
ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ നാഥനില്ലാ കളരിയുടെ അവസ്ഥയിലാണ്. ഐഎസ്എൽ മത്സരങ്ങൾ എന്ന് നടക്കുമെന്നോ, എന്താണ് നിശ്ചലമായതെന്നോ പറയുന്നതിന് ഉത്തരവാദിയില്ലാത്ത അവസ്ഥയിലാണ്. ഒരു ദശകമായി നടന്നു വരുന്ന ഒരു ടൂർണമെന്റ് പെട്ടെന്ന് നിശ്ചലമാകുമ്പോൾ അതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളാണ് നിലനിൽക്കുക. കളിക്കാർക്കുണ്ടാവുന്ന അനിശ്ചിതാവസ്ഥ വളരെ വലുതാണ്. അവർക്ക് ഒഴിവാകുന്ന കാലത്തേക്ക് ഉള്ള വരുമാനമാർഗം എവിടെ നിന്ന് കിട്ടും. കാരണം ഇത് പ്രൊഫഷണൽ ടീമുകളല്ലെ, അവയുടെ ഫ്രാഞ്ചൈസികൾ അവർക്ക് കളിയുടെ കാലത്തുള്ള സംവിധാനങ്ങൾ മാത്രമെ നൽകുകയുള്ളു. കളിയില്ലെങ്കിൽ നടക്കില്ല. നിശ്ചലമായ ഫുട്‌ബോൾ രംഗത്തെ ചലിപ്പിച്ചത് ഐഎസ്എൽ മത്സരമാണ്. അതിന് ഫ്രാഞ്ചൈസികളെ സംഘടിപ്പിക്കണമായിരുന്നു. തുടക്കത്തിൽ സച്ചിന്റെ നേതൃത്വത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വന്നപ്പോൾ എല്ലാവരുടെയും മനസിൽ പ്രതീക്ഷയും ആവേശവും ആയിരുന്നു. കേരളത്തിൽ പഴയകാല ഫുട്‌ബോൾ താരങ്ങളും കളി ആരാധകരും ഒരുങ്ങിപ്പുറപ്പെട്ടു. ഏറണാകുളം പ്രധാനപ്പെട്ട മത്സര കേന്ദ്രമായി. സ്റ്റേഡിയത്തിന്റെ അകത്ത് ജനങ്ങൾ നിറഞ്ഞു കവിഞ്ഞു. വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന പ്രാദേശിക തലം വിട്ടു കളി വന്നപ്പോൾ ആളുകൾ തീർത്ഥയാത്ര പോലെ കളികാണാനെത്തി. കളിയിൽ തന്നെ മിക്സഡ് പ്ലയേഴ്സ് ഇവിടത്തെ കളിക്കാരെ ഉന്നത മത്സരങ്ങൾക്ക് പ്രാപ്തരാക്കി.
ഇന്ത്യൻ ഫുട്ബോളിലെ പഴയകാലത്തെ പല മത്സരങ്ങളും അപ്രസക്തമായി. ഇതിൽ നമുക്ക് ഗുണപരമായ ഭാഗമാണ് പ്രധാനമെന്ന് വന്നു. ദൃശ്യമാധ്യമങ്ങളിൽ കാണുന്ന കളികൾക്ക് തുല്യമായി അതിവേഗതയിലുള്ള പാസുകളും മനോരമായ ഡ്രിബ്ലിങ്ങും നമ്മുടെ ചെറുപ്പക്കാർ പ്രയോഗിച്ചു തുടങ്ങി. ഫുട്‌ബോൾ കളിച്ചു ജീവിതം കലക്കേണ്ട എന്ന ചിന്തയിൽ നിന്നും മാറി കളിയിൽ ചെറുപ്പക്കാർ വന്നു തുടങ്ങി. കളിക്കാർക്ക് വരുമാനം നൽകുവാൻ ഫ്രാഞ്ചൈസികളുടെ സംവിധാനങ്ങളുണ്ട്. സംസ്ഥാന സർക്കാർ ജോലി നൽകുന്നുമുണ്ട്. പ്രൊഫഷണൽ സംവിധാനത്തിൽ കളിക്കുന്നവർക്ക് സാമാന്യ വേതനമുണ്ട്. നല്ല മറ്റു സൗകര്യങ്ങളുമുണ്ട്. ഇത്രയും വലിയ സംവിധാനമാണ് ഇതിന് പിന്നിലുള്ളത്. അവയെല്ലാം ഏതാണ്ട് നിശ്ചലമായിരിക്കുകയാണ്. ഇവിടെയാണ് നമ്മുടെ എഐഎഎഫിന്റെ പിടിപ്പുകേട് കാണുന്നത്. ഓരോന്നിന്റെയും പ്രവർത്തനം നിരീക്ഷിച്ചു കാര്യങ്ങൾ നടത്താനുള്ള ഉത്തരവാദിത്തം ഇതിന്റെ ലീഡർഷിപ്പിനില്ലെ, അവർ ഒരു മറുപടിയും പറയുന്നില്ല. കേരളം ഉൾപ്പെടെ നാലു സംസ്ഥാന ഘടകങ്ങൾ അവർക്ക് ഉൽക്കണ്ഠ പ്രകടിപ്പിച്ചു കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ ഇത്രയും പിറകോട്ട് പോയിട്ടും നമ്മുടെ ഭരണത്തലവന്മാർക്ക് ഒരു ചലനവും ഇല്ലല്ലോ. അന്വേഷിക്കാൻപോലും താല്പര്യമില്ല. