14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 2, 2024
November 2, 2024
October 14, 2024
October 13, 2024
July 21, 2024
July 18, 2024
July 14, 2024
September 17, 2023
September 10, 2023

ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്

Janayugom Webdesk
കൊളംബോ
September 17, 2023 7:12 pm

ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. ശ്രീലങ്കയെ അവരുടെ തട്ടകത്തില്‍ വച്ച് ചാമ്പലാക്കി ഇന്ത്യ ഏഷ്യാ രാജാക്കന്മാര്‍. ടോസ് നേടി ബാറ്റിങ്ങിനെത്തിയ ആതിഥേയരെ 15.2 ഓവറില്‍ 50ന് ഇന്ത്യ പുറത്താക്കി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകര്‍ത്തത്. വിജയലക്ഷ്യം വെറും 6.1 ഓവറില്‍ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യ മറികടന്നു. ഇഷാന്‍ കിഷന്‍ (23), ശുഭ്മാന്‍ ഗില്‍ (27) പുറത്താവാതെ നിന്നു. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്.

2018ലാണ് അവസാനമായി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്. പതും നിസംഗ (നാല് പന്തിൽ രണ്ട്), സധീര സമരവിക്രമ (പൂജ്യം), ചരിത് അസലങ്ക (പൂജ്യം), ധനഞ്ജയ ഡിസില്‍വ (രണ്ടു പന്തില്‍ നാല്), ക്യാപ്റ്റൻ ദസുൻ ഷനക (പൂജ്യം), കുശാല്‍ മെൻഡിസ് (34 പന്തിൽ 17) എന്നിവരാണ് സിറാജിന്റെ പന്തുകളിൽ പുറത്തായത്. ഒരു ഓവറില്‍ നാല് വിക്കറ്റുകള്‍ സിറാജ് പിഴുതു. ഏഴ് ഓവറുകള്‍ പന്തെറിഞ്ഞ സിറാജ് വഴങ്ങിയത് 21 റൺസ് മാത്രം. പവർ പ്ലേയിൽ സിറാജ് എറിഞ്ഞ അഞ്ച് ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റൺനേടാൻ ലങ്കൻ താരങ്ങൾക്കു സാധിച്ചില്ല. ഈ അഞ്ച് ഓവറുകളിൽനിന്ന് താരം വീഴ്ത്തിയത് അഞ്ചു വിക്കറ്റുകൾ. വഴങ്ങിയത് ഒരു ബൗണ്ടറി. ഫൈനലില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്കു ആറാമത്തെ ബോളില്‍ തന്നെ ജസ്പ്രീത് ബുംറ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അപകടകാരിയായ കുശാല്‍ മെന്‍ഡിസിനെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ കെ എല്‍ രാഹുലിന്റെ കൈകളില്‍ ബുംറ എത്തിച്ചു. തുടര്‍ന്നായിരുന്നു കളിയിലെ ടേണിങ് പോയിന്റായ നാലാം ഓവര്‍. ആദ്യ ബോളില്‍ പതും നിസങ്കയെ സിറാജ് രവീന്ദ്ര ജഡേജയ്ക്കു സമ്മാനിച്ചു. മൂന്നാമത്തെ ബോളില്‍ സദീര സമരവിക്രമയെ സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കി. തൊട്ടടുത്ത ബോളില്‍ ചരിത് അസലങ്കയെ ഗോള്‍ഡന്‍ ഡക്കായി ഇഷാന്‍ കിഷന് സിറാജ് സമ്മാനിച്ചു. ഓവറിലെ അവസാന ബോളില്‍ ധനഞ്ജയ ഡി സില്‍വയെയും സിറാജ് മടക്കി.

ഇതോടെ ലങ്ക നാലോവറില്‍ 12 റണ്‍സിലേക്കു കൂപ്പുകുത്തി. അവിടെ നിന്നൊരു തിരിച്ചുവരവ് ലങ്കയ്ക്കു അസാധ്യമായിരുന്നു. തന്റെ അടുത്ത ഓവറില്‍ ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ (0) സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി (12/6). ഏഴാം വിക്കറ്റില്‍ കുശാല്‍ മെന്‍ഡിസ്- ദുനിത് വെല്ലലഗെ സഖ്യം 21 റണ്‍സിന്റെ കൂട്ടുകെട്ടുമായി ലങ്കയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. പക്ഷെ 12-ാം ഓവറില്‍ മെന്‍ഡിസിനെ ബൗള്‍ഡാക്കിയ സിറാജ് ലങ്കയുടെ അവസാന പ്രതീക്ഷയും അവസാനിപ്പിച്ചു. ദുനിത് വെല്ലലഗെ (8), പ്രമോദ് മധുഷന്‍ (1), മതീശ പതിരാന (0) എന്നിവരുടെ വിക്കറ്റുകള്‍ പിഴുതത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു.

ഇതോടെ ലങ്കന്‍ ഇന്നിങ്‌സിനു 16-ാം ഓവറില്‍ തിരശീല വീഴുകയും ചെയ്തു. കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യക്ക് ഗംഭീര തുടക്കം ലഭിച്ചു. അധികം സമയം പാഴാക്കാതെ ഇന്ത്യ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഗില്‍ ആറ് ഫോര്‍ നേടി. കിഷന്റെ അക്കൗണ്ടില്‍ മൂന്ന് ബൗണ്ടറികളുണ്ടായിരുന്നു. നേരത്തെ, ടോസിന് ശേഷം മഴയെത്തിയതോടെ വൈകിയാണ് മത്സരം ആരംഭിച്ചത്.

Eng­lish Sum­ma­ry: india won asia cup
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.