12 February 2026, Thursday

Related news

February 12, 2026
January 23, 2026
January 9, 2026
December 29, 2025
November 14, 2025
October 28, 2025
October 26, 2025
October 19, 2025
February 14, 2025
February 9, 2025

നരകതുല്യം ഇന്ത്യൻ നഗരങ്ങൾ; 26 പ്രധാന നഗരങ്ങളിലെ ജനജീവിതം ദുസ്സഹം

Janayugom Webdesk
ന്യൂഡൽഹി
February 12, 2026 8:42 pm

രാജ്യം സാമ്പത്തികമായി വളർച്ച നേടുന്നുവെന്ന അവകാശവാദങ്ങൾക്കിടയിലും ഇന്ത്യയിലെ പ്രധാന നഗരങ്ങൾ വാസയോഗ്യമല്ലാതാകുന്നുവെന്ന് റിപ്പോർട്ട്. മലിനജലം, വായുമലിനീകരണം, തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കാരണം രാജ്യത്തെ 26 പ്രധാന നഗരങ്ങളിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ലൂംബെർഗ് നടത്തിയ സർവേ വ്യക്തമാക്കുന്നു.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതി നേടിയ ഇൻഡോറിൽ പോലും മലിനജലം കുടിച്ച് മുപ്പതോളം പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾ ചികിത്സ തേടുകയും ചെയ്തത് നഗര ഭരണത്തിന്റെ പാളിച്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗുജറാത്തിലെ ഗാന്ധിനഗറിലും സമാനമായ രീതിയിൽ പൈപ്പ് ലൈൻ ചോർച്ച മൂലം മലിനജലം കലരുകയും നിരവധി പേർക്ക് ടൈഫോയ്ഡ് ബാധിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മാത്രം പഴക്കമുള്ള പൈപ്പ് ലൈനുകൾ വഴിയുള്ള മലിനജല ഉപയോഗം കാരണം 5,500 പേർക്കാണ് വിവിധ രോഗങ്ങൾ ബാധിച്ചത്. ഡല്‍ഹിയാകട്ടെ വായു മലിനീകരണത്തിന്റെ കൂടി തലസ്ഥാനമായി മാറി.
നഗരങ്ങളിലെ ഭരണസംവിധാനമായ മുൻസിപ്പൽ കോർപ്പറേഷനുകൾ നാഥനില്ലാ കളരിയായി മാറിയതാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണം. മുംബൈ, ബംഗളൂരു തുടങ്ങിയ വൻകിട നഗരങ്ങളിൽ കൃത്യമായ ഇടവേളകളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. വർഷങ്ങളായി തെരഞ്ഞെടുപ്പ് നടക്കാതിരുന്ന ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) സുപ്രീം കോടതി ഇടപെടലിന് പിന്നാലെയാണ് കഴിഞ്ഞ മാസം വോട്ടെടുപ്പ് നടന്നത്.
ഐടി നഗരമായ ബംഗളൂരുവിൽ 2015‑ന് ശേഷം തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഈ വർഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഇപ്പോൾ കർശന നിര്‍ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ 17 സംസ്ഥാനങ്ങളിലായി 61 % നഗരസഭകളിലും തെരഞ്ഞെടുപ്പ് വൈകുകയാണെന്ന് സന്നദ്ധ സംഘടനയായ ജനാഗ്രഹ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾ ഇല്ലാത്തതിനാൽ കേന്ദ്ര‑സംസ്ഥാന ഫണ്ടുകൾ വിനിയോഗിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇതിനിടയിൽ നഗര വികസനത്തിനുള്ള വിഹിതം കേന്ദ്ര ധനമന്ത്രാലയം വെട്ടിക്കുറച്ചത് പ്രതിസന്ധി വര്‍ധിപ്പിച്ചു. നഗര പുനരുജ്ജീവനത്തിനുള്ള ധനസഹായം 20 ശതമാനമായും ഗതാഗതത്തിനുള്ള വിഹിതം 60 ശതമാനമായും കുറച്ചു. സാധാരണക്കാർക്കുള്ള ഭവന നിർമ്മാണ സഹായം 6 ശതമാനമായാണ് വെട്ടിക്കുറച്ചത്.
ശുദ്ധവായുവും ശുദ്ധജലവും ഉറപ്പാക്കുന്നതിൽ ഇന്ത്യൻ നഗരങ്ങൾ പരാജയപ്പെട്ടുവെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ലോകത്തിലെ തന്നെ ഏറ്റവും മോശം നഗര പരിതസ്ഥിതികളിലാണ് ഇന്ത്യൻ നഗരവാസികൾ ജീവിതം തള്ളിനീക്കുന്നത്. അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റപ്പെടാത്തതിനാൽ നഗരങ്ങൾ രോഗങ്ങളുടെ പ്രഭവകേന്ദ്രങ്ങളായി മാറുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar