പ്രഥമ അണ്ടര്‍ 19 വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ 41 റണ്‍സിന് തോല്പിച്ചാണ് ഇന്ത്യയുടെ കിരീടം. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 76 റണ്‍സെടുക്കുന്നതിനിടെ പുറത്തായി. 47 പന്തിൽ 52 റൺസെടുത്തു തിളങ്ങിയ ഇന്ത്യൻ താരം ഗൊങ്കടി തൃഷയാണ് കളിയിലെ താരം. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
സ്കോര്‍ 23ല്‍നില്‍ക്കേ ജി കമാലിനിയുടെ (ഒമ്പത് പന്തില്‍ അഞ്ച്) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ സനിക ചല്‍ക്കെ മടങ്ങി. ക്യപ്റ്റന്‍ നികി പ്രസാദ് (21 പന്തില്‍ 12), ഈശ്വരി അവ്‌സാരെ (12 പന്തില്‍ അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി. അര്‍ധ സെഞ്ചുറി നേടിയ ഗോംഗതി തൃഷ 16-ാം ഓവറിലാണ് മടങ്ങിയത്. മിഥില വിനോദ് (17), ആയുഷി ശുക്ല (10), വി ജെ ജോഷിത (മൂന്ന് പന്തില്‍ രണ്ട്) ഷബ്‌നം ഷാക്കില്‍ (ഒരു പന്തില്‍ നാല്) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍.
മറുപടിയില്‍ ഇന്ത്യയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ബംഗ്ലാദേശ് ബാറ്റിങ് നിര തരിപ്പണമായി. 18.3 ഓവറില്‍ വെറും 76 റണ്‍സിനു ബംഗ്ലാദേശ് ടീം കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. ജുവാരിയ ഫെര്‍ദൂസ് (22), ഫഹോമിദ ചോയ (18) എന്നിവരൊഴികെ മറ്റാരെയും രണ്ടക്കം തികയ്ക്കാന്‍ ഇന്ത്യന്‍ ബൗളിങ് നിര അനുവദിച്ചില്ല. ഇന്ത്യക്കു വേണ്ടി മലയാളി താരം ജോഷിതയടക്കം ഏഴു പേരാണ് ബൗള്‍ ചെയ്ത്. ഇവരില്‍ മികച്ചു നിന്നത് മൂന്നു വിക്കറ്റുകളെടുത്ത ആയുഷിയാണ്. പരുനിക സിസോദിയ, സോനം യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും ജോഷിത ഒരു വിക്കറ്റും സ്വന്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.