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഇങ്ങനെ ഒരു സംഭവം നടക്കില്ല. നടത്തിയെങ്കിൽ ഏത് വലിയ സ്ഥാനത്തിരിക്കുന്ന ആളായാലും ഇരുമ്പഴിക്കുള്ളിലാകും. ഒരു രാജ്യത്തിന്റെ വളർച്ചയ്ക്ക് വളരെ പ്രധാനമാണ് യുവജനങ്ങൾ. അവരുടെ വളർച്ചയിൽ മുഖ്യ പങ്ക് വഹിക്കേണ്ടത് ഭരണകൂടമാണ്. അവർ അതിന് വേണ്ടി നടത്തുന്ന പ്രധാന പ്രവർത്തനം കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുമാണ്. ചുരുങ്ങിയ പക്ഷം ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തിചോദ്യം ചെയ്യണം. ഫുട്‌ബോളിൽ 133ൽ നമ്മൾ താഴ്ന്ന് പോയിട്ടും നേതൃത്വത്തിന് മിണ്ടാട്ടമില്ലല്ലോ.
മെസിയും ക്രിക്കറ്റ് കളിക്കാനെത്തുന്നു എന്ന വാർത്ത മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് പുറംലോകത്തെ അറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റിൽ ഇതിഹാസം സൃഷ്ടിച്ച സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, രോഹിത് ശർമ്മ, ധോണി എന്നീ കളിക്കാരുമായി ചേർന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പ്രദർശന മത്സരങ്ങൾ നടത്തുമെന്നാണ് വാർത്ത. സച്ചിൻ ക്രിക്കറ്റ് ലോകത്ത് ഇതിഹാസം തന്നെയാണ്. മെസി ലോകഫുട്ബോളിലെ രാജസ്ഥാനീയനാണ്. അദ്ദേഹം കേരളത്തിൽ വരുമെന്നും ഇവിടെ കളിക്കുമെന്നും നേരത്തെ വാർത്ത വന്നതാണ്. തുടർന്ന് കൊൽക്കത്തയിലാണ് വരികയെന്ന വാർത്തയും വന്നിരുന്നു. മെസിക്ക് ഏറ്റവുമധികം ആരാധകരുള്ള നാടാണ് കേരളം. കഴിഞ്ഞ ലോകകപ്പിൽ പുഴയുടെ മധ്യത്തിൽ 25 അടിയുള്ള മെസിയുടെ ദീർഘകായ ഫ്ലക്സ് ബോർഡ് വച്ചത് ഇവിടെയാണ്. ലോകമാകെ വാർത്താ മീഡിയയിൽ ഇതൊക്കെ അന്ന് വന്നതാണ്. ഇപ്പോൾ 2026ൽ വീണ്ടും ലോകകപ്പ് വരുന്നു. നമുക്ക് 2030ൽ ലോകകപ്പ് കളിക്കാൻ എന്‍ട്രി കിട്ടുമെന്ന് പറഞ്ഞവർ ഒളിവിലാണ്. 133-ാം റാങ്കിൽ നാണംകെട്ട് നിൽക്കുന്ന അവസ്ഥ വരുത്തിവെച്ചവരാണവർ. ഇന്ത്യക്കാർക്ക് അതിനൊന്നും പറ്റില്ല എന്ന ധാരണയുമുണ്ട്. മെസിയുടെ വരവ് ക്രിക്കറ്റും ഫുട്‌ബോളും തമ്മിലുള്ള വൈകാരിക ബന്ധം ദൃഢപ്പെടുത്തുവാൻ ഉപകരിക്കും. ക്രിക്കറ്റിന് ഏറെ താല്പര്യമുള്ളവരും ഫുട്‌ബോൾ ആവേശത്തോടെ സ്വീകരിക്കുന്നവരുമാണ് ഇന്ത്യക്കാർ. ബ്രിട്ടീഷ് അധിനിവേശത്തോടൊപ്പം അവർ കൊണ്ട് വന്നതാണ്. ക്രിക്കറ്റും ഫുട്ബോളും രണ്ടും ഇന്ത്യയിൽ വെള്ളക്കാരുടെ സംഭാവനയാണ്. തലശേരിയിൽ ക്രിക്കറ്റ് ബോളും ബാറ്റുമായി സായ്പന്മാർ വന്നു. അവർക്ക് കളിക്കാൻ നമ്മുടെ നാട്ടുകാരുടെ സഹായം വേണം. അങ്ങനെയാണ് തലശേരിയിലെ സാധാരണക്കാർ ക്രിക്കറ്റ് കളിക്കുന്നത് പഠിച്ചത്. ഇതുതന്നെയായിരുന്നു ഫുട്ബോളിന്റെ കാര്യത്തിലും. പക്ഷെ ഒരു വ്യത്യാസം മാത്രം. ഫുട്‌ബോളിലെ കളികൾ നടന്നത് മിക്ക സ്ഥലത്തും മിലിട്ടറി ഗ്രൗണ്ടിൽ ആയിരുന്നു. കണ്ണൂരിൽ ബ്രൂട്ട് സായ്പാണ് ഫുട്‌ബോൾ കൊണ്ട് വന്നത്. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിലെ പ്രൊഫസർ ഒരു സായ്പ് ആയിരുന്നു. അദ്ദേഹം രാജ്യത്ത് പോയി തിരിച്ചു വരുമ്പോൾ അരഡസൻ പന്തുമായിട്ടാണ് ഇവിടെ എത്തിയത്. ഫുട്‌ബോളും ക്രിക്കറ്റും നമ്മുടെ അതിഥികളാണെന്ന് മറക്കരുത്. ഇപ്പോൾ രണ്ടു ഗെയിമിന്റെയും മഹാപ്രതിഭകളാണ് നമ്മുടെ രാജ്യത്ത് യോജിച്ചു സൗഹൃദ മത്സരം നടത്തുന്നത്. ഇന്ത്യയിൽ മെസി വരുന്നത് ജനങ്ങൾ ആവേശത്തോടെ സ്വീകരിക്കും. ദൃശ്യമാധ്യമങ്ങളിൽ മാത്രം കണ്ടു ആരാധിക്കുന്ന ലോകതാരത്തെ ജനങ്ങൾ ആവേശത്തോടെ തന്നെ സ്വീകരിക്കും. ലോകഫുട്ബോളിൽ ടൂർണമെന്റുകളുടെ ഇടവേളയായിരുന്നു. എന്നാൽ കളിക്കാരും ക്ലബ്ബുകളും ഈ സമയം വെറുതെ ഇരിക്കുകയല്ല. പ്രധാന ടീമുകളെല്ലാം സൗഹൃദമത്സരങ്ങളിലാണ്. ടീമിന്റെ കെട്ടുറപ്പും സബ്സ്റ്റിറ്റ്യൂട്ടുകളെ ഫലപ്രദമായി ഉപയോഗിക്കാനുള്ള തന്ത്രങ്ങളും ഈ മത്സരങ്ങളിൽ കൂടി കൃത്യതയാകും.
മെസി കേരളത്തിൽ വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. അന്താരാഷ്ട്ര ഏജൻസികളാണ് അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടു പരിപാടികൾ തയ്യാറാക്കുന്നത്. നമ്മുടെ നാട്ടിൽ വരുമെന്ന് വാക്ക് തന്നവർ മാറിയാൽ നമ്മൾ നിസഹായരാണ്. നാലുദിവസത്തെ ഇന്ത്യൻ പര്യടനമാണ് ഇപ്പോൾ പുറത്തു വന്ന പരിപാടിയിൽ ഉള്ളത്. അതിൽ കേരളം കാണുന്നില്ല. ഒരുപാട് കൊതിച്ച മെസിയുടെ ആരാധകർക്ക് നേരിട്ട് കാണുവാനുള്ള അസുലഭ സന്ദർഭമാണ് നടക്കാതെ പോകുന്നത്. ഇത്തവണ വന്നില്ലെങ്കിൽ അടുത്ത വർഷവും ഇങ്ങോട്ടുണ്ടാവില്ല. കാരണം, 2026ലെ വേൾഡ്കപ്പിന്റെ സമയമാകും. മെസി മാത്രം തീരുമാനിക്കുന്നതല്ല പരിപാടികൾ. അതുകൊണ്ട് നമുക്ക് സമാധാനമായിരിക്കാം. അടുത്ത ലോകകപ്പിൽ കൂടി കിരീടം ചുടി ലോകഫുട്ബോൾ രാജകുമാരൻ കേരളത്തിൽ വരുമ്പോൾ നമുക്കു