30 December 2025, Tuesday

കരുത്ത് തെളിയിച്ച് ഇന്ത്യന്‍ ബ്രഹ്മാസ്ത്രം; ബ്രഹ്മോസിനായി കൂടുതല്‍ രാജ്യങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 14, 2025 10:56 pm

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ബ്രഹ്മോസ് ക്രൂയിസ് മിസൈലില്‍ താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ബ്രഹ്മോസ് വാങ്ങുന്നതിനായി ഇന്ത്യയുമായി ഫിലിപ്പീന്‍സ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പാക് സംഘര്‍ഷത്തിന് ശേഷം ബ്രഹ്മോസിന് വേണ്ടി ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലാന്‍ഡ്, ബ്രസീല്‍, സിംഗപ്പൂര്‍, ബ്രൂണൈ, ചിലി, അര്‍ജന്റീന, വെനിസ്വേല, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസ് ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളില്‍ പാകിസ്ഥാനിലെ വിവിധ ഭീകരവാദി ക്യാമ്പുകള്‍ തകര്‍ന്നിരുന്നു. ഇന്ത്യന്‍ ആയുധങ്ങളുടെ പ്രഹരശേഷിയും പ്രതിരോധ ഉപകരണങ്ങളുടെ മികവും ലോകത്തിനു കാണിച്ചു കൊടുക്കാനും പാകിസ്ഥാനെതിരായ സൈനികനീക്കത്തിലൂടെ സാധിച്ചു.

ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷ(ഡിആര്‍ഡിഒ)ന്റെയും റഷ്യയിലെ എന്‍പിഒ മഷിനോസ്ട്രോയേനിയയുടെയും സംയുക്ത സംരംഭമാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍. കൃത്യതയും പ്രഹരശേഷിയുമാണ് ബ്രഹ്മോസിന്റെ കരുത്ത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏതു കാലാവസ്ഥയിലും കരയിലും കടലിലും ആകാശത്തും നിന്ന് ഒരുപോലെ ശത്രുരാജ്യത്തിനു മേല്‍ മിസൈല്‍ വര്‍ഷിക്കാന്‍ ബ്രഹ്മോസിന് സാധിക്കും. 290 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി ആക്രമണം നടത്താനാകും. 3,430 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും ഈ മിസൈലിന് ശേഷിയുണ്ട്. ബ്രഹ്‌മോസ് മിസൈല്‍ കയറ്റുമതി വിപുലപ്പെടുത്താനായി ഇന്ത്യ സംയോജന പരീക്ഷണ സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ ബ്രഹ്മോസിനായി സമീപിച്ചിട്ടുണ്ടെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ചെയര്‍പേഴ്‌സണ്‍ സമീര്‍ വി കമ്മത്ത് വെളിപ്പെടുത്തി. വിയറ്റ്‌നാം 700 ദശലക്ഷം ഡോളര്‍ ഇടപാടിനായി മുന്നോട്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022 ല്‍ 375 ദശലക്ഷം ഡോളറിന്റെ കരാറാണ് ഇന്ത്യയുമായി ഫിലിപ്പീന്‍സ് ഒപ്പുവച്ചത്. തുടര്‍ന്ന് 2024 ഏപ്രിലില്‍ ആദ്യഘട്ടം മിസൈലുകള്‍ കൈമാറിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.