
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണിങ് കൂട്ടുകെട്ടില്‍ കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് 94 റണ്‍സ് നേടി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. പരാജയപ്പെട്ടാല്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ ശ്രദ്ധയോടെയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് മുന്നോട്ട് ചലിപ്പിച്ചത്. എന്നാല്‍ അര്‍ധസെഞ്ചുറിക്കരികെ നില്‍ക്കെ രാഹുലിനെ പുറത്താക്കി ക്രിസ് വോക്സ് ഈ കൂട്ടുകെട്ട് പൊളിച്ചു. 98 പന്തില്‍ നാല് ഫോറുള്‍പ്പെടെ 46 റണ്‍സാണ് രാഹുല്‍ നേടിയത്. മൂന്നാമനായി സായ് സുദര്‍ശനെത്തി. പിന്നാലെ ജയ്സ്വാള്‍ അര്‍ധസെഞ്ചുറി നേടി. സ്കോര്‍ 120ല്‍ നില്‍ക്കെ ജയ്സ്വാളിനെ ലിയാം ഡാവ്സണ്‍ ഹാരി ബ്രൂക്കിന്റെ കൈകളിലെത്തിച്ചു.
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ഡാവ്സന്റെ ആദ്യ വിക്കറ്റാണിത്. 107 പന്തില്‍ 10 ഫോറും ഒരു സിക്സറുമുള്‍പ്പെടെ 58 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്. സ്കോര്‍ബോര്‍ഡില്‍ 20 റണ്‍സ് കൂടിയാപ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും മടങ്ങി. 12 റണ്‍സെടുത്ത താരത്തെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എല്‍ബിഡബ്ല്യുവില്‍ കുരുക്കി. റിഷഭ് പന്തും സായ് സുദര്‍ശനും ചേര്‍ന്ന് സ്കോര്‍ 200 കടത്തി. സായ് അര്‍ധസെഞ്ചുറി നേടി.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങിയത്. മലയാളി താരം കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശന്‍ ടീമില്‍ ഇടംനേടി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും താരത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിരുന്നില്ല. ഇതോടെയാണ് കരുണിനെ ഒഴിവാക്കിയത്. പരിക്കേറ്റ ആകാശ് ദീപിന് പകരം പേസര്‍ അന്‍ഷുല്‍ കാംബോജ് പ്ലേയിങ് ഇലവനിലെത്തി. അന്‍ഷുല്‍ കാംബോജിന്റെ ടെസ്റ്റ് അരങ്ങേറ്റ മത്സരമാണിത്. പരിക്കേറ്റ ഓള്‍റൗണ്ടര്‍ നിതിഷ് റെഡ്ഡിക്ക് പകരം ഷാര്‍ദുല്‍ ഠാക്കൂറിനെ ഉള്‍പ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.