
നിരപരാധികളുടെ ജീവൻ അപഹരിച്ച പഹൽഗാം ഭീകരാക്രമണം രാജ്യ മനഃസാക്ഷിയെ ഞെട്ടിക്കുകയും വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ചെയ്ത നിഷ്ഠുര സംഭവമാണ്. രാജ്യത്തെ ദുഃഖിതരായ മനുഷ്യരെയാകെ ഒന്നിപ്പിച്ച ഈ സംഭവത്തിനുശേഷം കേന്ദ്ര സർക്കാർ, അതിർത്തികടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ നൽകുന്ന പിന്തുണ തുറന്നുകാട്ടുന്ന പ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ശക്തമായ തിരിച്ചടിക്കുശേഷം ഇസ്ലാമാബാദിനെ ആഗോളതലത്തിൽ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഉന്നത നയതന്ത്ര ആക്രമണം ആരംഭിച്ചു. പ്രധാനപ്പെട്ട രാജ്യ തലസ്ഥാനങ്ങളിലേക്ക് സർവകക്ഷി സംഘത്തെ അയച്ച് അന്താരാഷ്ട്ര അഭിപ്രായ സമന്വയത്തിനും തങ്ങളുടെ നിലപാടിന് പിന്തുണ തേടുന്നതിനും ശ്രമിക്കുകയും ചെയ്തു. പാകിസ്ഥാനെതിരെ വിമർശനങ്ങൾ രൂപപ്പെടുത്തുക, അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്), എഷ്യൻ വികസന ബാങ്ക് (എഡിബി) എന്നിവയിൽ നിന്നുള്ള സാമ്പത്തിക സഹായം തടയുക എന്നീ രണ്ട് ലക്ഷ്യങ്ങളായിരുന്നു ഈ ഉദ്യമത്തിനുണ്ടായിരുന്നതെന്ന് വ്യക്തമായിരുന്നു. എന്നാൽ ഇന്ത്യയുടെ നിലപാടിൽ ധാർമ്മിക വ്യക്തതയും ഭീകരത വളർത്തുന്നതിൽ പാകിസ്ഥാൻ പങ്കാളിത്തത്തിന്റെ ശക്തമായ തെളിവുകളും ഉണ്ടായിരുന്നിട്ടും ഈ നയതന്ത്ര പ്രചരണം ശക്തമായ വെല്ലുവിളികളെ നേരിടുകയാണുണ്ടായത്. ഭൗമരാഷ്ട്രീയ നിലപാടുകളാലും തന്ത്രപരമായ താല്പര്യങ്ങളാലും നയിക്കപ്പെടുന്ന വൻശക്തികൾ ഇന്ത്യയുടെ ശ്രമങ്ങളെ പൂർണമായി അംഗീകരിക്കുന്നതിൽ വിമുഖത കാട്ടി. മാത്രമല്ല, സർവകക്ഷി സംഘത്തിന്റെ യാത്രാ പരിപാടിയിൽ നിന്ന് അയൽരാജ്യങ്ങളെ ഒഴിവാക്കുകയും ചെയ്തു. ആ രാജ്യങ്ങൾ ഭീകരാക്രമണങ്ങളെ അപലപിച്ചെങ്കിലും, പാകിസ്ഥാനെക്കുറിച്ചുള്ള ഇന്ത്യൻ നിലപാടിനെ അംഗീകരിക്കുന്നതിൽ മൗനം പാലിക്കുകയാണ് ചെയ്തത്.
