
കാൽപന്തിന്റെ ചലനങ്ങൾ ലോകമാകെയുള്ള ജനങ്ങളുടെ സിരകളിൽ ആവേശത്തിന്റെ ഓളം വിതച്ചു കൊണ്ടിരിക്കുന്നു. ലോകമേധാവിത്വത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എല്ലാമേഖലകളിൽ നടന്നു കൊണ്ടിരിക്കുന്നു. 48 ടീമുകൾ മുഖ്യധാരയിലെത്തുമ്പോൾ പുതിയ രാജ്യങ്ങൾ നിർണായക ഘടകമായി മാറും. ഫുട്ബോൾ കളിയിൽ ആർക്കും 100 ശതമാനം ജയം ഉറപ്പിക്കാൻ കഴിയില്ലല്ലോ. അർജന്റീന ചാമ്പ്യൻ ടീമാണ്, അതിലെ മിക്കകളിക്കാരും പുതിയ ടീമിലും വരും. നായകൻ മെസി തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. ഇതിനിടയിൽ ആണ് ലോകഫുട്ബോൾ റാങ്ക് ലിസ്റ്റ് പുറത്തു വന്നത്. ഒന്നാം റാങ്ക് സ്പെയിനിനാണ്. രണ്ടാം സ്ഥാനത്തു അർജന്റീന. മൂന്നു ഫ്രാൻസ്, അഞ്ചാം സ്ഥാനത്താണ് ബ്രസീൽ. തൊട്ടു മുന്നിൽ പോർച്ചുഗൽ ഉണ്ട്. റാങ്ക് നോക്കിമാത്രം ടീമുകളുടെ ബലാബലം നിശ്ചയിക്കാൻ പറ്റുകയില്ല. ഒന്നും രണ്ടും സ്ഥാനക്കാരുടെ ബലാബലം ഫിഫകപ്പിന് മുമ്പ് തന്നെ കാണാൻ കഴിയും. അർജന്റീന, സ്പെയിൻ ടീമുകൾ നേരിടുന്ന പ്രധാന മത്സരം മാർച്ചിൽ നടക്കും. ഇരുടീമുകൾക്കും ഉള്ള ബലവും ബലക്ഷയവും നേരിട്ട് കാണുന്ന മത്സരമായിരിക്കും അത്. അർജന്റീനയുടെ പ്രതീക്ഷയും വിശ്വാസവും മെസി തന്നെയാണ്. റാങ്ക് ലിസ്റ്റിൽ മോറാക്കോയും കുറസാവൊയും ജോർദാനും ഒക്കെ നിലമെച്ചപ്പെടുത്തിയതായി കാണാം. ഇന്ത്യയുടെ നില പരിതാപകരമായി തുടരുകയാണ്. നമ്മുടെ റാങ്ക് 142ആണ്. പുതുതായി വന്ന രാജ്യങ്ങൾ ഇടിച്ചു കയറി റാങ്ക് പിടിച്ചെടുക്കുമ്പോൾ നമ്മുടെ കഥയിൽ ഒരു മാറ്റവുമില്ല. അതും 211 രാജ്യങ്ങളിൽ 142 എന്ന വലിയ രാജ്യം ഇന്ത്യയാണ്. ലോക ഫുട്ബോളിൽ അര നൂറ്റാണ്ട് മുമ്പ് ഇന്ത്യ സ്കോറിങ്ങിലെ ബലഹീനതയൊഴിച്ചാൽ നന്നായി കളിക്കുന്ന ടീമായിരുന്നു. 50ൽ ഏഷ്യൻ മേഖലയിൽ നിന്ന് എന്‍ട്രി കിട്ടിയിട്ട് കളിക്കാൻ പോകാതിരുന്നതിന്റെ നഷ്ടബോധം നമ്മെ അലട്ടുന്നില്ല. എന്നാൽ 86ലെ മെക്സിക്കോ ലോകകപ്പിൽ ഏഷ്യൻ മേഖലയിൽ നന്നായി കളിച്ചിട്ടും ഒരു ഗോളിന്റെ വ്യത്യാസത്തിൽ പുറകിലായ കഥയും ചരിത്രത്തിലുണ്ട്. അന്ന് ഗ്രൂപ്പ് ബിയിലായിരുന്നു