങ്ങളെ സമീപിക്കുകയെന്ന് നേതാക്കള്‍ പറഞ്ഞു. 28 പ്രതിപക്ഷ പാര്‍ട്ടികളിലെ 63 നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.
കഴിയുന്നത്ര സീറ്റുകളില്‍ ഒന്നിച്ച് മത്സരിക്കാന്‍ യോഗത്തില്‍ ധാരണയായി. സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം ഈമാസം 30 നകം പൂര്‍ത്തിയാക്കും. ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സഖ്യത്തിലെ ഒരു സ്ഥാനാര്‍ത്ഥി മാത്രമാകും മത്സരരംഗത്ത് ഉണ്ടാകുക. വോട്ടുകള്‍ ഭിന്നിച്ച് പോകുന്നത് തടയുന്നതിന് ഈ തീരുമാനം ഗുണകരമാകുമെന്ന് യോഗം അംഗീകരിച്ചു.
ഇന്ത്യ മുന്നണിയുടെ ഏകോപനത്തിന് 14 പേരടങ്ങിയ സമിതി രൂപീകരിച്ചു. ഈ സമിതിയാകും സഖ്യത്തിലെ സുപ്രധാന തീരുമാനം കൈക്കൊള്ളുക. സഖ്യത്തിന് കണ്‍വീനര്‍ വേണോ എന്ന കാര്യം പിന്നിട് തീരുമാനിക്കും. ഇന്ത്യയുടെ ലോഗോ വരും നാളുകളില്‍ പുറത്തിറക്കും. ഏകോപന സമിതിക്ക് പുറമെ പ്രചാരണ സമിതി, സമൂഹമാധ്യമ പ്രവര്‍ത്തക സമിതി, മാധ്യമ സമിതി, റിസര്‍ച്ച് വര്‍ക്കിങ് കമ്മിറ്റി എന്നിവ രൂപീകരിക്കാനും തീരുമാനമായി.
ഡി രാജ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സീതാറം യെച്ചൂരി, കെ സി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, നീതിഷ് കുമാര്‍, എം കെ സ്റ്റാലിന്‍, ഹേമന്ത് സൊരേന്‍, മമത ബാനര്‍ജി, സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍, ഉദ്ധവ് താക്കറെ, ദീപാങ്കര്‍ ഭട്ടാചാര്യ, അഖിലേഷ് യാദവ് തുടങ്ങി പ്രമുഖ നേതാക്കള്‍ യോഗത്തില്‍ സംസാരിച്ചു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് ഇന്ത്യ വിജയം കൈവരിക്കുമെന്ന് യോഗത്തിന്ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ 60 ശതമാനം ജനങ്ങളുടെ പിന്തുണയുള്ള ഇന്ത്യ ബിജെപിയെ അധികാരത്തില്‍ നിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകോപന സമിതി അംഗങ്ങള്‍
ഡി രാജ (സിപിഐ)
കെ സി വേണുഗോപാല്‍ (കോണ്‍.)
ശരദ് പവാര്‍ (എന്‍സിപി)
എം കെ സ്റ്റാലിന്‍ (ഡിഎംകെ)
സഞ്ജയ് റാവത്ത് (ശിവസേന)
തേജസ്വി യാദവ് (ആര്‍ജെഡി )
അഭിഷേക് ബാനര്‍ജി (തൃണമൂല്‍)
രാഘവ് ചദ്ദ (എഎപി)
ജാവേദ് അലിഖാന്‍ (എസ്‌പി)
ലാലന്‍ സിങ് (ജെഡിയു)
ഹേമന്ത് സൊരേന്‍ (ജെഎംഎം)
ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്)
മെഹ്ബൂബാ മുഫ്തി (പിഡിപി)
പ്രചാരണ സമിതി അംഗങ്ങള്‍
ബിനോയ് വിശ്വം (സിപിഐ), ഗുര്‍ദീപ് സിങ് സപല്‍ (കോണ്‍ഗ്രസ്), സഞ്ജയ് ഝാ (ജെഡിയു), അനില്‍ ദേശായി (ശിവസേന), സഞ്ജയ് യാദവ് (ആര്‍ജെഡി), പി സി ചാക്കോ (എന്‍സിപി), ചംപായ് സൊരേന്‍ (ജെഎംഎം), കിരണ്‍മായ് നന്ദ (എസ് പി), സഞ്ജയ് സിങ് (എഎപി), അരുണ്‍ കുമാര്‍ (സിപിഐ‑എം), ഹസ്നയിന്‍ മസൂദി (നാഷണല്‍ കോണ്‍ഫറന്‍സ്), ഷാഹിദ് സിദ്ദിഖി (ആര്‍എല്‍ഡി), എന്‍ കെ പ്രേമചന്ദ്രന്‍ (ആര്‍എസ് പി), ജി ദേവരാജന്‍ (ഫോര്‍വേഡ് ബ്ലോക്ക് ), രവി റായ് (സിപിഐ‑എംഎല്‍), തിരുമവാലന്‍ (വിസികെ), കെ എം ഖാദമെയ്തീന്‍ (ഐയുഎംഎല്‍), ജോസ് കെ മാണി (കെസിഎം) എന്നിവരടങ്ങിയ സമിതിയാവും പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.