ഭരണകക്ഷിയുടെ വികലവും വിഷയങ്ങളെ വഴിതിരിച്ചുവിടുന്നതിനുമുള്ള ശ്രമങ്ങളുടെ പ്രതിഫലനമായാണ് സിപിഐ ഈ പ്രക്രിയയെ വീക്ഷിച്ചുവന്നത്. വിദേശ രാജ്യങ്ങളിലേക്ക് അവരുടെ അനുതാപം പിടിച്ചുപറ്റുന്നതിന് ഉന്നതതല സംഘത്തെ അയയ്ക്കുന്നതിന് സമയം കണ്ടെത്തിയപ്പോഴും രാജ്യത്തെ ഉന്നത ജനാധിപത്യ വേദിയായ പാർലമെന്റ് വിളിച്ചുകൂട്ടി ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യങ്ങൾ, പ്രത്യാഘാതങ്ങൾ, അനന്തരഫലങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിന് കേന്ദ്ര സർക്കാർ തയ്യാറായില്ല. പാർലമെന്റിനെ മനഃപൂർവം മറികടന്നുള്ള ഈ സമീപനം സ്വേച്ഛാപരവും ജനാധിപത്യ സംവിധാനത്തോടുള്ള അവഗണന പ്രതിഫലിപ്പിക്കുന്നതുമാണ്. ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളെ അറിയിക്കുന്നതിനും വിശ്വാസത്തിലെടുക്കുന്നതിനു പകരം, ആഭ്യന്തര സുതാര്യതയെക്കാൾ അന്താരാഷ്ട്ര കാഴ്ചപ്പാടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, തങ്ങളുടെ ആഖ്യാനങ്ങൾ വിദേശരാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് കേന്ദ്രം ശ്രമിച്ചത്.
തന്ത്രപരവും രാഷ്ട്രീയവും പ്രാദേശികവുമായി നിർണായകമായ ഏത് നടപടികളും പാർലമെന്ററി ചർച്ചകൾക്ക് വിധേയമാക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് സർവകക്ഷി സംഘത്തെ അയയ്ക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായെങ്കിൽ ആഗോളതലത്തിൽ ചില രാജ്യങ്ങളെ മാത്രം തെരഞ്ഞെടുത്തതും ജനാധിപത്യ വേദികളെ ഇരുട്ടിൽ നിർത്തിയതും എന്തുകൊണ്ടായിരുന്നു. ഈ ചോദ്യം ഉത്തരമില്ലാതെ കിടക്കുകയാണ്. വിദേശരാജ്യ തലസ്ഥാനങ്ങളെ സ്വന്തം ജനപ്രതിനിധികളെക്കാൾ ബഹുമാനിക്കുന്ന കേന്ദ്ര സമീപനം ജനാധിപത്യ സംവിധാനത്തോടുള്ള അധിക്ഷേപമാണ്. മാത്രമല്ല, സൈനിക വിവരണങ്ങളെയും ബാഹ്യനിലപാടുകളെയും അമിതമായി ആശ്രയിക്കുകയും അതേസമയം കാര്യമായ നയതന്ത്ര നേട്ടങ്ങളുണ്ടാക്കുന്നതിൽ അവർ പരാജയപ്പെടുകയും ചെയ്യുന്നുവെന്നത് സിപിഐ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. 33 രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘങ്ങളെ അയച്ചതിനൊപ്പം തന്നെ ശബ്ദഘോഷത്തോടെയുള്ള മാധ്യമ വാചാടോപവും, അതിതീവ്ര ദേശീയതാബോധം സൃഷ്ടിക്കാനുള്ള നീക്കങ്ങളും പാകിസ്ഥാനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താൻ പോകുകയാണെന്ന അവകാശവാദങ്ങളുമുണ്ടായി.