ആഘോഷപൂർവം സ്വീകരിക്കാം. ആരാധകലോകത്ത് ഏറെ സംതൃപ്തമായ ജനതതിയുടെ നാടാണ് നമ്മുടെത്. ദൈവത്തിന്റെ സ്വന്തം നാട് ഫുട്‌ബോൾ ആരാധകരുടെ ആവേശം ഏറ്റവുമധികം പുറംലോകത്തെത്തിയ നാട്. ലോകമാകെ അറിയുന്ന വസ്തുതയാണ് കേരളത്തിന്റെ ഫുട്‌ബോൾ ആരാധന. സമൂഹമാധ്യമങ്ങളിലും മറ്റു വാർത്ത മാധ്യമങ്ങളും അത് ലോകത്തെ അറിയിക്കുന്നു. അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷനും ഫിഫയും ഇത് അറിയുന്നുണ്ട്. അവിടത്തെ ജേർണലുകൾ ഇത് പ്രസിദ്ധീകരിക്കുന്നുമുണ്ട്. കേരളത്തിലെ ഫുട്‌ബോൾ വളർച്ചയ്ക്ക് വേണ്ടി നമുക്കു നന്നായി പ്ലാന്‍ ചെയ്തു പ്രവർത്തിക്കാം.
കേരളം സ്പോർട്സ് കാര്യത്തിൽ മാതൃകാപ്രവർത്തനം നടത്തുന്ന സംസ്ഥാനമാണ്. ഇവിടെ സർക്കാരും സ്പോർട്സ് കൗൺസിലും വിവിധസംഘടനകളും പരസ്പരം ബന്ധപ്പെട്ട് പരിപാടികൾ തയ്യാറാക്കുകയാണ്. ക്രിക്കറ്റ്, ഫുട്‌ബോൾ രംഗത്ത്, വളരെ ശ്രദ്ധേയമായ പരിപാടികളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം ആരംഭിച്ച കേരള ക്രിക്കറ്റ് ലീഗ് ജനശ്രദ്ധ ആകർഷിക്കുന്ന നിലയിലെത്തി. ആദ്യ പതിപ്പിൽ സഞ്ജു സാംസൺ, ജലജ് സക്സേന എന്നിവർ ഇല്ലായിരുന്നു. പുതിയ കളിയിൽ അവരെല്ലാം സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ തവണ കൊല്ലം വിജയികളായി. ഇത്തവണ താരബലത്തിൽ കൊച്ചി മുന്നിലാണ്. ലേലം വിളിയിൽ പുതിയ തലമുറയ്ക്കും സംതൃപ്തി ആണ്. നേരത്തെ പണമില്ലാതിരുന്നാൽ ആരും സഹായിക്കില്ല. ഇപ്പോൾ ഒരു കാര്യം ബോദ്ധ്യമായി. കളിക്കാർക്ക് പണവും പരിചരണവും കിട്ടും, അങ്ങനെ വന്നാൽ അവൻ നന്നായി സ്വന്തം പങ്ക് നിർവഹിക്കും. ഓഗസ്റ്റ് 21ന് തുടങ്ങി സെപ്റ്റംബർ ആറിന് ഫൈനലോടെ തിരശീലവീഴും. കെസിഎൽ മത്സരങ്ങളോടെ നാട്ടിൽ ചെറിയരീതിയിലുള്ള പ്രാദേശിക മത്സരങ്ങൾ നടക്കുന്നുണ്ട്. അവിടെ ഒക്കെ നന്നായി കളിക്കുന്ന കുട്ടികൾക്ക് ഇവിടെ അവസരങ്ങൾ കിട്ടും. ഇതുപോലെയുള്ള മത്സരമാണ് കെഎസ്എൽ എന്ന പേരിൽ ഫുട്ബോളിൽ നടക്കുക. പ്രധാന കേന്ദ്രങ്ങളിൽ നേരത്തെ നടന്നിരുന്ന ഓൾ ഇന്ത്യ ടൂർണമെന്റ് പോലെ ഇതിന് പ്രചാരണം കിട്ടും. രണ്ടാം പതിപ്പായി കെഎസ്എല്ലും നടത്തുവാൻ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം തന്നെയാണ് കോളീജിയറ്റ് ടൂർണമെന്റുകൾ നടത്താനുള്ള നടപടികൾ. അതിൽ ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ്, തുടങ്ങിയ ഗെയിമുകൾ നടക്കും. കേരളം എല്ലാകാര്യങ്ങളും കൃത്യതയോടെയാണ് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.