ഇന്ത്യ. ഹോം മത്സരങ്ങളിൽ തോൽക്കാതെ നിന്ന ഇന്ത്യക്ക് ഗോൾ സ്കോറിങ്ങിന്റെ ദൗർബല്യമാണ് തിരിച്ചടിയായത്. അന്ന് ഇന്തോനേഷ്യയോട് ഒരു ഗോളിന് തോറ്റത് കൊണ്ട് ഒന്നാം സ്ഥാനം പോയി. അന്ന് ജയിച്ചിരുന്നെങ്കിൽ 24ൽ ഒന്നാകാൻ നമുക്ക് കുഴിയുമായിരുന്നു. ഇപ്പോൾ അഞ്ച് ലക്ഷം ജനസംഖ്യയുള്ള രാജ്യവും റാങ്ക് ലിസ്റ്റിൽ 80ൽ നിൽക്കുമ്പോൾ നമുക്ക് പഴയപ്രതാപത്തിന്റെ ഓർമ്മതാളുകൾ മറിച്ചു നോക്കി കഴിയാം. ഇത്രമാത്രം ഇന്ത്യൻ ഫുട്ബോൾ ദുർബലമായിരുന്നിട്ടും നമ്മുടെ അസോസിയേഷൻ ഭരണാധികാരികൾ നിശ്ചലവ്യായാമത്തിലാണ്.
ലോകമാകെ നിരവധി ഫുട്ബോൾ കളികൾ നടക്കുന്നു. ഓരോ മേഖലയിലും പ്രധാന കളികളാണ് നടക്കുന്നത്. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലും അറബ് മേഖലയിലും അമേരിക്കയിലും തകൃതിയായി കളിനടക്കുന്നു. ഇന്ത്യക്ക് ഇതുപോലുള്ള മത്സരമായിരുന്നു ഐഎസ്എൽ. ഏറ്റവും ഒടുവിൽ അതും നടക്കുമെന്ന് ഉറപ്പില്ലാതെ വന്നിരിക്കുന്നു. എന്നിട്ടും അസോസിയേഷൻകാർ കുലുക്കമില്ലാതെ ഇരിക്കുകയാണ്. രാജ്യത്തിന്റെ യശസ് വളർത്തിയെടുക്കാൻ ഉത്തരവാദപ്പെട്ട ആളുകളാണ് ഫെഡറേഷനുകളുടെ ചുമതലവഹിക്കേണ്ടത്. ഓരോ ചെറിയ രാജ്യവും ലോകജനതയുടെ മുമ്പിൽ അവരുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി അഭിമാനം കൊള്ളുമ്പോൾ ഇന്ത്യൻ ഭരണാധികാരികൾക്ക് ഇതൊന്നും അറിയേണ്ട കാര്യമില്ല എന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. അസോസിയേഷന്റെ സ്ഥിതി വളരെ മോശമായപ്പോൾ നേരത്തെ ഫിഫയുടെ ഇടപെടൽ വന്നിട്ടു പോലും കായിക മന്ത്രാലയം ഇടപെട്ടില്ല എന്ന യാഥാർത്ഥ്യം നമ്മുടെ മുമ്പിലുണ്ട്. കേസും വഴക്കും നടക്കുന്നത് അധികാര കസേരയ്ക്ക് വേണ്ടി മാത്രമാണ്. അവർക്ക് കളിയോടോ രാജ്യത്തിന്റെ യശസിനോടോ ഒരു താല്പര്യവുമില്ല എന്ന നിലയിലാണ് എഐഎഫ്എഫിന്റെ പോക്ക്. ഫ്രാഞ്ചൈസികളും അസോസിയേഷനും തമ്മിലുള്ള തർക്കം തുടർന്നുപോയാൽ ഐഎസ്എൽ നടക്കാതെ വരുമെന്നാണ് സ്ഥിതി. ഈ ഘട്ടത്തിലും ചില ഇടപെടൽ കോടതി നിയോഗിച്ച സംഘത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുവെന്നത് ആശ്വാസകരമാണ്.