എന്തായാലും ഇതിന്റെ അനന്തരഫലം വ്യത്യസ്തമായ കഥയാണ് പറയുന്നത്. ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങൾ സന്ദർശിച്ച സംഘത്തിലെ അംഗമായിരുന്ന തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി എത്ര രാജ്യങ്ങൾ ഇന്ത്യക്ക് ശക്തമായ പിന്തുണ നൽകിയെന്ന് ചോദിക്കുകയുണ്ടായി. നമ്മുടെ പ്രതിനിധി സംഘങ്ങൾ വിവിധ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴും വൻ രാഷ്ട്രങ്ങളുമായുള്ള പാകിസ്ഥാന്റെ നയതന്ത്രപരമായ ഇടപാടുകൾ തുടരുകയായിരുന്നു. അന്താരാഷ്ട്ര സമൂഹം ഫലപ്രദമായ ഉപരോധമേർപ്പെടുത്താനോ സാമ്പത്തിക സഹായം നിർത്തലാക്കുന്നതിനോ തയ്യാറായതുമില്ല. ഇന്ത്യ ആക്ഷേപമുന്നയിച്ചതിനിടയിലും അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) അവർക്ക് സഹായം നൽകി. സഹായം മരവിപ്പിക്കുന്നതിന് പകരം ഏഷ്യൻ വികസന ബാങ്ക് (എഡിബി) അവരുടെ വികസന പദ്ധതികൾക്കുള്ള പിന്തുണ തുടരുകയും ചെയ്തു. ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ ഇന്ത്യക്ക് യഥാർത്ഥത്തിൽ പരിമിതമായ സ്വാധീനമേ ഉള്ളൂവെന്നാണ് ഈ സംഭവവികാസങ്ങൾ തുറന്നുകാട്ടുന്നത്. സ്ഥിരമോ പ്രശ്നാധിഷ്ഠിതമോ ആയ ആഗോള സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന വസ്തുതയെ ഇത് എടുത്തുകാണിക്കുന്നുവെന്നതും പ്രധാനമാണ്.
ഇന്ത്യയുടെ വിശദീകരണങ്ങൾ നയതന്ത്രപരമായ പങ്കാളി തന്നെ അട്ടിമറിച്ചു എന്നതാണ് അതിലും ആശങ്കാജനകം. ഇന്ത്യ — പാക് സംഘർഷം പരിഹരിച്ചതിന്റെ മേന്മ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏറ്റെടുത്തു. ഉഭയകക്ഷി തർക്കമായി ചിത്രീകരിച്ച പ്രശ്നം രാജ്യത്തിന്റെ നിയമാനുസൃത പ്രതിരോധ നടപടിയുടെ ഭാഗമായാണെന്ന ആഖ്യാനം ഇതിലൂടെ തകർക്കപ്പെടുകയാണുണ്ടായത്. ഇത്തരം പ്രസ്താവനകൾ ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തെ എടുത്തുകാണിക്കുന്നതിനുപകരം, രാജ്യം ബാഹ്യശക്തികൾക്ക് വഴങ്ങുന്ന പ്രാദേശിക ശക്തിയെന്ന നിലയിലേക്ക് അധഃപതിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കി. നയതന്ത്രപരമായി സംഭവിച്ച ഈ നാണക്കേട് ഇന്ത്യൻ സര്‍ക്കാരിന് പരിഹരിക്കാനായില്ലെന്ന് മാത്രമല്ല, വിദേശനയ പ്രചരണം വിജയകരമായെന്ന അവകാശവാദത്തെ കൂടുതൽ ദുർബലപ്പെടുത്തുകയും ചെയ്തു. നിലവിലുള്ള ഭരണകൂടത്തിൻകീഴിലുള്ള ഇന്ത്യൻ നയതന്ത്രത്തിന്റെ നിർണായകമായ മാറ്റത്തെയാണ് ഈ സംഭവങ്ങൾ പ്രതീകവൽക്കരിക്കുന്നത്. സത്തയെക്കാൾ പ്രദർശനപരതയ്ക്കും സമവായത്തിനപ്പുറം ഏകപക്ഷീയതയ്ക്കും ആഭ്യന്തര ജനാധിപത്യ പ്രക്രിയകളെക്കാൾ വിദേശ അംഗീകാരത്തിനും മുൻഗണന നൽകുന്ന ഒന്ന്.
