5 January 2026, Monday

Related news

January 4, 2026
January 4, 2026
January 3, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
December 31, 2025

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യന്‍ സൈന്യം

Janayugom Webdesk
ന്യൂഡല്‍ഹി
May 4, 2025 10:48 am

തുടര്‍ച്ചയായ പത്താം ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യന്‍ സൈന്യം. യാതൊരു പ്രകോപനവുമില്ലാതെ അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവപ്പുണ്ടായെന്നാണ് സൈന്യം പറയുന്നത്. സംഭവത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കിയതായും സൈന്യം അറിയിച്ചു . 

യഥാര്‍ത്ഥ നനിയന്ത്രണ രേഖയിലെ എട്ട് സ്ഥാലങ്ങളില്‍ നിന്നാണ് തുടര്‍ച്ചയായി പാകിസ്ഥാന്‍ പ്രകോപനമുണ്ടായത്. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദർ, നൗഷേര, സുന്ദർബാനി, അഖ്‌നൂർ പ്രദേശങ്ങളിൽ വെടിവയ്‌പ്പുണ്ടായതാണ്‌ റിപ്പോർട്ട്‌. അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു. എക്‌സർസൈസ്‌ ഇൻഡസ്‌ എന്ന പേരിൽ പാക്‌ സൈന്യം നടത്തിവരുന്ന അഭ്യാസപ്രകടനത്തിന്റെ ഭാഗമായാണ്‌ 450 കിലോമീറ്റർ ദൂരപരിധിയുള്ള ഉപരിതല മിസൈൽ പരീക്ഷിച്ചത്‌. മിസൈൽ പരീക്ഷണം അങ്ങേയറ്റത്തെ പ്രകോപനരമായ നടപടിയാണെന്ന്‌ ഇന്ത്യ പ്രതികരിച്ചു. പ്രകോപനപരമായ പ്രസ്‌താവനയുമായി പാകിസ്ഥാന്‍ ‌ പ്രതിരോധ മന്ത്രി രംഗത്തുവന്നു.

പാകിസ്ഥാനുള്ള വെള്ളം തടസ്സപ്പെടുത്തുംവിധം സിന്ധു നദീശൃംഖലയിൽ എന്തെങ്കിലും നിർമാണപ്രവർത്തനം ഇന്ത്യ നടത്തിയാൽ തകർത്തുകളയുമെന്ന്‌ ഖ്വാജ അസിഫ് അഭിപ്രായപ്പെട്ടു.പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള നടപടികളുടെ ഭാഗമായി ശനിയാഴ്‌ച പാകിസ്ഥാനിൽനിന്നുള്ള എല്ലാ ഇറക്കുമതികൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. പാക്‌ പതാകയുള്ള കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ അടുക്കുന്നതിനും വിലക്കേർപ്പെടുത്തി. പാക്‌ തുറമുഖങ്ങളിൽ ഇന്ത്യൻ കപ്പലുകളും അടുക്കില്ല. വ്യോമമാർഗവും കരമാർഗവുമുള്ള തപാൽ‑പാഴ്‌സൽ കൈമാറ്റവും അവസാനിപ്പിച്ചു.രാജ്യത്തെ വ്യോമ–നാവിക സേനകൾ അഭ്യാസപ്രകടനങ്ങൾ തുടരുകയാണ്‌. യുപിയിലെ ഗംഗാ എക്‌സ്‌പ്രസ്‌വേയിലെ എയർസ്‌ട്രിപ്പിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ രാത്രികാല അഭ്യാസപ്രകടനം നടത്തി. സൈന്യത്തിനായി കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാനും നീക്കമാരംഭിച്ചു.

ശത്രു വിമാനങ്ങളെയും ഹെലികോപ്‌ടറുകളെയും ഡ്രോണുകളെയും ലക്ഷ്യംവയ്‌ക്കാവുന്ന ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനം കരസേനയ്‌ക്കായി കൂടുതൽ സംഭരിക്കും. വ്യോമസേനയാകട്ടെ വളരെ ഉയരത്തിൽ പറക്കാവുന്ന മൂന്ന്‌ ആളില്ലാ നിരീക്ഷണവിമാനങ്ങൾ‑ഹൈ ആൾട്ടിറ്റ്യൂഡ്‌ പ്ലാറ്റ്‌ഫോം സിസ്റ്റം (ഹാപ്‌സ്‌) വാങ്ങും. നാവികസേന മേധാവി അഡ്‌മിറൽ ദിനേഷ്‌ ത്രിപാദി പ്രധാനമന്ത്രിയെ വസതിയിൽ എത്തി സന്ദർശിച്ചു. പാക്‌ പ്രധാനമന്ത്രി ഷെഹബാസ്‌ ഷെരീഫിന്റെ ഉൾപ്പെടെയുള്ള യൂട്യൂബ്‌ അക്കൗണ്ടുകളും ഗായകരായ ആബിദ പർവീണിന്റെയും മൊമിന മുസ്‌തഹസാന്റെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ നിരോധിക്കുകയും ചെയ്തു.ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന്‌ ആവശ്യപ്പെട്ട് അമേരിക്കയ്‌ക്കും ബ്രിട്ടനും പിന്നാലെ യൂറോപ്യൻ യൂണിയനും രംഗത്തെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.