ഏറ്റവും പുതിയ വാർത്തയനുസരിച്ച് ഫെബ്രുവരിയിൽ ഐഎസ്എൽ തുടങ്ങാൻ പറ്റുമെന്ന് കരുതുന്നു. ഐഎസ്എൽ നടക്കൂമ്പോൾ നിരവധികളിക്കാരുടെ ഭാവികൂടി അതിന്റെ കൂടെ ചേരുന്നുണ്ട് എന്നുകൂടി കാണണം. മാത്രമല്ല, നമ്മുടെ കളിക്കാരുടെ കളിമികവ് ലോകത്തോളം എത്താനുള്ള സന്ദർഭം കൂടിയായി മാറുകയാണ്. കേരള ബ്ലാസ്റ്റേഴ്സിനെ ലോകമറിഞ്ഞതും ആരാധകശൃംഖല വർധിച്ചതും ഐഎസ്എൽ വഴിയായിരുന്നു.
ഇന്ത്യൻ ഫുട്ബോൾ രംഗം നിരാശയുടെ നിഴലിലാകുന്നത് ലോകകപ്പ് നടക്കുന്ന വർഷമാണ്. 2026ൽ ലോകം കാത്തിരിക്കുന്ന മഹാപൂരം മൂന്നുരാജ്യങ്ങളിലായി നടക്കുകയാണ്. ഫുട്ബോൾ കളിയെ സ്നേഹിക്കുന്ന ജനകോടികളും പങ്കെടുക്കാൻ സന്ദർഭം ലഭിച്ച 48 രാജ്യങ്ങളും ഒരുക്കത്തിലുമാണ്. ഇതിനിടയിൽ പ്രധാനരാജ്യങ്ങളിൽ വിജയകിരീടത്തിനുള്ള മത്സരങ്ങൾ വാശിയോടെ നടക്കുന്നു. ലാ ലിഗയിൽ ബാഴ്സലോണയും റയൽ മാഡ്രിഡും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ബാഴ്സയാണ് ഇപ്പോൾ മുന്നിൽ, പോയിന്റിൽ വലിയ വ്യത്യാസമില്ല. ഏറ്റവും ഒടുവിൽ നാലു പോയിന്റ് അകലത്തിലാണ് റയൽ. യൂറോപ്പിൽ വളരെ പ്രധാനമാണ് ലാലിഗ. പ്രീമിയർ ലീഗും യുവേഫ ചാമ്പ്യൻസ് ലീഗും കടുത്ത മത്സര വേദികളാണ്. പ്രീമിയർ ലീഗിൽ ആഴ്സണൽ മുന്നിൽ തന്നെയാണ്. കരബാവോ കപ്പിൽ ചെൽസിയും ആഴ്സണലും സെമിയിൽ പോരാട്ടത്തിനൊരുങ്ങുന്നു. ഇറ്റാലിയൻ സൂപ്പർ കപ്പിൽ നാപോളി കിരീടം നേടി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം ലക്ഷ്യം വച്ചു നീങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ആസ്റ്റൺ വില്ലയ്ക്ക് മുന്നിൽ തോൽവി സമ്മതിക്കേണ്ടിവന്നു. വില്ല 2–1നാണ് യുണൈറ്റഡിനെ തകർത്തു വിട്ടത്. ആഫ്രിക്കൻ നേഷനൽ കപ്പ് ഫുട്ബോൾ ലോകം ശ്രദ്ധിക്കുന്ന നിലയിലേക്ക് വന്നിരിക്കൂകയാണ്. മൊറോക്കയും ഈജിപ്തും വിജയവഴിയിലൂടെ മുന്നേറുന്നു. മൊറോക്കോ ഉദ്ഘാടന മത്സരത്തിൽ കോമറോസിനെയാണ് ഇരട്ടഗോളുകൾക്ക് തോല്പിച്ചത്. സൂപ്പർ സ്റ്റാർ ബ്രാഹിം ഡയസിന്റെ ഗോളിലാണ് തുടക്കം. ഇപ്പോൾ മൊറോക്കോ ആഫ്രിക്കൻ മേഖലയിലെ അജയ്യരായി മുന്നേറുകയാണ്. 