ഭീകരതയ്ക്കെതിരായ പോരാട്ടം യാഥാർത്ഥ്യമാകണമെന്നും ഈ പോരാട്ടം സാഹസികതയോ സ്വേച്ഛാധിപത്യമോ പ്രകടിപ്പിക്കാനുള്ള വഴിയായി മാറരുതെന്നും ജനാധിപത്യ ചർച്ച, പ്രാദേശിക നയതന്ത്രം, സമാധാനം, നീതി എന്നിവയിൽ അധിഷ്ഠിതമായ സ്വതന്ത്ര വിദേശനയത്തിന് പകരമാകാൻ സൈനികതയ്ക്കോ ആഗോള ഉപജാപങ്ങൾക്കോ സാധിക്കില്ലെന്നുമുള്ള സിപിഐയുടെ ദീർഘകാല നിലപാട് ഉറപ്പിക്കപ്പെടുകയാണിവിടെ. പ്രതീകാത്മക അന്താരാഷ്ട്ര ഇടപെടലുകളിലൂടെ ശക്തി തെളിയിക്കാനും ആഭ്യന്തര ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുമുള്ള സർക്കാർ ശ്രമം, ദേശീയ ഐക്യത്തെയും ആഗോള വിശ്വാസ്യതയെയും ദുർബലപ്പെടുത്തുന്ന അപകടകരമായ പാതയുമാണ്.
കൂടാതെ, ആഭ്യന്തര വിയോജിപ്പുകളെ നിശബ്ദമാക്കുകയും വിമർശകരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുകയും, വിഷയം പാർലമെന്റിൽ അവതരിപ്പിക്കാൻ വിസമ്മതിക്കുകയും ചെയ്തപ്പോഴും എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരു വിദേശരാജ്യ പ്രചരണത്തിനായി ഒന്നിപ്പിച്ചുവെന്ന സർക്കാർ അവകാശവാദം പൊള്ളയാണെന്നതിലും സംശയമില്ല. യഥാർത്ഥവും ജനാധിപത്യപരവുമായ വിദേശനയം ആഭ്യന്തര ജനാധിപത്യ സമവായത്തിലൂടെയാണ് രൂപംകൊള്ളേണ്ടത്. പാർലമെന്റ് വിളിച്ചുകൂട്ടി ചർച്ച ചെയ്യുന്നതിൽ നിഷേധാത്മക നിലപാടെടുത്ത കേന്ദ്ര സർക്കാർ, സമാധാനകാംക്ഷികൾ, പ്രാദേശിക വിദഗ്ധർ, പ്രതിപക്ഷ നേതാക്കൾ എന്നിവരുടെ ബദൽ ശബ്ദങ്ങൾ ഇന്ത്യയുടെ പ്രതികരണങ്ങളിൽ ഉൾക്കൊള്ളിക്കുന്നതിനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്തത്.
ഉന്നതതല പ്രതിനിധി സംഘങ്ങൾ, മാധ്യമ അതിവൈകാരികതാ പ്രകടനം, പാകിസ്ഥാനെ ഒറ്റപ്പെടുത്തിയെന്ന പൊള്ളയായ അവകാശവാദം എന്നിങ്ങനെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ നയതന്ത്ര നടപടികൾ പൂർണ പരാജയമായെന്നാണ് തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. സൈനിക നടപടികളെ അർത്ഥവത്തായ നയതന്ത്ര ഫലങ്ങളാക്കുന്നതിൽ നിലവിലെ സർക്കാരിന്റെ കഴിവില്ലായ്മയെയും ഇത് പ്രതിഫലിപ്പിക്കുന്നു.
ഏറ്റവും പ്രധാനമായി, ജനാധിപത്യ സംവിധാനങ്ങളെ മറികടന്ന് വിദേശത്ത് നിയമസാധുത തേടുകയും അതേസമയം സ്വദേശത്ത് സമവായം നിഷേധിക്കുകയും ചെയ്യുന്ന അസ്വസ്ഥജനകമായ രീതിയും ഇതിലൂടെ വെളിപ്പെടുന്നു. വിദേശനയത്തോടുള്ള ഏകപക്ഷീയ സമീപനം തള്ളിക്കളയാനും ജനാധിപത്യ സംവിധാനം, സമാധാനം, തത്വാധിഷ്ഠിത നയതന്ത്രം എന്നിവയിലേക്ക് തിരിച്ചുവരണമെന്നുമുള്ള ആവശ്യം നേടിയെടുക്കുന്നതിനുള്ള പ്രവർത്തനത്തിൽ എല്ലാ ജനവിഭാഗങ്ങളും പങ്കുവഹിക്കണമെന്നാണ് ഈ സാഹചര്യത്തിൽ സിപിഐ ആഹ്വാനം ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.