
ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്ലിന് നേട്ടം. എട്ട് സ്ഥാനങ്ങളുയര്‍ന്ന ഗില്‍ 22-ാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ പ്രകടനമാണ് ഗില്ലിന് നേട്ടമായത്.
ഇന്ത്യയുടെ മറ്റു താരങ്ങളായ അഭിഷേക് ശര്‍മ്മ ഒന്നാം സ്ഥാനവും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എട്ടാം സ്ഥാനവും നിലനിര്‍ത്തി. ഗില്ലിന് 920 റേറ്റിങ് പോയിന്റാണുള്ളത്. രണ്ടാമതുള്ള ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടിന് 849 റേറ്റിങ് പോയിന്റുണ്ട്. ഓസീസിനെതിരായ അവസാന മത്സരത്തില്‍ ഇറങ്ങാതിരുന്ന തിലക് വര്‍മ്മ രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായി അഞ്ചാം സ്ഥാനത്തേക്ക് വീണു.
ശ്രീലങ്കയുടെ പതും നിസങ്ക ഒരു സ്ഥാനമുയര്‍ന്ന് മൂന്നാമതും ഇംഗ്ലണ്ടിന്റെ ജോസ് ബട്ലര്‍ നാലാം സ്ഥാനത്തേക്കുമുയര്‍ന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രം കളിച്ച മലയാളി താരം സഞ്ജു സാംസണ്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 39-ാം സ്ഥാനത്താണിപ്പോള്‍. വിന്‍ഡീസ് താരം റോവ്‌മാന്‍ പവല്‍ നാലു സ്ഥാനം മെച്ചപ്പെടുത്തി 30-ാം സ്ഥാനത്തെത്തി. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ന്യൂസിലാന്‍ഡ് താരം ടിം റോബിന്‍സാണ് പുതിയ റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത്. 18 സ്ഥാനങ്ങള്‍ കുതിച്ച റോബിന്‍സണ്‍ 23-ാം സ്ഥാനത്തെത്തി. ശ്രീലങ്കയുടെ കുശാല്‍ പെരേര രണ്ട് സ്ഥാനങ്ങളുയര്‍ന്ന് ഏഴാമതെത്തി.
ബൗളിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓസ്ട്രേലിയയ്ക്കെതിരായ പ്രകടനം രക്ഷയായി. 780 റേറ്റിങ് പോയിന്റാണ് വരുണിനുള്ളത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ ഒരു സ്ഥാനമുയര്‍ന്ന് രണ്ടാം സ്ഥാനത്തായി. 701 റേറ്റിങ് പോയിന്റാണ് റാഷിദിനുള്ളത്. ന്യൂസിലാന്‍ഡിന്റെ ജേക്കബ് ഡഫിയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ആറ് സ്ഥാനങ്ങള്‍ കുതിച്ച ജേക്കബ് മൂന്നാം സ്ഥാനത്താണിപ്പോള്‍. ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക, ഇംഗ്ലണ്ടിന്റെ ആദില്‍ റാഷിദ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. വെസ്റ്റിന്‍ഡീസിന്റെ അകേല്‍ ഹൊസൈന്‍ നാല് സ്ഥാനങ്ങള്‍ നഷ്ടമായി ആറാം സ്ഥാനത്തേക്ക് വീണു. ഇന്ത്യയുടെ അക്സര്‍ പട്ടേല്‍ രണ്ട് സ്ഥാനങ്ങള്‍ കുതിച്ച് 15-ാം സ്ഥാനത്തേക്ക് വീണു.
ഏകദിന റാങ്കിങ്ങിലും ഇന്ത്യന്‍ ആധിപത്യം തുടരുന്നു. രോഹിത് ശര്‍മ്മ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ വിരാട് കോലി ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് നാലാമത്. 781 റേറ്റിങ് പോയിന്റാണ് രോഹിത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇബ്രാഹിം സദ്രാന് 764 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിന്റെ ഡാരില്‍ മിച്ചലിന് 746 പോയിന്റുമാണുള്ളത്. ഒമ്പതാം സ്ഥാനത്തുള്ള ശ്രേയസ് അയ്യരാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. 14 സ്ഥാനം മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തേക്ക് ഉയര്‍ന്ന പാക് താരം സല്‍മാന്‍ ആഗയാണ് ഏറ്റവുമധികം നേട്ടം കൊയ്ത താരം.
അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ബൗളിങ് റാങ്കിങ്ങില്‍ തലപ്പത്ത്. ഇന്ത്യയുടെ കുല്‍ദീപ് യാദവ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കുയര്‍ന്നു. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും കുല്‍ദീപാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.