19 കളികളിലും തോൽക്കാതെയാണ് യാത്ര. ഈജിപ്തിന്റെ കളിയെപ്പോലും പിന്നിലാക്കാൻ അവർക്ക് ശേഷിയുണ്ടെന്ന് മൈതാനത്ത് കാണിക്കുകയാണ് മൊറോക്കോ. മുഹമ്മദ് സലായുടെ കളിയഴകും സ്കോറിങ് മികവും പരിചയമുള്ള ആരാധകർക്ക് ബ്രാഹിം ഡയസ് പുതിയ അനുഭവമാണ്. മൊറോക്കോയുടെ സാന്നിധ്യം ലോകഫുട്ബോളിൽ തന്നെ വലിയ ചർച്ചയാണ്. വളരെക്കാലം മുമ്പ് ലോകഫുട്ബോളിലെ കറുത്ത കുതിരകളാണ് മോറോക്കോ. ഫുട്ബോൾ റാങ്കിങ് വന്നപ്പോൾ മൊറോക്കോ ആദ്യ പത്തിൽ വരുമെന്ന് നിരീക്ഷകർ കരുതിയതാണ്. പക്ഷെ വന്നില്ല. കാരണം പലതാകാം. ജർമ്മനി ഒമ്പതും ക്രൊയേഷ്യ 10ഉം റാങ്കിൽ നിൽക്കുന്നു. ഇനിയുള്ള തയ്യാറെടുപ്പുകൾ എല്ലാം ഫിഫ കപ്പ് കൂടി മുന്നിൽ കണ്ടു കൊണ്ടാണ്.
ലോകഫുട്ബാൾ ഗോദയിൽ പന്ത് തട്ടിയാൽ തന്നെ താരത്തിന്റെ വാല്യു കൂടും. ബ്രസീലിന്റെ ലോകതാരം നെയ്മർ കഴിഞ്ഞ ദിവസം പറഞ്ഞത് എനിക്ക് ലോകകപ്പിൽ ബ്രസീലിന് വേണ്ടി കളിക്കാനുള്ള സന്ദർഭമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ്. പരിക്കിന്റെ ആക്രമണത്തിൽ കളിമുടങ്ങുന്ന പതിവുള്ള നെയ്മർ ഇപ്പോൾ സ്വന്തം നാട്ടിൽ സാന്റോസിൽ കളിക്കുകയാണ്. ഈ സീസണിൽ സാന്റോസിനെ തരംതാഴ്ത്തലിൽ നിന്ന് രക്ഷിച്ചത് നെയ്മറാണ്. അദ്ദേഹം ഹാട്രിക് നേടിയ കളിയോടെയാണ് ടീം രക്ഷപ്പെട്ടത്. കളിയിൽ പഴയ ഫോം തന്നെ തനിക്കുണ്ടെന്ന് ജനങ്ങൾക്ക് മുന്നിൽ കാണിച്ചു കൊടുത്തു. വീണ്ടും പരിക്ക് പറ്റി ഒരു വലിയ സർജറി നടന്നു. പഴയനിലയിലേക്ക് കടന്നു വരാമെന്ന ശുഭപ്രതീക്ഷയിലാണദ്ദേഹം. എന്നാൽ നെയ്മർ ടീമിൽ ഉൾപ്പെടാനുള്ള ചാൻസ് പറയാറായിട്ടില്ല. ഫിറ്റ്നസ് ആശ്രയിച്ചിരിക്കും. നെയ്മറുടെ തിരിച്ചു വരവ് ലോകമാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ബ്രസീൽ ടീമിന്റെ കരുത്തു നെയ്മറിലാണെന്ന് ആരാധകർ കരുതുന്നു. എന്തായാലും കോച്ചും സർക്കാരും കനിഞ്ഞാലേ നെയ്മറുടെ തിരിച്ചുവരവ് നടക്കുകയുള്ളു. കാരണം, വലിയ ഓഫർ നൽകി കോച്ചിനെ വിളിച്ചപ്പോൾ നൽകിയ എഗ്രിമെന്റ് ഫിഫ കപ്പ് ബ്രസീലിൽ എത്തിക്കണം എന്നാണെന്ന് അന്ന് വാർത്തയായിരുന്നു. പരിക്ക് രോഗം തുടർന്നില്ലെങ്കിൽ നെയ്മർ എന്ന ഫുട്ബോൾ ഇതിഹാസം മെസിയും റൊണാൾഡോയെയും പോലെ ലോകം കണ്ട ഏറ്റവും മികച്ച താരം തന്നെയാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഡ്രിബ്ലർ ആണെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. വിജയകരമായ ഡ്രിബ്ലിങ് നടത്തിയ ലോക റെക്കോഡിൽ ഒന്നാം സ്ഥാനത്തു നെയ്മർ തന്നെയാണ്. 2017ൽ നെയ്മർ നേടിയ ഡ്രിബ്ലിങ് റെക്കോഡ് ഇന്നോളം ആർക്കും ഭേദിക്കാൻ പററിയില്ല. 335 എണ്ണമാണ് വിജയകരമായി അദ്ദേഹം നടത്തിയ ഡ്രിബ്ലിങ്. അന്ന് മെസി 260 എണ്ണം മാത്രമാണ്. ഈവർഷമാണ് പിന്നീടു ഡ്രിബ്ലിങ് ശ്രദ്ധിക്കപ്പെട്ടത്. കാരണം, ഇത്തവണ ഏറ്റവും ടോപ്പ് ഡ്രിബ്ലിങ് സ്പെയിനിന്റെ യാമിൻ യമാലിന്റ പേരിലാണ്, 307. ഓരോ കളിക്കാരന്റെയും സവിശേഷതകൾ നിരീക്ഷിക്കാൻ ഫിഫയ്ക്ക് തന്നെ ടെക്നിക്കൽ വിങ്ങുമുണ്ട്. മെസിയേയും റൊണാൾഡോയും പോലെ ലോകം ശ്രദ്ധിച്ച മികച്ച താരമായിരുന്ന നെയ്മർ. പിഎസ്ജിയിൽ ഏറ്റവും വിലകൂടിയതാരമായിരുന്നു. അദ്ദേഹം. ഡ്രിബ്ലിങ്ങിലൂടെ ഡിഫൻസിനെ കീറിമുറിക്കുന്ന നെയ്മർക്ക് എതിരാളികളുടെ കടുത്ത ഫൗൾ ഏൽക്കേണ്ടിവന്നിട്ടുണ്ട്. സ്വന്തം നാട്ടിൽ തന്നെ ലോകകപ്പിൽ കടുത്ത ഫൗളിൽ പുറത്തു പോകേണ്ടി വന്ന ദുഃഖകരമായ ഓർമ്മ മനസിൽ കാണുമായിരിക്കും. ഇത്തവണത്തെ ലോകകപ്പിൽ ബ്രസീൽ കൂടുതൽ കരുത്തോടെ വരുമെന്നും ടീമിൽ നെയ്മറുണ്ടാകുമെന്നും ആരാധകർ പ്രതീക്ഷിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.